തെന്നിന്ത്യ ലക്ഷ്യമാക്കി മമതയുടെ കരുനീക്കം; ഗോവ പിടിക്കാൻ തൃണമൂൽ! ഗോവ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മമത ബാനർജി നടത്തുന്ന പ്രചാരണങ്ങൾക്ക് പിന്നാലെയാണ് എംജിപിയുമായുള്ള സഖ്യം. 2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോഴും എംജിപി അടക്കമുള്ള ചെറുപാർട്ടികളുമായി സഖ്യം രൂപീകരിച്ചാണ് ബിജെപി ഗോവയിൽ അധികാരം പിടിച്ചത്. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗോവയിലെ പ്രാദേശിക പാർട്ടിയും ബിജെപി മുൻ സഖ്യകക്ഷിയുമായ മഹാരാഷ്ട്രവാദി ഗോമന്ദക് പാർട്ടിയുമായി സഖ്യത്തിലേർപ്പെട്ട് തൃണമൂൽ കോൺഗ്രസ്.



    1961ൽ പോർച്ചുഗീസ് ഭരണം അവസാനിച്ചപ്പോൾ ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചത് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയായിരുന്നു. പിന്നീട് ശക്തി ക്ഷയിച്ചെങ്കിലും 2007ൽ കോൺഗ്രസിനോടൊപ്പം സഖ്യത്തിലേർപ്പെട്ടു മത്സരിച്ച എംജിപിയ്ക്ക് 9 ശതമാനം വരെയായി വോട്ടുവിഹിതം ഉയർത്താൻ സാധിച്ചിരുന്നു.ബ്രാഹ്മണരൊഴികെയുള്ള ഹിന്ദുവോട്ടുകളാണ് എംജിപിയുടെ അടിത്തറ. ബിജെപിയുടെ കടന്നുവരവോടെയാണ് എംജിപി തളർന്നു തുടങ്ങിയത്. എന്നാൽ 2017ൽ മൂന്ന് എംഎൽഎമാരുമായി ബിജെപിയ്ക്കൊപ്പം കൂടിയ എംജിപിയ്ക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളും കിട്ടി. എന്നാൽ രണ്ട് എംഎൽഎമാർ രാജിവെച്ച്ബിജെപിയിൽ ചേർന്നതോടെ പാർട്ടിയുടെ അംഗബലം ഒന്നായി ചുരുങ്ങുകയായിരുന്നു.




 നിലവിൽ ഒറ്റ എംഎൽഎ മാത്രമാണുള്ളതെങ്കിലും ഗോവയുടെ രാഷ്ട്രീയചരിത്രത്തിൽ എംജിപിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.  എംജിപിയ്ക്കു പുറമെ കോൺഗ്രസ് വിട്ടു അടുത്തിടെ തൃണമൂൽ കോൺഗ്രസിൽ ചേർന്ന മുതിർന്ന നേതാവും മുൻ രാജ്യസഭാ എംപിയുമായ ലൂസിഞ്ഞോ ഫലേറോയും മമതയ്ക്കൊപ്പമുണ്ട്. എംജിപി തൃണമൂൽ സഖ്യം പ്രഖ്യാപിക്കുന്ന വേദിയിലും ലൂസിഞ്ഞോയുടെ സാന്നിധ്യം ഉണ്ടായിരുന്നു. 2022 ഫെബ്രുവരിയിലാണ് ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി മുൻ ബിജെപി സഖ്യകക്ഷികളായ ഗോവ ഫോർവേഡ് പാർട്ടിയുമായും തൃണമൂൽ നേതാക്കൾ ചർച്ച നടത്തുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.





 വിജയ് സർദേശായിയുടെ നേതൃത്വത്തിലുള്ള ഗോവ ഫോർവേഡ് പാർട്ടിയുമായും തൃണമൂൽ മുൻപ് സഖ്യത്തിനു ശ്രമിച്ചെങ്കിലും സർദേശായി കോൺഗ്രസുമായി കഴിഞ്ഞയാഴ്ച കൈകോർത്തതോടെ മമതയുടെ നീക്കം പാളി. ലോക്സഭാ എംപിയും നടിയുമായ മെഹുവ മോയിത്രയ്ക്കാണ് മമത ബാനർജി ഗോവയുടെ ചുമതല നൽകിയിരിക്കുന്നത്. മുൻപ് ബിജെപിയുമായി കൈകോർത്ത ഗോവ ഫോർവേഡ് പാർട്ടി വീണ്ടും കോൺഗ്രസിനൊപ്പം കൂടുന്നത് രാഷ്ട്രീയനേട്ടം മാത്രം മുന്നിൽ കണ്ടാണെന്നാണ് മെഹുവ ട്വീറ്റ് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ ശക്തമായ ത്രികോണമത്സരത്തിനായിരിക്കും ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുക.  

Find out more: