പുതിയ പാഠങ്ങളും അനുഭവങ്ങളും പകരുന്ന നോളൻ മാജിക്ക്!!!! ഒരു ജീവചരിത്രമായിട്ടും ഓപ്പൺഹൈമറിൽ പ്രേക്ഷകർ ഇത്രത്തോളം പ്രതീക്ഷയർപ്പിക്കുന്നെങ്കിൽ അതിൻ്റെ ഒരേയൊരു കാരണം സംവിധായകൻ ക്രിസ്റ്റഫർ നോളനാണ്. അണുബോംബിൻ്റെ പിതാവെന്ന് വിശേഷിപ്പിക്കുന്ന ജെ റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതമാണ് ഇത്തവണ നോളൻ വെള്ളിത്തിരയിലേക്ക് എത്തിച്ചിരിക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ഓപ്പൺഹൈമറായി എത്തിയത് സിലിയൻ മർഫിയാണ്. റോബർട്ട് ഡൗണി ജൂനിയർ, എമിലി ബ്ലണ്ട്, മാറ്റ് ഡാമൻ, ഫ്ലോറൻസ് പഗ്ഗ്, ജോഷ് ഹാർട്ട്നെറ്റ്, കേസി അഫ്ലെക്, റാമി മാലിക്ക്, കെന്നത്ത് ബ്രനാഗ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരന്നത്. ലോകമെമ്പാടും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഹോളിവുഡ് ചിത്രമാണ് ക്രിസ്റ്റഫർ നോളൻ്റെ 'ഓപ്പൺഹൈമർ'. രണ്ടാം ലോക മഹായുദ്ധത്തിൻ്റെ സമയം ജർമ്മനിയടക്കമുള്ള രാജ്യങ്ങൾ അണുബോംബിൻ്റെ സാധ്യതകൾ മുന്നിൽക്കണ്ടു.





ഉഗ്രസംഹാര ശേഷിയുള്ള അത്തരമൊരു ആയുധം ഹിറ്റ്ലറെപ്പോലൊരാളുടെ കയ്യിൽ കിട്ടിയാലുള്ള അവസ്ഥയെ ഓപ്പൺഹൈമർ ഭയന്നിരുന്നു. അതിനാലാണ് ആണവായുധം കണ്ടെത്താനുള്ള അമേരിക്കയുടെ നീക്കത്തെ അദ്ദേഹം പിന്തുണച്ചത്.മാൻഹാട്ടൻ പ്രോജക്റ്റിൻ്റെ ഭാഗമായി അണുബോംബ് നിർമ്മിച്ചവരിൽ പ്രധാനിയാണ് ഭൗതിക ശാസ്ത്രജ്ഞനായ റോബർട്ട് ഓപ്പൺഹൈമർ.പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ മുന്നേറുന്ന ചിത്രത്തിൻ്റെ ഹൈലൈറ്റ് നോളൻ്റെ അവതരണം തന്നെയാണ്. സിജിഐ-വിഎഫ്എക്സിൻ്റെ അതിപ്രസരം ഇല്ലാതെയൊരുക്കിയ ദൃശ്യങ്ങളിലൂടെ സംവിധായകൻ ശരിക്കും അതിശയിപ്പിക്കുന്നു. നോളൻ ചിത്രങ്ങളെപ്പോഴും പ്രേക്ഷകരെ ഭ്രമിപ്പിക്കുന്നതാണ്. ശാസ്ത്രമെന്ന ഘടകം മാറ്റിനിർത്തിയാൽ സംവിധായകൻ്റെ മുൻ ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ് ഓപ്പൺഹൈമർ.






ഒരു ജീവചരിത്രത്തെ എങ്ങനെയായിരിക്കും സംവിധായകൻ സിനിമയാക്കിയതെന്ന് അറിയാൻ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. പ്രേക്ഷകർക്ക് പ്രഡിക്റ്റ് ചെയ്യാനാകുന്ന വിധത്തിലല്ല ഓപ്പൺഹൈമറിൻ്റെ കഥാഗതി. തുടക്കം മുതൽ അവസാനം വരെ നോൺ ലീനിയറായി സഞ്ചരിക്കുന്ന ചിത്രത്തിൽ പ്രധാനമായും രണ്ട് ധ്രുവങ്ങളാണുള്ളത്. അവയെ കളറായും - ബ്ലാക്ക് ആൻഡ് വൈറ്റായും വേർതിരിച്ചിരിക്കുന്നു. ചിത്രം ആരംഭിക്കുമ്പോൾ അവതമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകില്ല, അതിനായി ക്ലൈമാക്സ് വരെ കാത്തിരിക്കണം. ദൈർഘ്യം കൂടുതലാണെങ്കിലും കാത്തിരിപ്പിനൊടുവിൽ ക്ലൈമാക്സിലേക്ക് എത്തുമ്പോഴാണ് നോളത്തെ തിരക്കഥയുടെ കരുത്ത് തിരിച്ചറിയാനാകുന്നത്! 'അതിഗംഭീരം' എന്നതിനപ്പുറം ഒരു വിശേഷണം കണ്ടെത്തേണ്ടിയിരിക്കുന്നു!







ചിത്രത്തിൻ്റെ ഭൂരിഭാഗവും സംഭാഷണങ്ങളാൽ നിറഞ്ഞതാണ്. അതിൽത്തന്നെ ചോദ്യോത്തരങ്ങളാണ് കൂടുതലും. അതിനാൽ സ്ലോബേൺ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവമായി മാറുമ്പോഴും സാധാരണ പ്രേക്ഷകർക്ക് ചെറിയൊരു ഇഴച്ചിൽ അനുഭവപ്പെട്ടേക്കാം. ഗീതാവാക്യങ്ങളടക്കം ഉൾപ്പെടുന്ന മൂർച്ഛയുള്ള സംഭാഷണങ്ങൾ ലക്ഷ്യത്തിൽ തറയ്ക്കുകയും ചെയ്യുന്നുണ്ട്. ചിത്രത്തിലെ സംഭാഷണങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. നിർണ്ണായക രംഗങ്ങളിൽ അതിസമർത്ഥമായാണ് സംവിധായകൻ സംഭാഷണത്തേയും, പശ്ചാത്തല സംഗീതത്തേയും, ദൃശ്യങ്ങളേയും സമന്വയിപ്പിച്ചത്. അണുബോംബ് പരീക്ഷണത്തിൻ്റെ രംഗമാണ് ചിത്രത്തിൽ കാണാനുള്ള പ്രധാന സംഭവം എന്നൊരു ധാരണയുണ്ടായിരുന്നു, അത് അപ്പാടെ നോളൻ മാറ്റിമറിച്ചു! ഓപ്പൺഹൈമറുടെ സ്വപ്നങ്ങളും, അണുബോംബ് സ്ഫോടനത്തിൻ്റെ സൂചനകളും കൊണ്ട് തുടക്കത്തിൽ തന്നെ നോളൻ കാണികളെ പിടിച്ചിരുത്തും. അതിനുശേഷം ട്രിനിറ്റി ടെസ്റ്റും വലിയൊരു അത്ഭുതമായി സ്ക്രീനിലേക്ക് എത്തിച്ചെങ്കിലും, അതിൽ ഒതുങ്ങുന്നതായിരുന്നില്ല നോളൻ മാജിക്ക്! വലുതായി വലുതായി വരുന്ന തുടർസ്ഫോടനം പോലെ ഒരു ഉഗ്രൻ ക്ലൈമാക്സാണ് സംവിധായകൻ കരുതിയിരുന്നത്.





  

ചരിത്രവുമായി ഇഴപിരിഞ്ഞ് കിടക്കുന്നതിനാൽ ആൽബർട്ട് ഐൻസ്റ്റീൻ അടക്കം പ്രശസ്തരായ ഒട്ടേറെ വ്യക്തികൾ ഓപ്പൺഹൈമറിൽ കഥാപാത്രങ്ങളായി വരുന്നുണ്ട്. സിലിയൻ മർഫി, റോബർട്ട് ഡൗണി ജൂനിയർ എന്നിവരുടെ ഗംഭീര പ്രകടനം ചിത്രത്തിന് വലിയ ഊർജ്ജമാണ് പ്രദാനം ചെയ്തത്. യുവാവായ ഓപ്പൺഹൈമറുടെ സ്വപ്നങ്ങളും, തൻ്റെ കണ്ടെത്തലിലുള്ള ആത്മവിശ്വാസവും, ആശങ്കകളും, പിന്നീടുള്ള കുറ്റബോധവും എല്ലാം മർഫിയുടെ കണ്ണുകളിൽ വ്യക്തമായിരുന്നു. നടൻ്റെ വേറെയും കഥാപാത്രങ്ങൾ ഓർമ്മയിൽ തങ്ങിനിൽക്കുന്നുണ്ടെങ്കിലും, ഓപ്പൺഹൈമർ അതിനേക്കാളൊക്കെ ആഴത്തിൽ പതിഞ്ഞു. ഹോളിവുഡിൽ ഈ ചിത്രമൊരു നാഴികക്കല്ലാകുന്നതിനൊപ്പം നടൻ്റെ പ്രകടനവും കാലം ഓർത്തുവയ്ക്കും. റോബർട്ട് ഡൗണി ജൂനിയറും ഒട്ടും പിന്നിലല്ല. ക്ലൈമാക്സ് ഒക്കെ മികച്ച അനുഭവമായി മാറിയതിൽ നടനും നിർണ്ണായക പങ്കുണ്ട്. എമിലി ബ്ലണ്ട്, മാറ്റ് ഡാമൻ, ഫ്ലോറൻസ് പഗ്ഗ്- എന്നിങ്ങനെചിത്രത്തിൽ അഭിനയിച്ച ഓരോരുത്തരും അവരുടെ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.




  


തിരക്കഥയും അവതരണവും ഏറെക്കുറെ സങ്കീർണ്ണമാണെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ ഇത്തവണ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകില്ല. എന്നിരുന്നാലും അടുത്ത തവണ കാണുമ്പോഴും പുതിയതായി എന്തെങ്കിലും സമ്മാനിക്കാൻ ചിത്രത്തിന് സാധിക്കും. കുറഞ്ഞപക്ഷം നിറങ്ങളിലൂടെ നോളൻ വരച്ചിട്ട കാര്യങ്ങളെങ്കിലും ആശ്ചര്യപ്പെടുത്തും! ദൃശ്യങ്ങൾക്കൊപ്പം ശബ്ദങ്ങളിലൂടെയും ഓപ്പൺഹൈമർ ഞെട്ടിക്കുന്നു. നോളൻ്റെ മുൻ ചിത്രങ്ങളിൽ ഏതെങ്കിലും തീയേറ്ററിൽ ആസ്വദിച്ചിട്ടുള്ളവർക്ക് മനസ്സിലാകും ശബ്ദങ്ങളിലും തെളിയുന്ന മാന്ത്രികത. അത്ഭുതം നിറയ്ക്കുന്ന ദൃശ്യങ്ങൾക്കൊപ്പം ചങ്കിടിപ്പ് നിയന്ത്രിക്കുന്ന പശ്ചാത്തല സംഗീതവും- മറ്റ് ശബ്ദ വിന്യാസങ്ങളും ചേരുമ്പോൾ ലഭിക്കുന്ന തീയേറ്റർ അനുഭവം അവിസ്മരണീയമാണ്. മൂന്ന് മണിക്കൂറിന് മുകളിൽ ദൈർഘ്യമുണ്ടെങ്കിലും ചിത്രത്തിലെ കട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണ്. മൂല്യം ചോർന്നുപോകാതെ കൃത്യതയോടെ അളന്നുമുറിച്ചും, ആശയക്കുഴപ്പം സൃഷ്ടിക്കാതെ കൂട്ടിച്ചേർത്തുമുള്ള എഡിറ്റിംഗ് ചിത്രത്തിൻ്റെ ശക്തി വർദ്ധിപ്പിച്ച പ്രധാന ഘടകങ്ങളിൽ ഒന്നാണ്. സംവിധായകൻ്റെ അവതരണ രീതിക്ക് മികച്ച പിന്തുണയാണ് എഡിറ്ററായ ജെന്നിഫർ ലാമും നൽകിയത്. മികച്ച തിരക്കഥ, മികച്ച പ്രകടനങ്ങൾ, മികച്ച സാങ്കേതിക ഘടകങ്ങൾ, അതി ഗംഭീരമായ അവതരണം -എന്നിങ്ങനെ എല്ലാം ഒത്തുചേർന്ന ഒരു മാസ്റ്റർപീസ് തന്നെയാണ് ഓപ്പൺഹൈമർ.



 


ജീവചരിത്രമാണെന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല, ആരാധകർക്ക് വളരെയധികം ആസ്വദിച്ച് കാണാനാകുന്ന വിധമാണ് ഈ ചിത്രവും ക്രിസ്റ്റഫർ നോളൻ ഒരുക്കിയിട്ടുള്ളത്. ആകർഷണത്വവും പുതുമയും നിറഞ്ഞ മേക്കിംഗിനൊപ്പം ടെക്നോളജിയുടെ ശരിയായ പ്രയോഗത്താൽ ഓരോ തവണയും സംവിധായകൻ പ്രേക്ഷകരുടെ ആസ്വാദന നിലവാരം ഉയർത്തുകയാണ്. സിനിമ മേഖലയിലുള്ളവർക്കും മാതൃകായാക്കാവുന്ന പുതിയ പാഠങ്ങളിലേക്കുള്ള ജാലകങ്ങളാണ് ഓപ്പൺഹൈമറിലൂടെ നോളൻ തുറന്നിടുന്നതെന്ന് നിസംശയം പറയാം. നോളൻ്റെ ആരാധകരല്ലെങ്കിലും, മികച്ച അനുഭവം സമ്മാനിക്കുന്നതിനാൽ ഈ ചിത്രം തീയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.

Find out more: