അശോക് തൻവാറും കീർത്തി ആസാദും കോൺഗ്രസ് വിടുന്നു! ഇന്ന് ഡൽഹിയിൽ വെച്ച് മമത ബാനർജിയുടെ സാന്നിധ്യത്തിൽ ഇരുവരും തൃണമൂൽ പ്രവേശനം നടത്തുമെന്നാണ് റിപ്പോർട്ട്. മുൻ കോൺഗ്രസ് എംപിയായ അശോക് തൻവാർ രാഹുൽ ഗാന്ധിയുമായി അടുപ്പം പുലർത്തുന്ന നേതാവാണ്. കോൺഗ്രസ് നേതാക്കളായ കീർത്തി ആസാദും അശോക് തൻവാറും തൃണമൂൽ കോൺഗ്രസിലേക്ക്. മുൻ ക്രിക്കറ്റ് താരമായ കീർത്തി ആസാദ് ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസിലെത്തിയത്. 2018ലായിരുന്നു ഇത്. 1983 ൽ ലോകകപ്പ് നേടിയ ക്രിക്കറ്റ് ടീം അംഗമായിരുന്നു അദ്ദേഹം. ധനകാര്യ മന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലിക്കെതിരെ നടത്തിയ വിമർശനങ്ങളെത്തുടർന്നായിരുന്നു ആസാദിനെ ബിജെപി സസ്പെൻഡ് ചെയ്തത്.
നാലു ദിവസത്തെ സന്ദർശനത്തിനായാണ് മമത ബാനർജി ഡൽഹിയിൽ എത്തിയിരിക്കുന്നത്. സാധാരണ ഡൽഹിയിൽ വരുമ്പോഴെല്ലാം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മമത കൂടിക്കാഴ്ച നടത്താറുണ്ട്. എന്നാൽ ഇത്തവണ ഇത് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിലെ ദർഭാംഗ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ആസാദ്. സുശ്മിത ദേവ്, ബാബുൽ സുപ്രിയോ, ലൂസിഞ്ഞോ ഫലൈറോ, ലിയാണ്ടർ പേസ് തുടങ്ങിയവരുടെ തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെയാണ് കൂടുതൽ നേതാക്കൾ പാർട്ടിയിലേക്കെത്തുമെന്ന വാർത്ത പുറത്ത് വരുന്നത്. കോൺഗ്രസ്, ബിജെപി നേതാക്കൾ തൃണമൂലിലേക്കെത്തുന്നത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയ്ക്ക് ഗുണമാകുമെന്നാണ് കരുതപ്പെടുന്നത്. ബിജെപി നേതാവും എംപിയുമായ വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്നും കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.
ഉത്തർപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ നൂറ് സീറ്റിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലീമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. യുപിയിലെ 403 സീറ്റുകളിൽ 100 ഇടത്ത് തങ്ങൾ മത്സരിക്കുമെന്നാണ് ഒവൈസി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ എഐഎംഐഎമ്മിൻറെ കടന്ന് വരവ് യുപിയിൽ മറ്റു രാഷ്ട്രീയ പാർട്ടികളെല്ലാം നെഞ്ചിടിപ്പോടെയാണ് നോക്കി കാണുന്നത്. പ്രത്യേകിച്ച് പ്രതിപക്ഷ പാർട്ടികൾ. ബിഹാറിലേതിന് സമാനമായി എഐഎംഐഎം യുപിയിൽ വോട്ട് പിടിക്കുകയാണെങ്കിൽ അത് പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാനും അത് വഴി എൻഡിഎയ്ക്ക് ഗുണകരമായി തീരുകയും ചെയ്യുമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ഭയക്കുന്നത്.
യുപി നിയമസഭ തെരഞ്ഞെടുപ്പിൽ 100 സീറ്റിൽ മത്സരിക്കുമെന്ന് ലഖ്നൗവിൽ വെച്ചും ഒവൈസി ആവർത്തിച്ചു. "തങ്ങളുടെ പാർട്ടി നിയമസഭയിൽ 100 സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ചു. സഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട് ഒന്നിലധികം പാർട്ടികളുമായി ചർച്ചകൾ നടക്കുകയാണ്. തെരഞ്ഞെടുപ്പിൽ നമ്മൾ വിജയിക്കുമെന്ന് ഉറപ്പാണ്" ഒവൈസി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. യുപിയിൽ ശക്തമായ സ്വാധീനമുള്ള പാർട്ടിയായി എഐഎംഐഎം മാറിയെന്നും തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്ന സാഹര്യത്തിലേക്ക് എത്തിയെന്നും പറഞ്ഞ ഒവൈസി, കൂടുതൽ വോട്ടുകൾ തങ്ങൾ നേടുമെന്നും കൂട്ടിച്ചേർത്തു
Find out more: