സമസ്ത മേഖലയിലും കോൺഗ്രസിൽ മാറ്റം അനിവാര്യമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. ഗ്രൂപ്പ് രാഷ്ട്രീയമാണ് കോൺഗ്രസിൻറെ അടിത്തറ തകർത്തതെന്നും കാസർകോട് എംപി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുന്നതിനിടെ പാർട്ടിയിൽ സമസ്ത മേഖലയിലും മാറ്റം ആവശ്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനാകാതെ നേതൃത്വം ചർച്ചകൾ തുടരുമ്പോഴാണ് നേതൃത്വത്തിൽ മാറ്റം വേണമെന്ന് ഉണ്ണിത്താൻ പറഞ്ഞിരിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കായി ഉമ്മൻ ചാണ്ടി വാദിക്കുമ്പോൾ കൂടുതൽ എംഎൽഎമാർ വിഡി സതീശനൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനിടെയാണ് നേതാക്കളുടെ പ്രതികരണം.



 പാർട്ടിയോട് കൂറും ആത്മാർഥതയുമുള്ള പുതുതലമുറയെ വളർത്തിയില്ലെങ്കിൽ കേരളത്തിൻറെ അവസാനത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മൻ ചാണ്ടി. ഗുണപരമായ നേതൃ മാറ്റം ഉണ്ടായില്ലെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിക്ക് കേരളത്തിൽ ഒരു ഘടകം ഉണ്ടായിരുന്നെന്ന് ചരിത്രത്തിൽ എഴുതേണ്ടി വരുമെന്നും ഉണ്ണിത്താൻ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച കെ മുരളീധരൻ പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ഈ മാസം 24 ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്നും അതിൽ ആർക്കും ആശങ്ക വേണ്ടെന്നുമാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടി അടിത്തറ ഇല്ലാതായതാണെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് പ്രവർത്തകർ തകർന്ന് തരിപ്പണമായമായിരിക്കുകയാണ്.




അവരെ കൂടുതൽ ക്ഷീണിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത്രയും നാൾ മിണ്ടാതിരുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു. മാത്രമല്ല സംഘടന തലത്തിൽ അഴിച്ചു പണി ആവശ്യമാണ്. ഹൈക്കമാൻഡ് മികച്ച രീതിയിൽ പ്രവർത്തിച്ചെങ്കിലും അത് വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല. കൂട്ടായ പ്രവർത്തനത്തിലൂടെ വേണം പ്രതിസന്ധിയിൽ നിന്നും കരകയറാനെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയെ പരാജയമായി തന്നെ കാണും. വിവേകമാണ് ഇപ്പോൾ പാർട്ടിക്ക് ആവശ്യം. എന്നാൽ കോൺഗ്രസിൽ പദവികൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കുന്ന രീതി ശരിയല്ല. 



പാർട്ടിയിൽ തലമുറ മാറ്റം ആവശ്യമാണെങ്കിൽ മാറി നിൽക്കാൻ താൻ തയ്യാറാണെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത് ആരാകുമെന്ന കാര്യത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ല. ഇക്കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. ആരാണ് പ്രതിപക്ഷ നേതാവ് ആകേണ്ടതെന്ന് എംഎൽഎമാർ പറയും. സംഘടന കാര്യമാണ് മുഖ്യമെന്നും മുരളീധരൻ പറഞ്ഞു.

Find out more: