കൈത്തറിത്തൊഴിലാളിയായ വയോധികനെ അയല്‍വാസികളായ യുവാക്കള്‍ ഹോളോബ്രിക്‌സ്‌ കൊണ്ട്‌ എറിഞ്ഞുകൊന്നു. തേമ്പാമുട്ടം പാറക്കോട്ടുകോണത്ത്‌ ബിനുഭവനില്‍ കറണ്ട്‌ കരുണാകരന്‍ എന്നു വിളിക്കുന്ന കരുണാകര (71) നെയാണ്‌ യുവാക്കള്‍ ഹോളോബ്രിക്‌സ്‌ കൊണ്ട്‌ എറിഞ്ഞു കൊലപ്പെടുത്തിയത്‌.
സംഭവത്തില്‍ പ്രവീണ്‍ (20), സന്തോഷ്‌ (38) എന്നിവരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇരുവരും മൃതദേഹം സംസ്‌കരിക്കുന്ന ജോലിക്കാരാണ്‌. ഞായറാഴ്‌ച വൈകിട്ട്‌ ആറു മണിയോടെ സംഭവം. പ്രവീണിന്റെ സഹോദരി റോഡില്‍ മാലിന്യം കൊണ്ടിട്ടതിനെ കരുണാകരന്‍ ചോദ്യം ചെയ്‌തു. ഈ സമയം ഇവിടെയെത്തിയ പ്രവീണും സന്തോഷും ചേര്‍ന്ന്‌ കരുണാകരനുമായി വാക്കേറ്റവും ചീത്തവിളിയുമായി. ഇതിനിടയിലാണ്‌ ഹോളോബ്രിക്‌സ്‌ കൊണ്ടുള്ള ഏറ്‌ കരുണാകരന്റെ മര്‍മ്മഭാഗത്തേറ്റത്‌. ഉടനെ കരുണാകരന്‍ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഇവിടെനിന്ന്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഇന്നലെ രാവിലെ മരിച്ചു.

Find out more: