പൃഥ്വിരാജിന്റെ ബ്രോ ഡാഡിയിൽ കാവ്യയും;പുതിയ തുടക്കം വളരെ വലിയ പ്രതീക്ഷയാണെന്ന് നടി! കന്നട നടിയായ കാവ്യ ഷെട്ടി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു. പുതിയ തുടക്കത്തിൽ താൻ വളരെ അധികം സന്തോഷവതിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ കാവ്യ പറഞ്ഞു. 'മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ആയതിനാൽ ഇതിനോടകം ഈ സിനിമ മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയായി മാറിക്കഴിഞ്ഞു. ഇതുപോലൊരു സിനിമയിലൂടെ തുടക്കം കുറിക്കാൻ സാധിച്ചതാണ് എന്റെ സന്തോഷം' കാവ്യ പറഞ്ഞു.ബ്രോ ഡാഡിയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഇപ്പോൾ ഹൈദരബാദിലാണ് നടി ഉള്ളത്.
പൂർണമായും ഒരു കുടുംബ ചിത്രമാണ്. എന്നാൽ സിനിമയെ കുറിച്ചോ തന്റെ കഥാപാത്രത്തെ കുറിച്ചോ കൂടുതൽ കാര്യങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്താൻ സാധിക്കില്ല എന്ന് കാവ്യ പറഞ്ഞു. സൂസൻ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര് എന്ന് മാത്രം നടി വെളിപ്പെടുത്തി. ഹൈദരബാദിൽ പൃഥ്വിരാജിനൊപ്പം എന്റെ ഷെഡ്യൂൾ ആരംഭിച്ചു കഴിഞ്ഞു.വളരെ രസകരമായ രീതിയിലാണ് സിനിമ ഒരുക്കുന്നത്.ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിൽ മോഹൻലാലിനൊപ്പം പൃഥ്വിരാജും ഒരു വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദർശൻ, മീന, ഉണ്ണി മുകുന്ദൻ, കനിഹ, മുരളി ഗോപി, സൗബിൻ ഷഹീർ, ലാലു അലക്‌സ്, ജഗദീഷ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.ഞാൻ വളരെ അധികം ആവേശത്തിലാണ്. പ്രതീക്ഷയുമുണ്ട്.
ഒരു പുതിയ ഇന്റസ്ട്രിയിലുള്ള എന്റെ യാത്ര എങ്ങിനെയായിരിയ്ക്കും എന്നറിയാൻ ഞാനും കാത്തിരിയ്ക്കുകയാണ്- കാവ്യ പറഞ്ഞു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി കേരളത്തിൽ ചിത്രീകരിക്കും. നിബന്ധനകളോടെ കേരളത്തിൽ ചിത്രീകരണം തുടങ്ങാൻ സർക്കാർ അനുമതി നൽകിയതിനെത്തുടർന്നാണിത്. സിനിമയുടെ ചിത്രീകരണം നിലവിൽ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ കേരളത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ടായിരുന്നില്ല. തുടർന്നാണ് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സിനിമ ചിത്രീകരിക്കാൻ അനുമതി നൽകണമെന്ന് ഫെഫ്കയടക്കമുള്ള സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സീരിയൽ ഷൂട്ടിങ്ങിന് അനുമതി നൽകിയിട്ടും സിനിമാ ചിത്രീകരണത്തിന് അനുവാദം നൽകാത്തതിൽ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. തുടർന്നാണ് നിബന്ധനകളോടെ ചിത്രീകരണം തുടങ്ങാൻ സർക്കാർ അനുമതി നൽകിയത്. കേരളത്തിൽ ചിത്രീകരിക്കാൻ അനുവാദം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബ്രോ ഡാഡിയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Find out more: