
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ നിന്ന് ഇന്ത്യന്‍ താരം സാനിയ മിര്‍സ പിന്മാറി.
വലതു കാലിലെ തുടയിലെ കടുത്തവേദനയെ തുടര്‍ന്നാണ് മിക്‌സഡ് ഡബിള്‍സില്‍ നിന്ന് താരം പിന്മാറിയത്.
ഇന്ത്യന്‍ താരം രോഹന്‍ ബാപ്പണ്ണയ്‌ക്കൊപ്പമാണ് സാനിയ കളിക്കാന്‍ നിശ്ചയിച്ചിരുന്നത്.
അതേസമയം 33 കാരിയായ സാനിയ ടൂര്‍ണമെന്റില്‍ വനിത ഡബിള്‍സില്‍ മത്സരിച്ചേക്കും.
യുക്രൈയ്‌നിന്റെ നാദിയ കിചേനോകിനൊപ്പമാണ് ഡബിള്‍സില്‍ സാനിയ മാറ്റുരയ്ക്കുന്നത്. ഇക്കഴിഞ്ഞ ദിവസം സാനിയ-നാദിയ സഖ്യം ഹൊബാര്‍ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് കിരീടം നേടിയിരുന്നു.
പരിക്കിനെ തുടര്‍ന്ന് കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന സാനിയ, തുടര്‍ന്ന് അമ്മയായതിനും ശേഷമാണ് കിരീടം ചൂടി തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. 27 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് താരം കോര്‍ട്ടിലേക്ക് തിരിച്ചുവന്നത്. തിരിച്ചുവരവിനു ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ സാനിയ കിരീടം ചൂടുകയും ചെയ്തു.
ഡബിള്‍സില്‍ നിരവധി തവണ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയിട്ടുള്ള, മിക്‌സഡ് ഡബിള്‍സ് ചാമ്പ്യനും, മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ ഹൈദരാബാദുകാരി ഹൊബാര്‍ട് ഇന്റര്‍നാഷണല്‍ ഫൈനലിനിടെ ഡ്രോപ് ഷോട്ട് ഓടിയെടുക്കുന്നതിനിടെയാണ് സാനിയയ്ക്ക് പരിക്കേറ്റത്. മെല്‍ബണ്‍ പാര്‍ക്കില്‍ സാനിയ ചിക്ത തേടുന്നുണ്ട്. 15 മാസം പ്രായമുള്ള മകന്‍ ഇസ്ഹാനൊപ്പമാണ് സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണ് എത്തിയിട്ടുള്ളത്. മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണക്കൊപ്പം കളിക്കാനാകാത്തത് നിര്‍ഭാഗ്യകരമാണെന്ന് സാനിയ അഭിപ്രായപ്പെട്ടു.