25 ലക്ഷം രൂപ റൈറ്റേഴ്സ് യൂണിയൻ്റെ അക്കൗണ്ടിലേക്ക് പൃഥ്വിരാജ് നൽകി; കാപ്പയുടെ സാരഥികൾ പറയുന്നു! "2022 ഡിസംബർ 22 മുതൽ തിയറ്ററുകളിൽ 'കാപ്പ' എത്തുമ്പോൾ സഫലീകരിക്കപ്പെടുന്നത് വെറുമൊരു സ്വപനം മാത്രമല്ല, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ മഹത്തായ ഒരു കർമ്മ പരിപാടിയുടെ തുടക്കം കൂടിയാണ്. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ നിർമ്മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്ര നിർമാണ സംരംഭമാണ് കാപ്പ. തിരക്കഥാരംഗത്ത് പ്രായാധിക്യം കൊണ്ട് നിഷ്ക്രിയരാകേണ്ടി വന്ന എഴുത്തുകാർക്ക് മരുന്നിനോ മറ്റ്ചിലവിനോ പരാശ്രയമില്ലാതെ ജീവിക്കാൻ ഉതകുംവിധം ഫെഫ്ക റൈറ്റേഴ്സ് യുണിയൻ മാസം തോറും ഒരു 'കൈനീട്ടം' അവർക്ക് നൽകി വരുന്നു. ആ തുക വർധിപ്പിക്കാനും അർഹരായ കൂടുതൽ പേരിലേക്ക് ആ സഹായം എത്തിക്കുവാനുള്ള ധനസമാഹരണത്തിനാണ് ചിത്ര നിർമ്മാണത്തിലക്ക് റൈറ്റേഴ്സ് യൂണിയൻ കടന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് സാങ്കേതിക വിദഗ്ദരുടെ ഒരു സംഘടന സിനിമാ നിർമ്മാണ രംഗത്തേക്ക് വരുന്നത് എന്ന ഒരു പ്രത്യകത കൂടി ഈ സംരംഭത്തിനുണ്ട്.




   " കാപ്പാ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുമ്പോൾ റൈറ്റേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എ.കെ. സാജൻ തുറന്നു പറയുന്നു... ക്രിസ്മസ് റിലീസായി കാപ്പാ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. ആഘോഷ നാളുകൾക്ക് കാപ്പാ നിറച്ചാർത്ത് പകരുമ്പോൾ പുതിയൊരു ചരിത്രം കൂടിയാണ് പിറവിയെടുക്കുന്നത്. കാപ്പയുടെ റിലീസിനു മുമ്പ് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു. കോവിഡ് സമയത്ത് നമ്മൾ നിർബന്ധപൂർവം വീടുകളിൽ അടച്ചിട്ടിരിക്കേണ്ടി വന്ന സാഹചര്യമുണ്ടായി. മുന്നിൽ അനിശ്ചിതത്വം. ഇനി എന്നു സിനിമ സാധ്യമാകുമെന്നു പോലും അറിയാത്ത അവസ്ഥ. സിനിമയുടെ എഴുത്തുകാരായ ഞങ്ങൾ പരസ്പരം ഫോണിൽ ബന്ധപ്പെടുകയും ഭാവിയെങ്ങനെയെന്നുള്ള ആലോചനകൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.





  കാപിറ്റൽ പവർ ഉണ്ടെങ്കിൽ മാത്രമേ നിലനിൽപ് സാധ്യമാകു എന്നു തിരിച്ചറിഞ്ഞു. ആവശ്യം വരുമ്പോൾ ഫണ്ട് കണ്ടെത്തി കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്നതായിരുന്നു പതിവ്. കോവിഡ് കാലത്ത് ബി. ഉണ്ണികൃഷ്ണൻ്റെ നേതത്വത്തിൽ വലിയൊരു ഫണ്ട് കണ്ടെത്തിയാണ് അടിസ്ഥാന തൊഴിലാളികള‍ക്ക് ഒരു പിന്തുണയായി സംഘടനയ്ക്കു നിലനിൽക്കാൻ സാധിച്ചത്. അങ്ങനെയുള്ള പല പ്രശ്നങ്ങൾ വന്നപ്പോഴാണ് സിനിമ ഒരുക്കാമെന്നുള്ള ചിന്തയ്ക്കു ബലം പ്രാപിക്കുന്നത്. സംഘടനയുടെ നേതൃത്വത്തിൽ സിനിമ നിർമിക്കാം എന്ന ചിന്ത മാക്ടയുടെ കാലം മുതലുണ്ടായിരുന്നു. എക്കാലത്തും താരങ്ങൾക്കു പറ്റിയ കഥയുടെ കുറവായിരുന്നു വെല്ലുവിളിയായത്. മമ്മൂട്ടി, മോഹൻലാൽ താരനിരയിലുള്ള കഥയാണ് ആലോചിച്ചിരുന്നത്. അവരുടെ കമ്മിറ്റ്മെൻ്റ കൾക്കിടയിൽ പലപ്പോഴും പ്രോജക്ട് മുന്നോട്ടായി പോകും.





   എങ്കിൽ അടുത്തത് എന്ത് എന്ന ചിന്ത വന്നു. അങ്ങനെയാണ് യൂണിയനിലെ മറ്റു രണ്ടുപേരായ ജിനുവും ദിലീഷുമായി സംസാരിക്കുന്നത്. ജി. ഇന്ദുഗോപൻ്റെ കഥയിൽ എത്തിയതിനു ശേഷമാണ് പൃഥ്വിരാജിലേക്കെത്തുന്നത്. അദ്ദേഹം വളരെ അനുഭാവപൂർവം സമീപിക്കുകയും തിരക്കഥ പൂർത്തിയാക്കി കാര്യങ്ങൾ പ്ലാൻ ചെയ്താൽ 45 ദിവസം കഴിയുമ്പോൾ കാപ്പയുടെ ഷൂട്ടിംഗ് ആരംഭിക്കാം എന്നായിരുന്നു പൃഥ്വി പറഞ്ഞത്. പൃഥ്വി അപ്പോൾ ചെയ്തുകൊണ്ടിരുന്ന സിനിമ കഴിഞ്ഞതിനു ശേഷം ഉടൻ നമ്മുടെ സിനിമ എന്ന വാക്കാണ് ഞങ്ങളുടെ ഇന്ധനമായി മാറിയത്. അപ്പോൾ പൃഥ്വി ആടുജീവിതത്തിൻ്റെ വർക്കിലായിരുന്നു. അത് പൂർത്തിയാക്കിയ ശേഷം ഉടൻ കാപ്പയിലേക്ക് ജോയിൻ ചെയ്തു.

Find out more: