ജന്മദിന സമ്മാനവുമായി മോഹൻലാൽ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒന്നരക്കോടിയുടെ ജീവൻരക്ഷാ ഉപകരണങ്ങൾ! തൻറെ 61-ാം ജന്മദിനമായ ഇന്നാണ് അദ്ദേഹം ഇത് സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. തൻറെ അച്ഛൻറെയും അമ്മയുടേയും പേരിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷൻറെ നേൃത്വത്തിലാണ് ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ഒന്നരക്കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ വിവിധ ആശുപത്രികൾക്കായി നൽകിയിരിക്കുകയാണ് നടൻ മോഹൻലാൽ.
സംസ്ഥാനത്ത് സർക്കാരിന് കീഴിലുള്ള കെ.എ.എസ്.പി (കാരുണ്യ പദ്ധതി) ആരോഗ്യപരിപാലന പദ്ധതിയിൽ ഉൾപ്പെട്ട വിവിധ സർക്കാർ, സ്വകാര്യ, സഹകരണ ആശുപത്രികളിലായി ഇരുന്നൂറോളം ഓക്സിജൻ കിടക്കകൾ, വെൻറിലേറ്റർ സംവിധാനത്തോടു കൂടിയ പത്തോളം ഐ സി യു ബെഡുകൾ, പോർട്ടബിൾ എക്സ്-റേ മെഷീൻ ഇവയും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വിശ്വശാന്തിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജ്, ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ആശുപത്രി, ലക്ഷ്മി ഹോസ്പിറ്റൽസ്, എസ്പി ഫോർട്ട് ഹോസ്പിറ്റൽ, സുധീന്ദ്ര മെഡിക്കൽ മിഷൻ, ആറ്റുകാൽ ദേവി ട്രസ്റ്റ് ഹോസ്പിറ്റൽ, കൃഷ്ണ ഹോസ്പിറ്റൽ, ഭാരത് ഹോസ്പിറ്റൽ, സറഫ് ഹോസ്പിറ്റൽ, സേവന ഹോസ്പിറ്റൽ, ലോർഡ്സ് ഹോസ്പിറ്റൽ, ലേക്‍ഷോർ ഹോസ്പിറ്റൽ, ഗവ.താലൂക്ക് ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലാണ് ഇതുവഴി സഹായമെത്തിക്കുന്നത്.
കാസ്പ് പദ്ധതിയിൽ രോഗികൾക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളാണിവ. കളമശ്ശേരി മെഡിക്കൽ കോളെജിലെ 2 വാർഡുകളിലും ട്രിയേജ് വാർഡുകളിലും ഓക്‌സിജൻ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷൻ മുഖാന്തരം അദ്ദേഹം നൽകിയിട്ടുണ്ട്.ഇവൈ ജിഡിഎസ് (EY GDS), യു.എസ്.ടെക്നോളജീസ് (UST ) എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഒന്നരക്കോടി രൂപയുടെ പദ്ധതി വിശ്വശാന്തി ഫൗണ്ടേഷൻ നടത്തിയിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചിട്ടുള്ളത്.
മുമ്പും കൊവിഡ് പ്രതിരോധത്തിനായി വിവിധ സഹായങ്ങളും മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധികളിലേക്കുമുള്ള സംഭാവനകളും മോഹൻലാൽ നൽകിയിരുന്നു. സിനിമാമേഖലയിലെ തൊഴിലാളികളെ സഹായിക്കുന്നതിനായി ഫെഫ്ക്കയ്ക്ക് പത്ത് ലക്ഷം രൂപയും മുമ്പ് മോഹൻലാൽ നൽകിയിട്ടുമുണ്ട്. കൊവിഡ് രോഗവ്യാപനം അതിതീവ്രമായ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് അവിടുത്തെ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇത്തരത്തിലുള്ള സൌകര്യങ്ങൾ ഒരുക്കുന്നതിന് സഹായം നൽകുന്നതിനായുള്ള പദ്ധതിയും വിശ്വശാന്തി ഫൌണ്ടേഷൻ ആസൂത്രണം ചെയ്ത് വരികയാണ്.
Find out more: