സിൽവർലൈൻ സർവേ തുടരും; ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച്! പദ്ധതിയുടെ ഡിപിആ‍ർ തയ്യാറാക്കിയത് എങ്ങനെയെന്നത് അടക്കമുള്ള കാര്യങ്ങൾ ബോധിപ്പിക്കണമെന്ന സിംഗിൾ ബെഞ്ചിൻ്റെ നി‍ർദേശവും ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ പദ്ധതിയിക്കെതിരെ പ്രതിപക്ഷം കടുത്ത എതിർപ്പ് തുടരുമ്പോഴും സർവേയുമായി സർക്കാരിനു മുന്നോട്ടു പോകാൻ സാഹചര്യമായി. കെ റെയിൽ സിൽവർലൈൻ പദ്ധതിയുടെ സാമൂഹ്യാഘാത പഠന സർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച് ഉത്തരവ്.  കേന്ദ്രസർക്കാരിൽ നിന്ന് പദ്ധതിയ്ക്ക് തത്വത്തിൽ അനുമതി ലഭിച്ച സാഹചര്യത്തിൽ സാമൂഹികാഘാത പഠനം ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് സർക്കാർ.





   എന്നാൽ കളക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന പഠനത്തിൻ്റെ ഭാഗമായി ഭൂമി അളന്നു തിരിച്ചു കല്ലിടുന്നതിനെതിരെ വിവിധ ജില്ലകളിൽ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിലാണ് പദ്ധതിയ്ക്കതിരെ ഹൈക്കോടതിയിൽ ഹർജി ലഭിച്ചത്. സാമൂഹികാഘാത പഠനം നിർത്തി വെക്കണമെന്നും സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയത് എങ്ങനെയെന്നുള്ള വിവരങ്ങൾ കോടതിയിൽ സമർപ്പിക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിടുകയായിരുന്നു. എന്നാൽ ഈ ഹർജി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ സർവേയുമായി മുന്നോട്ടു പോകാനുള്ള സർക്കാരിനു മുന്നിലുള്ള നിയമതടസ്സം നീങ്ങി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത് അതേസമയം, ഡിവിഷൻ ബെഞ്ചിൻ്റെ വിധിയ്ക്കെതിരെ എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുമെന്ന് സമരസമിതി വ്യക്തമാക്കിയതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്.




  പദ്ധതിയ്ക്കെതിരെ സമരം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, പദ്ധതി ലാഭകരമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സിൽവർലൈൻ പദ്ധതിയുടെ ലാഭക്ഷമത സംബന്ധിച്ച് സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന കണക്കുകൾ വിശ്വസനീയമല്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. സർക്കാരിൻ്റെ വാദങ്ങൾ കണക്കിലെടുക്കാതെ ഏകപക്ഷീയമായ വിധിയാണ് സിംഗിൾ ബെഞ്ച് പുറത്തിറക്കിയതെന്നും സർവേ നിർ‍ത്തിവെച്ചാൽ പദ്ധതിച്ചെലവ് കുത്തനെ ഉയരാൻ കാരണമാകുമെന്നുമായിരുന്നു ഡിവിഷൻ ബെഞ്ചിനു മുന്നിൽ സർക്കാരിൻ്റെ വാദം.




   പദ്ധതിയ്ക്ക് തത്വത്തിലുള്ള അനുമതി മാത്രമാണ് നൽകിയിരിക്കുന്നതെന്നും ഇത് ഡിപിആർ തയ്യാറാക്കുന്നത് അടക്കമുള്ള പ്രാഥമിക നടപടികൾക്കു വേണ്ടി മാത്രമാണെന്നുമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം കോടതിയെ അറിയിച്ചിരിക്കുന്നത്. പദ്ധതിയുടെ സർവേ നടപടികൾക്കും തടസ്സമുണ്ടാകില്ല. എന്നാൽ റെയിൽവേയുടെ ഭൂമിയിൽ കല്ലിടരുതെന്നും അന്തിമ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കരുതെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഡിപിആർ ഇപ്പോഴും റെയിൽവേ ബോർഡിൻ്റെ പരിഗണനയിലാണെന്നും അവർ സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്.

Find out more: