കെ-റെയിലിൻ്റെ ജനവിധി; തൃക്കാക്കര ഫലം വിലയിരുത്താൻ എൽഡിഎഫ്! എണ്ണയിട്ട യന്ത്രം പോലെ മുന്നണി സംവിധാനം അപ്പാടെ പ്രവർത്തിക്കുകയും പ്രചാരണം മുഖ്യമന്ത്രി നേരിട്ടു വിലയിരുത്തുകയും ചെയ്തിട്ടും യുഡിഎഫ് ഭൂരിപക്ഷം ഇത്രയധികം ഉയർന്നതെങ്ങനെ എന്നാണ് സിപിഎം ഉറ്റുനോക്കുന്നത്. യുഡിഎഫ് നേതൃത്വം നൽകിയ കെ-റെയിൽ വിരുദ്ധ പ്രക്ഷോഭത്തിനിടെ നടന്ന ഉപതെരഞ്ഞെടുപ്പിലെ തോൽവിയ്ക്കു പിന്നിൽ സർക്കാരിൻ്റെ സ്വപ്നപദ്ധതി തന്നെയാണോ എന്ന സംശയവും നിരീക്ഷകർ ഉയർത്തുന്നുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കാടിളക്കി പ്രചാരണം നടത്തിയിട്ടും എൽഡിഎഫ് വൻ മാർജിനിൽ പരാജയപ്പെട്ടതിനു പിന്നാലെ തോൽവിയുടെ കാരണങ്ങൾ വിലയിരുത്താൻ എൽഡിഎഫ്.





  മണ്ഡലത്തിൻ്റെ ചരിത്രത്തിൽ ഇന്നുവരെ യുഡിഎഫ് മണ്ഡലം കൈവിട്ടിട്ടില്ല. എന്നാൽ പ്രചാരണത്തിൻ്റെ ഒരു ഘട്ടത്തിൽ എൽഡിഎഫ് നേരിയ മാർജിനിൽ അട്ടിമറി വിജയം നേടിയേക്കുമെന്ന സൂചനകളും ഇടതുവൃത്തങ്ങൾ പുറത്തു വിട്ടിരുന്നു. എന്നാൽ യുഡിഎഫ് ഇക്കുറി ചരിത്ര ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ കണക്കുകൾ അസ്ഥാനത്തായി. രണ്ടായിരത്തോളം വോട്ടുകൾ വർധിപ്പിക്കാനായെന്നതു മാത്രമാണ് എൽഡിഎഫിൻ്റെ ആശ്വാസം. വൻപ്രചാരണം നടത്തിയിട്ടും ഇതാണ് സ്ഥിതിയെങ്കിൽ സാധാരണ മട്ടിൽ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ ഫലം എന്താകുമായിരുന്നു എന്നതാണ് എൽഡിഎഫിനെ ആശങ്കെപ്പെടുത്തുന്ന ചോദ്യം. തത്വത്തിൽ യുഡിഎഫ് തങ്ങളുടെ ശക്തികേന്ദ്രമായ സിറ്റിങ് സീറ്റ് നിലനിർത്തുകയാണ് ചെയ്തതെങ്കിലും എൽഡിഎഫ് നിയമസഭാംഗ സംഖ്യ 99ൽ നിന്ന് 100 ആക്കി ഉയർത്തുക എന്നതായിരുന്നു മുന്നണി മുന്നോട്ടു വെച്ച ലക്ഷ്യം.






  വികസനം പറഞ്ഞു വോട്ടുവിടിച്ച എൽഡിഎഫിൻ്റെ പ്രധാന ആയുധങ്ങളിലൊന്ന് ഇൻഫോപാർക്കിൽ വരാനിരിക്കുന്ന സിൽവർലൈൻ സ്റ്റേഷനും ഭാവിസാധ്യതകളുമായിരുന്നു. ഭൂമിയേറ്റെടുക്കൽ വിവാദം തൃക്കാക്കരയെ ബാധിച്ചില്ലെന്നും മുന്നണി വിലയിരുത്തി. എന്നാൽ സാമൂഹികാഘാത സർവേയുടെ ഭാഗമായി നടന്ന കല്ലിടലും പ്രതിഷേധങ്ങളും സർക്കാരിൻ്റെ പ്രതിച്ഛായ മോശമാക്കിയോ എന്നതാണ് നിലവിൽ ഉയരുന്ന ചോദ്യം. യുഡിഎഫ് കോട്ടയാണെങ്കിലും തൃക്കാക്കരയിലെ നിഷ്പക്ഷ വോട്ടുകൾ യുഡിഎഫിനൊപ്പം നിൽക്കാനുള്ള സാഹചര്യവും പരിശോധിക്കപ്പെടും. കെ-റെയിൽ പദ്ധതിയുടെ വിലയിരുത്തലാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നാണ് യുഡിഎഫ് നേതാക്കളിൽ പലരും കുറ്റപ്പെടുത്തുന്നത്. 





  ഫലം സിൽവർലൈനിൻ്റെ ജനവിധിയല്ലെന്നും ജനഹിതം പരിശോധിക്കപ്പെടേണ്ടത് ഒരു മണ്ഡലത്തിൽ മാത്രമല്ലെന്നും കോടിയേരി പറഞ്ഞു. എൽഡിഎഫ് വോട്ടിൽ രണ്ട് ശതമാനത്തിൻ്റെ വർധനവുണ്ടായെന്നും എന്നാൽ ഇടതുവിരുദ്ധ വോട്ടുകൾ ഉമ തോമസിൽ ഏകീകരിക്കപ്പെട്ടതാണ് തോൽവിയ്ക്ക് പിന്നിൽ എന്നുമാണ് കോടിയേരിയുടെ വിലയിരുത്തൽ. യുഡിഎഫിന് സഹതാപ തരംഗം ഉണ്ടായിരുന്നുവെന്നും ട്വൻ്റി 20 ഉൾപ്പെടെയുള്ള പാർട്ടികളുടെ അഭാവം യുഡിഎഫിന് ഗുണം ചെയ്തെന്നും കോടിയേരി പറഞ്ഞു. കൂടാതെ ബിജെപി വോട്ടുകൾ കുറയുന്നതും യുഡിഎഫിന് ഗുണം ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

Find out more: