വിഴിഞ്ഞം സമരം ആസൂത്രിതമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരം; വിഡി സതീശൻ! സമരക്കാരുമായി മുഖ്യമന്ത്രി ചർച്ച നടത്തണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയ ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചുള്ള വാക്കൗട്ടിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം സർക്കാരിനെ അട്ടിമറിക്കാനല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഴിഞ്ഞം പുനരധിവാസ പാക്കേജിലെ വ്യവസ്ഥകൾക്ക് അനുസൃതമായി പുനരധിവാസം, ജീവനോപാദികൾ കണ്ടെത്താനുള്ള സഹായം വിദ്യാഭ്യാസ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതിലുള്ള വീഴ്ചയാണ് അടിയന്തിര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.




   എന്നാൽ പദ്ധതി വന്നപ്പോൾ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു വേണ്ടി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിനെ കുറിച്ചാണ് മന്ത്രിമാർ നിയസഭയിൽ സംസാരിച്ചത്. എന്തോ ഔദാര്യം കൊടുത്തെന്ന മട്ടിലാണ് പറയുന്നതെന്ന് വിഡി സതീശൻ വിമർശിച്ചു. സമരം നടക്കുന്നത് കൊണ്ടാണ് വലിയതുറയിലെ സിമെൻറ് ഗോഡൗണിൽ കിടക്കുന്ന പാവങ്ങളെ വാടക വീട്ടിലേക്ക് മാറ്റാമെന്ന് മുഖ്യമന്ത്രിക്ക് ഇന്ന് പറയേണ്ടി വന്നത്. നാലു കൊല്ലമായി ഗോഡൗണിൽ കിടക്കുന്ന ആ പാവങ്ങൾക്ക് വാടക വീട് കൊടുക്കാമെന്ന് സമരത്തിന് മുൻപ് നിങ്ങൾക്ക് തോന്നിയില്ലല്ലോയെന്നും വിഡി സതീശൻ ചോദിച്ചു. വലിയതുറയിലെ ഗോഡൗണിൽ കഴിയുന്നവരുടെ ദയനീയാവസ്ഥ ഇതിന് മുൻപും നിയമസഭയിൽ അവതരിപ്പിച്ചതാണ്. ഇപ്പോൾ അതേക്കുറിച്ച് പറയുമ്പോൾ മന്ത്രി ആൻറണി രാജുവിൻറെ നേതൃത്വത്തിലാണ് പ്രസംഗം തടസപ്പെടുത്താൻ ശ്രമിക്കുന്നത്.




  സമരക്കാരുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയാറാകണം. പാവങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടു വരുന്നത്. എന്നാൽ നിഷേധാത്മകമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിരൂപത നടത്തുന്ന സമരം സർക്കാരിനെ അട്ടിമറിക്കാനല്ല. സമരം ആസൂത്രിതമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണ്. തീരദേശവാസികളുടെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനാണ് അതിരൂപതയുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. പുറത്ത് നിന്ന് ആളെ കൊണ്ടുവന്നാണ് സമരം നടത്തുന്നതെന്ന് പറയുന്നതും ഗൂഡാലോചനയുണ്ടെന്ന് പറയുന്നതും പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 




തുറമുഖ പദ്ധതി പനത്തുറ മുതൽ വലിയവേളി വരെയുള്ള 7876 വീടുകളിൽ മൂവായിരം വീടുകളെ പദ്ധതി ബാധിക്കുമെന്ന് അന്ന് തന്നെ വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥലം ഏറ്റെടുക്കലിനും വീട് നിർമ്മാണത്തിനും 350 കോടിയും ജീവനോപാദിക്ക് 59 കോടിയും ഉൾപ്പെടെ നീക്കിവച്ച് ഉത്തരവിറക്കിയത്. എന്നാൽ ആ പദ്ധതി നടപ്പാക്കാൻ തുടർന്ന് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരുകൾ തയാറായില്ല. അതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. അല്ലാതെ പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ നൽകിയ നഷ്ടപരിഹാര പക്കേജിനെ കുറിച്ചല്ല പറയുന്നത്. ഇത് തന്നെയാണ് അതിരൂപതയും സമരത്തിലൂടെ ഉന്നയിക്കുന്നത്.

Find out more: