കുറിപ്പ് യഥാർത്ഥത്തിൽ വില്ലനോ, ഹീറോയോ? അന്നും ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്ന ഒരു വ്യക്തിയാണ് സുകുമാരക്കുറുപ്പ്. ജീവിച്ചിരിപ്പുണ്ടോ മരിച്ചുപോയോ എന്നുപോലും ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു കൊലപാതകിയുടെ പകരംവെയ്ക്കാനില്ലാത്ത കഥയാണ് പിടികിട്ടാപ്പുള്ളി കുറുപ്പിന്റേത്. ഗോപാലകൃഷ്ണ കുറുപ്പിൽ നിന്ന് സുകുമാരക്കുറുപ്പിലേയ്ക്കും അവിടെ നിന്ന് പിടികിട്ടാപ്പുള്ളി കുറുപ്പിലേയ്ക്കുമൊക്കെ സഞ്ചരിച്ചകഥ മലയാളികൾ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ പൊടിപ്പുംതൊങ്ങലും വെച്ചുകെട്ടി സുകുമാരക്കുറുപ്പിനെ വില്ലനും പിന്നീട് നായകനുമാക്കിമാറ്റി മലയാള സിനിമ. കുറ്റവാളി ആരെന്നറിഞ്ഞിട്ടും, പ്രതിയെപ്പിടിക്കാൻ ഒരു സേനമുഴുവൻ മുന്നിട്ടിറങ്ങിയിട്ടും കണ്ടെത്താൻ കഴിയാത്ത ഒരു ചരിത്രമുണ്ട് കേരള പോലീസിന്. അന്നും ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്ന സുകുമാരക്കുറുപ്പ്. 1984 ൽ നാടിനെ നടുക്കിയ ചാക്കോ വധക്കേസ് ഇന്നും അറിയപ്പെടുന്നത് സുകുമാരക്കുറുപ്പിന്റെ പേരിലാണ്. അയാൾ നടത്തിയ നിഷ്ഠൂര കൊലപാതകമാണ് ഇതിന് കാരണം.
ജീവിച്ചിരിക്കെ മരിച്ചുപോയതായി വരുത്തിത്തീർത്ത് ഇൻഷുറൻസ്തുക സ്വന്തമാക്കി, സുഖിച്ച് ജീവിക്കാനുള്ള അയാളുടെ പദ്ധതിയിൽ ഇരയാക്കപ്പെട്ടത് ജീവിച്ചു കൊതിതീരാത്ത യുവാവും അയാളുടെ കുടുംബവുമാണ്. സുകുമാരക്കുറുപ്പിനേയും ചാക്കോയേയും പകർത്തിയ ചിത്രങ്ങളായിരുന്നു 1984-ൽ എത്തിയ എൻഎച്ച് 47, 2016-ൽ എത്തിയ പിന്നെയും, ഏറ്റവുമൊടുവിൽ 2021-ൽ പുറത്തിറങ്ങിയ കുറുപ്പ്. സുകുമാരക്കുറുപ്പെന്ന പിടികിട്ടാപ്പുള്ളിയെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള ഒരു തലമുറയ്ക്ക് മുന്നിൽ ഈ സിനിമകൾ അവശേഷിപ്പിക്കുന്ന ഒരു ചോദ്യമുണ്ട്, കുറുപ്പ് വില്ലനാണോ അതൊ ഹീറോയൊ. തിരുവനന്തപുരത്തെയും ആലപ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത അന്ന് അറിയപ്പെട്ടിരുന്നത് എൻഎച്ച് 47 എന്നായിരുന്നു. ഇവിടെവെച്ചാണ് ചാക്കൊ കൊല്ലപ്പെടുന്നത്. ഈ കൊലപാതകത്തേയും ആൾമാറാട്ടത്തേയും പ്രമേയമാക്കി മലയാളത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു എൻഎച്ച് 47.
ബേബി സംവിധാനം ചെയ്ത ചിത്രം അന്ന് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഈ സിനിമയിൽ സുധാകരൻ പിള്ള എന്ന കുറ്റവാളിയായത് നടൻ ടിജി രവിയാണ്. ഇരയാക്കപ്പെട്ട വ്യക്തിയുടെ കഥാപാത്രമായ റഹിം ആയത് നടൻ സുകുമാരനും. ജീവിതത്തിൽ കുറുപ്പ് പിടികിട്ടാപ്പുള്ളി ആണെങ്കിലും, സിനിമയിൽ കൊലപാതകം ആസൂത്രണം ചെയ്ത സുധാകരൻ പിള്ള പോലീസ് പിടിയിലാവുന്നതും ആൾക്കൂട്ട ആക്രമണത്തിന് വിധേയനാവുന്നതുമാണ് കഥ. ചിത്രത്തിൽ അതി സമർത്ഥനായ കുറ്റവാളിയായി എത്തുന്ന സുധാകരൻ പിള്ള വില്ലനാണ്. അയാൾക്ക് യാതൊരു മാസ് പരിവേഷവും ചിത്രം നൽകുന്നുമില്ല. അതിന് ശേഷം സുകുമാരക്കുറുപ്പ് വെള്ളിത്തിരയിൽ എത്തുന്നത് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലൂടെയായിരുന്നു. ദിലീപും കാവ്യാ മാധവനും കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം ആനന്ദ് ശർമ്മ എന്നയാളുടെ മരണത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ഇൻഷുറൻസ് തുകയിൽ കണ്ണുവച്ച് പുരുഷോത്തമൻ നായർ എന്നയാൾ കൊലപാതകം ആസൂത്രണം ചെയ്യുന്നതാണ് കഥ.
തന്റെ ആദ്യത്തെ കുഞ്ഞിനെ കാണാൻ ആശുപത്രിയിലേക്ക് ലിഫ്റ്റ് ചോദിക്കുന്ന അജ്ഞാതനായ യുവാവായി വേഷമിട്ടത് നടൻ കൃഷ്ണൻ ബാലകൃഷ്ണനാണ്. സുകുമാര കുറുപ്പിന്റെ തിരോധാനത്തിന് ശേഷം നാട്ടിൽ ഏറ്റവുമധികം പ്രചരിച്ച പ്ലാസ്റ്റിക് സർജറി വേർഷനിലൂടെയാണ് ഈ സിനിമ കടന്നുപോയത്. സർജറി ചെയ്ത് വേഷംമാറി നടക്കുന്ന കുറുപ്പിലേയ്ക്കാണ് സിനിമ എത്തുന്നത്. ഒടുവിലായി 2021-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കുറുപ്പ്. ദുൽഖർ സൽമാൻ നായകനായെത്തിയ പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് പ്രദർശനത്തിനെത്തിയത്. അതിസമർത്ഥനായ കുറ്റവാളിയെത്തന്നെയാണ് കുറുപ്പിലും അവതരിപ്പിക്കുന്നത്. അതുപക്ഷേ പോലീസ് പറഞ്ഞ് നമ്മൾ കേട്ടുപഴകിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പല്ല, ഇന്റർനാഷണൽ ഡോണായി മറ്റൊരു ജീവിതം നയിക്കുന്ന കുറുപ്പാണ്. ഈ കൊലപാതകം പോലും കുറുപ്പിനെ സംബന്ധിച്ചിടത്തോളം ചെറിയ തട്ടിപ്പുകളിൽ ഒന്നുമാത്രമായാണ് സിനിമ പറഞ്ഞുവെയ്ക്കുന്നത്. ഇന്ദ്രജിത്തിന്റെ കൃഷ്ണദാസ് എന്ന പൊലീസ് കഥാപാത്രം കുറുപ്പിന്റെ കൂട്ടാളികളെ പിടികൂടിയ ശേഷം ഉന്നയിക്കുന്ന ചില സംശയങ്ങളിൽ നിന്നാണ് കുറുപ്പിന്റെ മറ്റൊരു മുഖംം സിനിമ കാട്ടിത്തരുന്നത്.
അവിടുന്നങ്ങോട്ട് ഒരു അണ്ടർവേൾഡ് ഡോൺ പരിവേഷം നൽകിയാണ് കുറുപ്പിനെ സിനിമ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തെ ഇന്നും ചർച്ചചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലെ കൗതുകമാവാം അണിയറ പ്രവർത്തകരെ ഈ രീതിയിലേയ്‌ക്കൊക്കെ ചിന്തിപ്പിക്കാൻ കാരണമായത്. സത്യത്തിൽ ചാക്കോ വധക്കേസിനു നേരിട്ടുതന്നെ സിനിമയുമായി മറ്റൊരു ബന്ധമുണ്ട്. കെ.സി. ചാക്കോ ഒരു ഫിലിം റെപ്രസന്ററ്റീവ് ആയിരുന്നു. കരുവാറ്റയിലെ ഒരു തിയറ്ററിലെ സിനിമാ ചർച്ചകൾ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നവഴിയ്ക്കാണ് അയാൾ കുറുപ്പിന്റെ വണ്ടിക്ക് കൈകാണിക്കുന്നത്. ആറു മാസം ഗർഭിണിയായ ഭാര്യയ്ക്കരികിലേയ്ക്ക് എത്ര വൈകിയാണെങ്കിലും എത്തുമെന്ന് അയാൾ ഉറപ്പുപറഞ്ഞാണ് ഇറങ്ങുന്നത്. പക്ഷേ ആ യാത്ര അവസാനത്തേതായിരുന്നു. കേരളം ഒരു കാലത്തും മറക്കാൻ സാധ്യതയില്ലാത്ത ക്രൈം ആയതുകൊണ്ടുതന്നെ സുകുമാരക്കുറുപ്പ് റഫറൻസുകൾ മലയാള സിനിമ എല്ലാ കാലത്തും ഉപയോഗിച്ചിട്ടുണ്ട്. ക്രൈം ത്രില്ലർ സ്വഭാവമുള്ള സിനിമകളിൽ ഹീറോ ഗ്ലോറിഫിക്കേഷൻ മുതൽ കേസ് റഫറൻസ് വരെയായി സുകുമാരക്കുറുപ്പ് കടന്നു വരാറുണ്ട്. വില്ലനായും നായകനായും എത്തിയ കുറുപ്പ് ജീവിതത്തിൽ ആരായിരുന്നു. കേരള സമൂഹത്തെ അമ്പരപ്പിച്ച ചാക്കോ വധക്കേസിലെ പ്രതി, ആൾമാറാട്ടം നടത്തി കടന്നുകളയാൻ പദ്ധതിയിട്ടയാൾ. സ്വന്തം സുഖത്തിന് വേണ്ടി ആരെയും കൊന്നുതള്ളാൻ മടിയില്ലാത്ത കുറുപ്പ് ഇന്നും എവിടെയാണെന്ന് അറിയില്ല.
Find out more: