സുധാകരന് എന്നെ ആക്രമിക്കാൻ മോഹമുണ്ടായിരുന്നിരിക്കാം: മുഖ്യമന്ത്രി! സുധാകരന് തന്നെ ആക്രമിക്കണമെന്ന് മോഹമുണ്ടായിട്ടുണ്ടാകാമെന്നും എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ മാത്രമേ പറയാൻ സാധിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ സുധാകരൻ തൻറെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി ഒരു കോൺഗ്രസ് നേതാവ് പണ്ട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രണ്ണൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചിട്ടുണ്ടെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ വാക്കുകൾക്ക് മറുപടിയുമായി മുഖ്യമന്ത്രി. അതേസമയം, തീർത്തും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞാൽ മറുപടി പറയാതിരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കെ സുധാകരൻ കെപിസിസി അധ്യക്ഷനായപ്പോൾ പാർട്ടിയുടെ തീരുമാനമണെന്നു മാത്രം മറുപടി പറഞ്ഞത് എനിക്ക് സുധാകരനെപ്പറ്റി അറിയാഞ്ഞിട്ടല്ല.
എന്നാൽ ഇപ്പോൾ പ്രതികരിക്കാൻ നിർബന്ധിതനായെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻ്റെ ശരീരത്തിനടുത്തേയ്ക്ക് വരണമെന്നും ആക്രമിക്കണമെന്നും പലരും വിചാരിച്ചിട്ടുണ്ടാകാം, പക്ഷെ സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളേജ് പഠനകാലത്ത് തന്നോട് കെ സുധാകരന് വിരോധപരമായ സമീപനം ഉണ്ടായിട്ടുണ്ടാകാമെന്നും തന്നെ തരംകിട്ടിയാൽ ചവിട്ടി വീഴ്ത്താമെന്ന് വിചാരിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കെ സുധാകരനെക്കാൾ തടിമിടുക്കുള്ള പലരും അന്ന് ഉണ്ടായിട്ടുണ്ടെന്നും തന്നെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കെ സുധാകരൻ കെപിസിസി പ്രസിഡൻ്റാകുന്നതിനു മുൻപ് മറ്റു കോൺഗ്രസ് നേതാക്കൾ സുധാകരനെതിരെ ഉയർത്തിയ ആരോപണങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സുധാകരൻ പണമുണ്ടാക്കാൻ വേണ്ടി മാത്രമാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും അദ്ദേഹത്തിന് മാഫിയകളുമായി ബന്ധമുണ്ടെന്നുമുള്ള പി രാമകൃഷ്ണൻ്റെ ആരോപണങ്ങൾ മുഖ്യമന്ത്രി എടുത്തു പറഞ്ഞു. നേതാക്കൾക്ക് സുധാകരനെ പേടിയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്‍യുവിന് ബ്രണ്ണൻ കോളേജിൽ മൃഗീയാധിപത്യമുള്ള കാലത്താണ് താൻ കോളേജിൽ ചേരുന്നത്. അന്നു പഠിച്ചിരുന്ന പലരും ഇന്നു ജീവിച്ചിരുന്നിട്ടുണ്ട്. അവരോടു ചോദിക്കാം. എന്തിനാണ് ഇങ്ങനെ പൊങ്ങച്ചം പറയുന്നത്. ബ്രണ്ണൻ കോളേജിലെ സമരകാലത്ത് കെ സുധാകരൻ തനിക്കെതിരെ വന്ന സന്ദർഭത്തെപ്പറ്റിയും മുഖ്യമന്ത്രി പറഞ്ഞു. കോളേജ് വിട്ടതിനു ശേഷം ഒരു പരീക്ഷാ ബഹിഷ്കരണത്തിൻ്റെ ഭാഗമായി കോളേജിൽ എത്തിയതായിരുന്നു. സമരത്തിനിടെ കെഎസ്എഫ് പ്രവർത്തകരെ എതിർക്കാൻ സുധാകരൻ അടക്കമുള്ള കെഎസ്‍യു പ്രവർത്തകർ രംഗത്തെത്തി. സമരം സംഘർഷത്തിലേയ്ക്ക് നീങ്ങി. കോളേജ് വിട്ടതിനാൽ തനിക്ക് ഇടപെടാൻ പരിമിതികളുണ്ട്. "സുധാകരൻ അക്കൂട്ടത്തിലുണ്ട്. എല്ലാവരും ചെറുപ്പക്കാരല്ലേ. സംഘർഷത്തിൽ ഉൾപ്പെടരുതെന്ന് എനിക്കുണ്ട്. പക്ഷെ സംഗതി കൈവിട്ടു പോയി. ഈ ചെറുപ്പക്കാരൻ്റെ നേരെ ഞാൻ ഒരു പ്രത്യേകരീതിയിൽ ആക്ഷൻ കാണിച്ചു. കൈമുഷ്ടി ഉപയോഗിച്ച് ഇടിയ്ക്കുന്നതു പോലെ ആക്ഷൻ കാണിച്ചു.
ആ ഇടിയിൽ ഒരു വല്ലാത്ത ശബ്ദമുണ്ടായി." ഇതിനിടയിലാണ് കെ സുധാകരൻ തനിക്കെതിരെ എത്തിയത്. അപ്പോൾ സുധാകരനൊപ്പം അയാളുടെ നേതാവ് (കെഎസ്‍യു നേതാവ്) ബാലനുമുണ്ട്. ബാലനും താനും സുഹൃത്തുക്കളാണ്. "അയ്യോ വിജയാ, ഒന്നും ചെയ്യല്ലേ എന്നു ബാലൻ പറഞ്ഞു. അന്നു ഞാൻ തിരിച്ചു പറഞ്ഞത് ഇപ്പോൾ പറയാൻ പറ്റുമോ എന്ന് എനിക്കറിയില്ല. പിടിച്ചു കൊണ്ടു പോടാ, ആരാ ഇവൻ എന്നു ഞാൻ ചോദിച്ചു." എന്നാൽ തൻ്റെ രണ്ട് മക്കളെയും തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ പദ്ധതിയിട്ടിരുന്നതായി ഒരു കോൺഗ്രസ് നേതാവ് തന്നെ പണ്ട് അറിയിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. "അപ്പോൾ വീട്ടിൽ എൻ്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്. നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അയാൾ പറഞ്ഞു.
ഞാൻ ചിരിച്ചു. അയാൾ പറഞ്ഞു ചിരിക്കാനല്ല. ഞാനും സുധാകരനും സുഹൃത്തുക്കളാണ്. പക്ഷെ വലിയൊരു പ്ലാനുമായാണ് സുധാകരൻ നടക്കുന്നത്. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയുണ്ട്. ഞാൻ സുധാകരനോടു പറഞ്ഞിട്ടുണ്ട്. ഇത് പഞ്ചാബൊന്നുമല്ല. വേണ്ടാത്ത പരിപടിയ്ക്കൊന്നും നിക്കരുത്. പക്ഷെ അവൻ്റെ സ്വഭാവം വെച്ചാണ് ഞാൻ പറഞ്ഞത്." മുഖ്യമന്ത്രി പറഞ്ഞു. "ഇതിപ്പൊ ആരോടെങ്കിലും പറയാൻ പറ്റുമോ, എൻ്റെ ഭാര്യയോടു പറയാൻ പറ്റുമോ. അന്ന് തലശ്ശേരി സെൻ്റ് ജോസഫ്സിൽ മകൻ പഠിക്കുന്നു. മകൾ കോൺവെൻ്റിൽ പഠിക്കുന്നു. ഭാര്യ സെൻ്റ് ജോസഫ്സിൽ പഠിപ്പിക്കുന്നു. രാവിലെ രണ്ട് കുട്ടികളെയും കൊണ്ട് ഭാര്യ സ്കൂളിൽ പോകുന്നുണ്ട്." ഇത്തരം അനുഭവങ്ങളെല്ലാം പിന്നിട്ടാണ് താൻ ഇവിടെ വരെയെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Find out more: