ന്യൂഡല്‍ഹി > മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശയിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പുവച്ചു. ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കേന്ദ്രത്തിന് നല്‍കിയിരുന്നു. ഗവര്‍ണറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിസഭയും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയത്. തെരഞ്ഞെടുപ്പ്‌ ഫലം വന്ന്‌ 19‐ാം ദിവസമാണ്‌ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നിലവിൽ വരുന്നത്‌. മഹാരാഷ്‌ട്ര നിയമസഭ മരവിപ്പിച്ചു.

 

നേരത്തെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനായുള്ള ഗവര്‍ണര്‍ ഭഗത് സിങ് കോശ്‌യാരിയുടെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്‌. യോഗത്തിന് ശേഷം ബ്രിക്‌സ് ഉച്ചകോടിക്കായി മോഡി ബ്രസീലിലേക്ക് പോയി. രാഷ്ട്രപതി ഭരണത്തിനു ശുപാർശ ചെയ്ത്‌ റിപ്പോർട്ട് നൽകിയെന്നു സ്ഥിരീകരിച്ച് ഗവർണറുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രധാനമന്ത്രി വിളിച്ച അടിയന്തിര കേന്ദ്രമന്ത്രിസഭാ യോഗം രാഷ്ട്രപതി ഭരണം സംബന്ധിച്ച ശുപാർശ അംഗീകരിക്കുകയായിരുന്നു.

 

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് മൂന്നാഴ്‌ചയോളമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്‌. അനിശ്ചിതാവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമാണ് ഗവര്‍ണറുടെ നിര്‍ദ്ദേശത്തിലുള്ളത്. 288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ് - 44 എന്നിങ്ങനെയാണ് കക്ഷി നില. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയുമായി ശിവസേന തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

 

കേന്ദ്രസർക്കാരിലെ ശിവസേന പ്രതിനിധി അരവിന്ദ്‌ സാവന്ത്‌ മന്ത്രിസ്ഥാനം രാജിവച്ചതോടെ 30 വർഷത്തെ ബിജെപി–ശിവസേന ബന്ധം ഔപചാരികമായി അവസാനിച്ചു. ശിവസേനയുമായി സഹകരിക്കണമെങ്കിൽ അവർ ബിജെപി ബന്ധം പൂർണമായി വേർപെടുത്തണമെന്ന്‌ എൻസിപി ആവശ്യപ്പെട്ടിരുന്നു. ബാൽ താക്കറേ 1966ൽ രൂപംനൽകിയ ശിവസേന 1989ലെ ലോക്‌സഭ, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളിലാണ്‌ ബിജെപിയോട്‌ ആദ്യമായി സഖ്യംസ്ഥാപിച്ചത്‌

మరింత సమాచారం తెలుసుకోండి: