അടി ഇടിയുമായി കടുവ പ്രേക്ഷകർക്ക് മുന്നിൽ! ലയാളികൾ കാത്തിരുന്ന ഒരു ആക്ഷൻ മാസ്സ് ചിത്രം തന്നെയാണ് കടുവ. കടുവക്കുന്നേൽ കുര്യച്ചൻ ആയി പൃഥ്വിരാജ് ആറാടുകയായിരുന്നു. തൊണ്ണൂറുകളിലെ പാലാക്കാരൻ അച്ചായനായി ജീവിച്ചു എന്ന് തന്നെ പറയാം. ചിത്രീകരണത്തിന് മുൻപേ തന്നെ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് 'കടുവ'. ഒട്ടേറെ നിയമ പോരാട്ടങ്ങൾ നടത്തിയാണ് ചിത്രം തീയേറ്ററുകളിൽ എത്തിയതും. എന്തായാലും ആ പോരാട്ടങ്ങൾ ഒന്നും തന്നെ വിഫലമായില്ല എന്ന് ഉറച്ചു പറയാൻ സാധിക്കും.തീയേറ്ററുകൾ പൂരപ്പറമ്പാക്കുന്നതിനായുള്ള എല്ലാ എലമെൻറുകളും ചിത്രത്തിൽ ഉണ്ട്. നായകനെ പരിചയപ്പെടുത്തുന്ന ശൈലി ആവർത്തനമായി തോന്നിയേക്കാം എങ്കിലും ബാക്ഗ്രൗണ്ട് സ്കോർ ആ രംഗങ്ങളെ എല്ലാം മറ്റു തലങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. 





  ചിത്രത്തിൻറെ ആദ്യ ഭാഗങ്ങൾ നായകനെ പരിചയപെടുത്തുന്നതാണ്. ആരാണ് എന്താണ് കടുവകുന്നേൽ കുര്യച്ചൻ എന്ന് ആദ്യ ഭാഗങ്ങളിൽ തന്നെ മനസിലാക്കാനാകും. ഷാജി കൈലാസ് ചിത്രങ്ങൾക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരൊന്നൊന്നര തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ആദ്യ പകുതിയിൽ കുര്യച്ചനെയും കുടുംബത്തെയും വില്ലനെയും കഥയുടെ ഗതി മാറ്റവും ആണ് ചിത്രം കാണിക്കുന്നത്. രണ്ടാം പകുതി എന്ന് പറയുന്നത് നായകൻറെ തിരിച്ചടിയാണ്. അതും പതുങ്ങിയതിനു ശേഷം ഉള്ള കുതിച്ചു ചാട്ടം പോലെ കടുവ എന്ന പേരിനു അന്വർത്ഥമാക്കുന്ന രീതിയിൽ ഉള്ള ഒരു കുതിച്ചു ചാട്ടം തന്നെയാണ് നായകൻ നടത്തിയത്. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബവും, അടിതടയും, പ്ലാൻറേഷൻ- ബാർ ബിസിനസ്സും ഒക്കെയായി കഴിഞ്ഞുകൂടിയ നാട്ടിലെ പ്രമാണിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നൊരു വില്ലൻ.





   പിന്നെ ആ വില്ലനെ തൻറെ ബുദ്ധി കൊണ്ടും ശക്തികൊണ്ടും നേരിടുന്നു. ചിത്രത്തിൽ നായികയായി എത്തുന്ന സംയുക്തയും ഒരു പാലക്കാരിയുടെ വേഷം തകർത്തഭിനയിക്കുകയായിരുന്നു. അഭിനയത്തിൽ പൃഥ്വിരാജിനോടൊപ്പം നിൽക്കാൻ സംയുക്തയ്ക്ക് സാധിച്ചു. പണം എറിയുമ്പോൾ ഉണ്ടാകുന്ന രാഷ്ട്രീയ നാടകങ്ങൾ ബാക്കിയാകുന്നത് ആവിഷ്‌ക്കരിക്കാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്. തരക്കേടില്ലാത്ത ബന്ധവുമായി ഒരേ നാട്ടിൽ ജീവിക്കുന്ന കടുവാക്കുന്നേൽ കുര്യച്ചനും , ഔസേപ്പുകുട്ടി എന്ന ഐ.ജി. ജോസഫ് ചാണ്ടിയും ഇവർ തമ്മിലുള്ള പരസ്പര പോർവിളികൾ ആണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്.





  വില്ലൻ വേഷത്തിൽ എത്തുന്ന വിവേക് ഒബ്രോയും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. വില്ലൻറെ കുടുംബവും ഇവിടെ ഏറെ പ്രാധാന്യം നിറഞ്ഞതാണ്. വില്ലൻറെ അമ്മയായി എത്തുന്ന സീമ നൽകുന്ന വാക്ക് തെറ്റിച്ചതിൽ തുടർന്നുണ്ടായ കോലാഹലങ്ങൾ ആണ് ചിത്രത്തിൽ പിന്നീടങ്ങോട്ടുള്ളത്. എന്നാൽ അതെ സമയം ചിത്രത്തിൽ നടി സീമക്കായി ശബ്‍ദം നൽകിയിരിക്കുന്നത് മല്ലിക സുകുമാരൻ ആണ്. ഒട്ടും അംഗീകരിക്കാൻ സാധിക്കാത്ത ഒരു സ്വരചേർച്ചയില്ലായ്മ അവിടെ ഉണ്ടായിരുന്നു. അതെ സമയം ആക്ഷന് ഒട്ടേറെ പ്രാധാന്യം ഉള്ള ചിത്രം ആണ് കടുവ. മാഫിയ ശശി, കനൽ കണ്ണൻ ടീം നടത്തിയ ഇടപെടൽ ആണ് ഇവിടെ വേറിട്ട് നിന്നത്. 





  മടുപ്പ് തോന്നിക്കാത്ത പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ടായിരുന്നത്. അതുകൊണ്ടു ഒരു വലിയ കൈയ്യടി ഇവിടെ അർഹിക്കുന്നുണ്ട്. എന്നാൽ വെറും ആക്ഷൻ മാത്രം മുന്നോട്ടു കൊണ്ടുപോകാതെ നോക്കാനും സംവിധായൻ ഇവിടെ ശ്രദ്ധിച്ചിട്ടുണ്ട്. അതും സിനിമയെ ഒരു പരിധിവരെ വേറിട്ടതാക്കി തീർത്തു. എന്നാൽ അപ്പോഴും ചില ഭാഗങ്ങൾ മുൻകൂട്ടി പ്രേക്ഷകർ മനസിലാക്കാൻ സാധിക്കുമായിരുന്നു. നായകൻ എവിടെയെല്ലാം മാസ്സ് ആയി എൻട്രി ചെയ്യും എന്ന് പ്രേക്ഷകർക്ക് മുൻകൂട്ടി മനസിലാക്കാം.

Find out more: