മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു; കുറിപ്പുമായി മനോജ് കെ ജയൻ! 2016 ജനുവരി 25ന് പുലർച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും നടുക്കി നടിയുടെ വിയോഗ വാർത്ത പുറത്തുവന്നത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദിൽ താമസിക്കുകയായിരുന്ന അവരെ ഹോട്ടലിലാണ് ബോധരഹിതയായി കണ്ടെത്തിയത്. ഹൃദയാഘാതം പ്രേക്ഷകരുടെ പ്രിയനടിയുടെ മരണകാരണമാവുകയായിരുന്നു. മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം ഇപ്പോഴും താൻ അഭിനയിച്ച അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ ജനമനസ്സുകളിൽ ജീവിക്കുന്നുണ്ട്. ഇപ്പോഴിതാ ചരമവാർഷിക ദിനത്തിൽ നടൻ മനോജ് കെ ജെയൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വാക്കുകൾ ശ്രദ്ധ നേടിയിരിക്കുകയാണ്.
മലയാള സിനിമയിൽ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്ന നടി കൽപ്പന വിടവാങ്ങിയിട്ട് ഇന്നേക്ക് ആറ് വർഷങ്ങൾ പൂർത്തിയാവുകയാണ് ''ഓർമ്മപ്പൂക്കൾ, കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം, മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും,സത്യസന്ധമായ…വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു. ഒരുപാട് സ്നേഹത്തോടെ…നിറഞ്ഞ സ്മരണയോടെ പ്രണാമം'', മനോജ് കെ ജയൻ കുറിച്ചിരിക്കുകയാണ്. 'തനിച്ചല്ല ഞാൻ' എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ കൽപ്പന അവിസ്മരണീയമാക്കിയിട്ടുണ്ട്. മൂന്നുറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ളയാളാണ് കൽപ്പന. സിനിമാലോകത്ത് നർമ്മ കഥാപാത്രങ്ങളിലെ ആൺമേൽക്കോയ്മയെ തച്ചുടച്ച നടി കൂടിയാണ് കൽപ്പന.
'ചിന്നവീട്' എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ചു, ചുരിങ്ങിയ കാലം കൊണ്ട് അവർ തെന്നിന്ത്യൻ സിനിമാലോകത്ത് തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. ഹാസ്യം വേഷങ്ങൾ മാത്രമല്ല നിരവധി സിനിമകളിൽ സ്വഭാവ നടിയായും അഭിനയിച്ചു. മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ 'ചാർലി'യാണ് ഒടുവിൽ അഭിനയിച്ച ചിത്രം. ഇതിലെ മേരി എന്ന കഥാപാത്രം ഇന്നും ഏവരുടേയും കണ്ണിൽ നനവു പടർത്തുന്നതാണ്. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഡോക്ടർ പശുപതി, പൂക്കാലം വരവായി, ഉപ്പുകണ്ടം ബ്രദേഴ്‌സ്, കാബൂളിവാല, ഗാന്ധർവം, പൂച്ചയ്ക്കാരു മണി കേട്ടും, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്,
പൈ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്ക്, ചന്ദാമാമ, കണ്ണകി, വിസ്മയത്തുമ്പത്ത്, അത്ഭുതദ്വീപ്, സ്പിരിറ്റ്, ബാംഗ്ലൂർ ഡെയ്സ് തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്. 1965 ഒക്ടോബർ അഞ്ചിന് ജനിച്ച കൽപ്പന ബാലതാരമായിട്ടാണ് സിനിമയിൽ അരങ്ങേറിയത്. നാടകപ്രവർത്തകരായ വി.പി നായരുടേയും വിജയലക്ഷ്മിയുടേയും മകളായി ജനിച്ചു. കൽപ്പന പ്രിയദർശിനിയെന്നാണ് മുഴുവൻ പേര്. നടിമാരായ കലാരഞ്ജിനിയും ഉർവശിയുമാണ് സഹോദരിമാർ. കമൽ റോയ്, നന്ദു എന്നിവർ സഹോദരന്മാരുമാണ്. സംവിധായകൻ അനിൽകുമാറായിരുന്നു ഭർത്താവ്. 2012ൽ വിവാഹമോചനം നേടി. ശ്രീമയിയാണ് മകൾ.
Find out more: