പെട്ടെന്ന് പിടികൂടില്ലെന്ന് വിശ്വസിച്ചു'; കേരള പോലീസിനെ പുകഴ്ത്തി മുഖ്യമന്ത്രി! കേസന്വേഷണത്തിൽ നിർണായക പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. അന്വേഷണം നല്ല രീതിയിലാണ് നടന്നതെന്നും പോലീസിൻ്റെ അന്വേഷണ മികവ് തന്നെയണ് പ്രതികളിലേക്ക് കൃത്യമായി എത്താൻ ഇടയാക്കിയതെന്നും മുഖ്യമന്ത്രി പ്രശംസിച്ചു. പാലക്കാട്ടെ നവകേരള സദസ്സിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊല്ലം ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ മൂന്നംഗ കുടുംബം മുഖ്യ പ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു പ്രതിഷേധ സമരം നടത്തിയ യൂത്ത് കോൺഗ്രസിനെ മുഖ്യമന്ത്രി വിമർശിച്ചു. കുട്ടിയെ കണ്ടത്താനുള്ള ശ്രമത്തിനിടെ പോലീസ് സ്റ്റേഷൻ ഉപരോധിക്കാൻ പുറപ്പെട്ടാൽ അതിൻ്റെ അർഥം എന്താണ്?.
ഇതിൽ ഏതെങ്കിലും തരത്തിലൊരു വീഴ്ച, അല്ലെങ്കിൽ കുറവ് പോലീസിന് സംഭവിച്ചാൽ പ്രക്ഷോഭം നടത്താം. എന്നാൽ ഇവിടെ അതിനൊന്നും സമയമായിട്ടില്ലല്ലോ. അതിനു മുൻപു തന്നെ സ്റ്റേഷൻ ഉപരോധിക്കാൻ ചിലർ പുറപ്പെട്ടല്ലോ. അതൊക്കെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന കാര്യങ്ങളാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പോലീസ് പെട്ടെന്ന് തങ്ങളിലേക്ക് എത്തില്ലെന്ന വിശ്വാസത്തിലായിരുന്നു പ്രതികളെന്നാണ് മനസിലാക്കുന്നത്. ആത്മാർഥതയോടെയും അർപ്പണമനോഭാവത്തോടെയും പോലീസിന് പ്രവർത്തിക്കാൻ കഴിഞ്ഞു. ചുരുങ്ങിയ ദിവസംകൊണ്ട് യഥാർഥ പ്രതികളെ പിടികൂടാനായി. കേസന്വേഷണത്തിനും നടപടികൾക്കും ചെറിയ സമയം എടുത്തെന്നു വരും. അന്വേഷണം പുരോഗമിക്കുമ്പോൾ പോലീസിനെ മുൻവിധിയോടെ കുറ്റപ്പെടുത്തുന്നത് ശരിയായ കാര്യമല്ല. കൊല്ലത്തെ കുട്ടിയുടെ കാര്യത്തിൽ മാധ്യമങ്ങൾ ഒരുപരിധിവരെ സംയമനത്തോടെയാണ് റിപ്പോർട്ട് ചെയ്തതെന്നും കേസുമായി ബന്ധപ്പെട്ട വിശദമായ കാര്യങ്ങൾ പോലീസ് വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എകെജി സെൻ്ററിനു നേരെ നടന്ന ആക്രമണത്തിൽ പോലീസിന് പ്രതികളെ പിടികൂടാൻ കഴിയുന്നില്ലെന്നാണ് ആദ്യഘട്ടത്തിൽ പ്രചരിപ്പിച്ചത്. അതോടൊപ്പം പ്രതിയെ കിട്ടിയോ എന്ന് ഓരോ ദിവസവും ചോദിക്കുന്ന നിലയും ചിലർ എടുത്തിരുന്നു. ഒടുവിൽ അന്വേഷണം ശരിയായ നിലയിൽ ആളിലേക്ക് എത്തി. പോലീസ് പിടികൂടിയത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെയാണ്. അപ്പോൾ നേരത്തെ പ്രചരണം നടത്തിയവർ ഒറ്റയടിക്ക് പിൻവാങ്ങുകയും നിശബ്ദത പാലിക്കുകയും ചെയ്തു. മയക്കുമരുന്ന് ചോക്ലേറ്റ് നൽകി പ്രതിയെക്കൊണ്ട് പോലീസ് കുറ്റം സമ്മതിപ്പിച്ചതാണെന്ന ന്യായീകരണവുമായി ഒരു നേതാവ് പിന്നീട് വന്നതും നാം ഓർക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള പോലീസ് ക്രമസമാധാന പാലനത്തിലും അന്വേഷണ മികവിലും യശസ്സ് നേടിയിട്ടുള്ള പോലീസാണ്. നമ്മുടെ രാജ്യത്തുതന്നെ മുൻനിരയിൽ നിൽക്കുന്ന പോലീസ് സേനയാണ് കേരള പോലീസ്. ആലുവയിൽ അതിഥി തൊഴിലാളിയുടെ മകളെ പീഡിപ്പിച്ചു കൊല്ലപ്പെടുത്തിയ പ്രതിക്ക് 110 ദിവസത്തിനുള്ളിൽ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞത് കേരള പോലീസിൻ്റെ മികവിൻ്റെ ഉദാഹരണമാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഉദാഹരണം കൂടിയുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ സംഭവം അതിലും കുറച്ചു പഴയതാണ്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ സംഘപരിവാർ ബോധപൂർവം പ്രചരിപ്പിച്ചത് ആശ്രമം കത്തിച്ചത് സ്വാമി തന്നെയാണെന്നാണ്. പിന്നീട് പിടികൂടിയത് ബിജെപി കൗൺസിലർ അടക്കമുള്ള പ്രതികളെയാണ്.
ഇതിൻ്റെ കൂട്ടത്തിൽ തന്നെ ഓർക്കേണ്ടത് ഇലന്തൂരിലെ നരബലി കേസാണ്. രണ്ട് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലി കേസായി മാറിയത്. കൊല നടത്തി മാസങ്ങൾക്കു ശേഷം പ്രതികൾ സ്വസ്ഥമായി ജീവിക്കുമ്പോഴാണ് നിയമത്തിൻ്റെ കരങ്ങളിൽ അവർ പെടുന്നത്. അതേ പോലെ തന്നെ വടക്കേ ഇന്ത്യയിൽനിന്ന് കേരളത്തിലെത്തി ട്രെയിനിന് തീവെച്ച പ്രതിയെ വളരെ വേഗം തന്നെ പിടികൂടിയതും ആർക്കും മറക്കാൻ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Find out more: