സിൽവർലൈൻ ബഫർ സോണിൽ വ്യക്തത വരുത്തി കെ റെയിൽ! പാതയുടെ ഇരുവശത്തും 10 മീറ്റർ വീതം ബഫർ സോൺ ഉണ്ടാകുമെങ്കിലും അഞ്ച് മീറ്ററിൽ മാത്രമേ നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ടാകൂ എന്ന് കെ റെയിൽ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോർപ്പറേഷൻ ഇക്കാര്യത്തിൽ വ്യക്ത വരുത്തിയത്. കേരള സർക്കാർ വിഭാവനം ചെയ്യുന്ന സിൽവർലൈൻ അതിവേഗപ്പാതയ്ക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ബഫർ സോൺ സംബന്ധിച്ച് വ്യക്തത വരുത്തി കെ റെയിൽ. ഇന്ത്യൻ റെയിൽവേ ലൈനിൻ്റെ ഇരുവശത്തും 30 മീറ്റർ വീതമാണ് ബഫർ സോൺ ഏർപ്പെടുത്തുന്നതെന്നും എന്നാൽ സിൽവർലൈൻ പാതയിൽ 10 മീറ്റർ മാത്രമാണ് ബഫർ സോൺ വേണ്ടി വരികയെന്നും കെ റെയിൽ വ്യക്തമാക്കി.
പാതയുടെ ഇരുവശത്തും 10 മീറ്റർ ബഫർ സോൺ ആയി പ്രഖ്യാപിക്കുമെങ്കിലും പാതയോടു ചേർന്നുള്ള ആദ്യ അഞ്ച് മീറ്ററിൽ മാത്രമേ നിർമാണ പ്രവർത്തനങ്ങൾക്ക് പൂർണ നിയന്ത്രണം ഉണ്ടാകുകയുള്ളൂ. ബാക്കി അഞ്ച് മീറ്ററിൽ മുൻകൂർ അനുമതി വാങ്ങി നിർമാണം നടത്താമെന്ന് കെ റെയിൽ വ്യക്തമാക്കി. ഭാവി വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പാതയുടെ ഇരുവശത്തും ബഫർ സോൺ സ്ഥാപിക്കുന്നത്. ഈ പ്രദേശത്ത് നിർമാണപ്രവർത്തനങ്ങൾക്ക് മുൻകൂട്ടി അനുമതി വാങ്ങിക്കേണ്ടതുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 200 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ യാത്ര സാധ്യമാക്കാനാണ് സംസ്ഥാന സർക്കാർ കെ റെയിൽ സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.
എന്നാൽ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനു മുന്നോടിയായി ഭൂമി അളന്നു തിരിച്ചു കല്ലിടുന്നതിനെതിരെ കോൺഗ്രസിൻ്റെയും ബിജെപിയുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. സിൽവർലൈൻ പദ്ധതിയുടെ ഡിപിആറിലെ ബഫർ സോൺ സംബന്ധിച്ച് പരാമർശങ്ങൾ പുറത്തുവന്നതോടെ ഇതും വിവാദവിഷയമായി. ബഫർ സോൺ ഭൂമിയ്ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നതാണ് പ്രധാന ആരോപണം. ഇത്തരത്തിൽ ബഫർ സോൺ ഏർപ്പെടുത്തുന്നത് റെയിൽവേയ്ക്ക് മാത്രമല്ലെന്നും ദേശീയപാതകൾക്ക് അഞ്ച് മീറ്റർ ബഫർ സോൺ ഉണ്ടെന്നും കോർപ്പറേഷൻ വിശദീകരിച്ചു. സംസ്ഥാന പാതകൾക്ക് 3 മീറ്റർ പരിധിയിലാണ് നിർമാണത്തിന് വിലക്കുള്ളതെന്നും കോർപ്പറേഷൻ വ്യക്തമാക്കി.
പദ്ധതിയ്ക്കായി കല്ലിടുന്നത് റവന്യൂ വകുപ്പിൻ്റെ ഇഷ്ടപ്രകാരമല്ലെന്നും കെ റെയിൽ ആവശ്യപ്പെട്ടതു കൊണ്ടാമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീഷണിപ്പെടുത്തി ഭൂമി ഏറ്റെടുക്കുന്നത് സർക്കാരിൻ്റെ നയമല്ലെന്നും ഇത് സാമൂഹികാഘാത പഠനത്തിനു വേണ്ടിയാണെന്നും കെ രാജൻ പറഞ്ഞു. സാമൂഹിക ആഘാതപഠനം സിൽവർലൈൻ പദ്ധതിയ്ക്ക് എതിരാണെങ്കിൽ അതിരടയാള കല്ലുകൾ എടുത്തുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സാമൂഹികാഘാത പഠനത്തിനായി കല്ലിടാൻ റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി.
Find out more: