കസ്റ്റഡിയിൽ എടുത്തവരെ വിട്ടില്ലെങ്കിൽ നാളെയും ഹർത്താൽ; പോപ്പുലർ ഫ്രണ്ട്! കേരളം ഉൾപ്പെടെ പതിനൊന്ന് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിൽ 106 പേരാണ് കസ്റ്റഡിയിലായത്. നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നാളെ ഹർത്താൽ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡിൽ നിരവധിപ്പേർ കസ്റ്റഡിയിലായതിന് പിന്നാലെ പ്രതിഷേധവുമായി നേതാക്കൾ.പലയിടങ്ങളിലും ദേശീയപാത ഉപരോധിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇത്തരം പ്രതിഷേധം തുടരുമെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "ഞങ്ങൾക്കെതിരായ വേട്ടക്കെതിരെ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ആ പ്രതിഷേധങ്ങൾ തുടരുക തന്നെ ചെയ്യും. നേതാക്കന്മാരെ വിട്ടുകിട്ടിയില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് ഞങ്ങൾ രൂപം നൽകും.
അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെല്ലാം ഒന്നുകൂടി വിശകലനം ചെയ്ത്, നേതാക്കന്മാരെ വിട്ടുകിട്ടുന്നില്ലായെങ്കിൽ ഇപ്പോൾ തുടരുന്ന പ്രതിഷേധം തുടരുകയും, അതോടൊപ്പം തന്നെ നാളെ ഹർത്താൽ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് ഞങ്ങൾ തീരുമാനവുമായി മുന്നോട്ട് പോകും"അബ്ദുൾ സത്താർ പറഞ്ഞു. എൻഐഎയും ഇഡിയും നടത്തുന്ന റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നാണ് പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിൻറെ പ്രതികരണം. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിൻറെ നീക്കങ്ങൾക്കെതിരെ പ്രതിഷേധിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.ഹിന്ദുത്വ ഫാസിസം രാജ്യത്തിൻറെ ഭരണഘടനയ്ക്കും മതേതരത്വത്തിനും ഉയർത്തുന്ന ഭീഷണിയെ ചൂണ്ടിക്കാണിക്കുന്ന പോപ്പുലർ ഫ്രണ്ടിനെ പകപോക്കൽ നടപടി എന്ന നിലയ്ക്കാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ഭരണകൂടം അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടൽ നടത്തുന്നത്.
പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ എം എ സലാം, ദേശീയ സെക്രട്ടറി വി പി നാസറുദീൻ, സംസ്ഥാന പ്രസിഡൻറ് സി പി മുഹമ്മദ് ബഷീർ, ദേശീയ സമിതിയംഗം പ്രൊഫ. പി കോയ തുടങ്ങി 14 നേതാക്കൾ കസ്റ്റഡിയിലാണ്. ആർഎസ്എസിൻറെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്ക് പോപ്പുലർ ഫ്രണ്ട് തടസ്സമാണെന്ന ബോധ്യത്തിൻറെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പോപ്പുലർ ഫ്രണ്ടിനെ വേട്ടയാടുന്നത്. രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിയമപരമായി പ്രവർത്തിക്കുന്ന സംഘടനയാണ്.
ഇതുവരെ പോപ്പലർ ഫ്രണ്ടിനെതിരെ ഒരു വിധ്വംസക പ്രവർത്തനവും തെളിയിക്കാൻ ആരോപണങ്ങൾ അഴിച്ചുവിടുന്ന സംഘപരിവാര ഭരണകൂടത്തിനും അന്വേഷണ ഏജൻസികൾക്കും സാധിച്ചിട്ടില്ല.ഇത്തരം വേട്ടകൾ കൊണ്ട് പോപുലർ ഫ്രണ്ടിനെ രാജ്യത്തിൻറെ ഭരണഘടനയെയും മതേതരത്വത്തെയും തകർക്കാനൊരുങ്ങുന്ന ആർഎസ്എസിനെതിരെയുള്ള നിലപാടുകളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും പിന്തിരിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് വ്യാമോഹം മാത്രമായിരിക്കുമെന്നും അബ്ദുൽ സത്താർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Find out more: