ചാർളിയിൽ ദുൽഖറിന് പകരകക്കാരൻ ആയ കഥ പറഞ്ഞ് ഹക്കിം ഷാജഹാൻ!  പഴയകാല പ്രണയവും പുതിയ കാലഘട്ടത്തിലെ പ്രണയവും ഒരുപോലെ പറഞ്ഞ പ്രണയവിലാസത്തിൽ പ്രേക്ഷകർക്ക് കൂടുതൽ ഫീൽ ചെയ്തത് വിനോദിന്റെ പ്രണയവും കാത്തിരിപ്പും ഓർമ്മകളും തന്നെ ആയിരുന്നു.വിനോദ് ആയി ഹക്കിം ഷാജഹാൻ വേഷമിട്ടപ്പോൾ വിനോദിന്റെ പ്രണയിനി ആയ അനുശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അനശ്വര രാജൻ ആയിരുന്നു.അനശ്വരയും ഹക്കീമും തമ്മിലുള്ള ഓൺ സ്ക്രീൻ കെമസ്ട്രി ആയിരുന്നു ചിത്രത്തിലെ പ്രധാന ആകർഷണം. ഹക്കീം ഷാജഹാന്റെ കരിയറിലെ മികച്ച കഥാപാത്രമായി എന്നും അടയാളപ്പെടുത്താൻ കഴിയുന്ന ഒന്നാണ് രണ്ട് ഗെറ്റപ്പിൽ ഹക്കീം എത്തിയ വിനോദ് എന്ന കഥാപാത്രം. സിനിമയുടെ ഫ്ലാഷ് ബാക്കിൽ ആദ്യം ചെറുപ്പക്കാരനായ, പ്രസരിപ്പോടെ തലയുയർത്തി നടന്നിരുന്ന സഖാവ് വിനോദിനെയും അയാളുടെ പ്രണയവും ഹക്കിം മനോഹരമാക്കിയെങ്കിൽ അതിനേക്കാൾ മനോഹരമായി പ്രേക്ഷകരുടെ ഉള്ളുലയ്ക്കാൻ നോട്ടത്തിലും ഭാവത്തിലും നടപ്പിൽ പോലും മാറ്റവുമായി ഹക്കിം ചെയ്ത മധ്യവയസ്കനായ വിനോദിനും കഴിഞ്ഞു.





പ്രണയ വിലാസത്തിനു ശേഷം ഹക്കീം ക്ലബ് എഫ് എമ്മിന് നൽകിയ ഒരു അഭിമുഖത്തിൽ താൻ മുൻപ് ചെയ്‌ത സിനിമകളെ കുറിച്ചും തന്റെ അഭിനയ ജീവിതത്തിലേക്കുള്ള കടന്നു വരവിനെ കുറിച്ചും സംസാരിക്കുന്നതിനിടയിൽ ദുൽഖർ സൽമാൻ നായകനായ ചാർളി എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് ഹക്കീം തുറന്ന് പറയുകയാണ്.
 "ദുൽഖറിന്റെ അതേ ഫിഗറും അതേ ഹൈറ്റും ഉള്ള ഒരാൾ വേണം, ഷോൾഡറിന് സജഷൻ കൊടുക്കാൻ ഒക്കെ കൃത്യമായ ഒരാൾ. ദുൽഖർ ഇല്ലാത്ത സാഹചര്യങ്ങളിൽ വണ്ടി ഓടിച്ചു പോകുന്ന സീൻ ഒക്കെ വരുമ്പോൾ ദുൽഖർ ആണെന്ന് തോന്നണം അതിനു പറ്റിയ ഒരാൾ ഞാൻ ആയിരുന്നു ഭാഗ്യം കൊണ്ട്. അങ്ങനെ ഹെൽമറ്റും വച്ച് കോസ്റ്റ്യൂംസും ഇട്ട് ഞാൻ ബൈക്ക് ഓടിച്ചു പോകുമ്പോൾ ആൾക്കാർ വിചാരിക്കും ദുൽഖർ ആണെന്ന്. കാരണം ഇതൊക്കെ വൈഡ് ഷോട്ടുകൾ ആണ്. ഇതിനൊന്നും ദുൽഖറിന്റെ ആവശ്യം ഇല്ല. അങ്ങിനെ ദുൽഖറിന് പാക്കപ്പ് ഒക്കെ പറഞ്ഞതിന് ശേഷം വരുന്ന ഇതുപോലെ ഉള്ള സീനിൽ ഒക്കെ ഞാൻ ആയിരുന്നു.





ചാർളിയിൽ ഏകദേശം 60 ഷോട്ടിൽ ഒക്കെ ഉണ്ട് ഞാൻ ഇങ്ങനെ ദുൽഖറിന് പകരം.കുതിരയുടെ കൂടെ ഓടുന്ന സീൻ ഉണ്ട്, അന്ന് ദുൽഖറിന്റെ കാൽ സ്‌പ്രെയിൻ ആയിരിക്കുവായിരുന്നു.ഓടാൻ പറ്റില്ലായിരുന്നു, കുതിരയുടെ ഒപ്പം ഓടിയെത്തണ്ടേ, രണ്ടുംകൽപ്പിച്ച് ഞാൻ ഓടി.ഫസ്റ്റ് ദുൽഖറിന്റെ ഒപ്പം ടെസ ബൈക്കിൽ വന്നിറങ്ങുന്ന സീനിൽ ഒക്കെ ദുൽഖറിന് പകരം ഞാൻ ആണ്". വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.അപ്പോൾ ചാർളി ഇങ്ങേരുടെ പടം ആണല്ലേ എന്നാണ് ആരാധകർ തമാശയായി പറയുന്നത്.



വേറെ ലെവൽ ആക്ടർ ആണെന്നും പ്രണയവിലാസം പൊളിച്ചു എന്നും നാളെ മച്ചാനും മറ്റൊരു അപരൻ വരട്ടെ, ഉറപ്പായും ഹക്കിം നിന്റെ ഡേറ്റ് കാത്തു മലയാളം സിനിമാ ഇൻഡസ്ട്രി നിൽക്കുന്ന കാലം ദേ അടുത്ത് വന്നിരിക്കുന്നു എന്നും ആരാധകർ പറയുന്നു. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ഹക്കീം ആദ്യമായി അഭിനയിക്കുന്നത്. അതിനു ശേഷം മാർട്ടിൻ പ്രക്കാട്ടിൻ്റെ തന്നെ ചാർളിയിൽ സഹ സംവിധായകനായി പ്രവർത്തിക്കുകയായിരുന്നു.

Find out more: