മരിക്കുന്നതിന് മണിക്കൂറുകൾ മുൻപും ട്വിറ്ററിൽ സജീവമായിരുന്നു പുനീത്! ളരെ നേരത്തെയായിപ്പോയി ഈ വേർപാട്. പേരിന് പോലും വിരോധികളില്ലാത്ത കന്നട സൂപ്പർസ്റ്റാർ ആണ് വിടവാങ്ങിയത്. നടൻ എന്നതിനപ്പുറം, തന്റെ സാമൂഹിക കടമകളെ കുറിച്ച് ഉത്തമ ബോധ്യമുള്ള നടനായിരുന്നു പുനീത്. പുനീത് രാജ്കുമാറിന്റെ മരണ വാർത്ത സിനിമാ ലോകത്തെ മൊത്തത്തിൽ തന്നെ സങ്കടപ്പെടുത്തിയിരിയ്ക്കുകയാണ്. ചേട്ടൻ ശിവരാജ് കുമാറും ഭാവനയും ഒന്നിച്ച് അഭിനയിക്കുന്ന ബാജ്‌റാഗി 2 എന്ന ചിത്രത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് പുനീത് ട്വിറ്ററിൽ എത്തിയിരുന്നു. സിനിമ പക്ഷെ കാണുന്നതിന് മുൻപേ തന്നെ പുനീത് ലോകത്തോട് വിട പറഞ്ഞു.



  ശിവരാജ് കുമാറിനെയും ഭാവനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എ ഹർഷ സംവിധാനം ചെയ്ത ചിത്രമാണ് ബാജ്‌റാഗി 2. മരിയ്ക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു പുനീത്. രാവിലെ തനിയ്ക്ക് യാതൊരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞ് ജിമ്മിൽ പോയ ആളാണ്. വർക്കൗട്ടിന് ഇടെ അസ്വസ്ഥത തോന്നിയതോടെ വിക്രം ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എത്തിക്കുമ്പോൾ തന്നെ അവസ്ഥ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പക്ഷെ തിരിച്ചു വരും എന്ന് തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ. ഇന്നലെ രാത്രി മുതൽ തന്നെ പുനീതിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അത് അത്ര കാര്യമാക്കിയില്ല. പുലർച്ചെ പന്ത്രണ്ട് മണിയോടെ നെഞ്ച് വേദന വന്നപ്പോൾ അടുത്തുള്ള ക്ലിനിക്കിൽ പോയി. ഇ സി ജി എടുത്തു.




  മാത്രമല്ല പൂർണ ആരോഗ്യവാനായിരുന്നു പുനീത്. മറ്റ് യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. സ്ഥിരമായി വർക്കൗട്ടും ചെയ്യും. വർക്കൗട്ട് ചെയ്യുന്നത് കൊണ്ട് തന്നെ തനിയ്ക്കും ഏട്ടൻ ശിവരാജ് കുമാറിനും പ്രായമാകുകയില്ല എന്ന് മുൻപ് ഒരു അഭിമുഖത്തിൽ പുനീത് പറഞ്ഞതൊക്കെ ഇപ്പോൾ ആരാധകർ ഓർത്തെടുക്കുന്നു. അതേസമയം കന്നട സിനിമാ ലോകത്തിന്റെയും രാഷ്ട്രീയ ലോകത്തിന്റെയും സ്വകാര്യ അഹങ്കാരമായിരുന്നു രാജ്കുമാർ. പണ്ട് വീരപ്പൻ തട്ടിക്കൊണ്ടു പോയ രാജ്കുമാറിന്റെ ചരിത്രം അവിടെ നിൽക്കട്ടെ. അച്ഛന്റെ വഴി പിൻതുടർന്ന് മക്കൾ ശിവരാജ് കുമാറും പുനീത് രാജ്കുമാറും സിനിമയിലെത്തി. അച്ഛനും അനുജനും നേരത്തെ പോയി.. ശിവരാജ് കുമാർ തനിച്ചായി. മാതൃകാപരമായിരുന്നു രാജ്കുമാറിന്റെ കുടുംബം. തന്റെ ഇരു കണ്ണുകളും ദാനം ചെയ്തുകൊണ്ടാണ് രാജ്കുമാർ പോയത്. അച്ഛന് പിന്നാലെ ഇതാ, മകനും തന്റെ ഇരു കണ്ണുകളും ദാനം ചെയ്തിരിയ്ക്കുന്നു. പുനീതിന്റെ കണ്ണുകൾ ദാനം ചെയ്തു എന്ന ഔദ്യോഗിക വിവരം കന്നട ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തു.



  
 അപ്പു എന്നാണ് പുനീതിനെ അടുപ്പമുള്ള ആളുകൾ സ്‌നേഹത്തോടെ വിളിയ്ക്കുന്നത്. നടന്റെ മരണത്തെ തുടർന്ന് കന്നട പൂർണമായും അടച്ചു. തിയേറ്ററുകളും കോളേജുകളും ബസ്സുകളും എല്ലാം പ്രവർത്തനം നിർത്തി വച്ചു. വികാരഭരിതരായ ജനങ്ങളെ നിയന്ത്രിയ്ക്കുന്നതിന്റെ ഭാഗമായി സുരക്ഷ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പുനീത് രാജ്കുമാറിന് ആദരാഞ്ജലികൾ നേർന്ന് മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, നിവിൻ പോളി, പൃഥ്വിരാജ്, പാർവ്വതി, ഭാവന, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി മലയാള താരങ്ങളും രംഗത്ത് എത്തിയിട്ടണ്ട്.

Find out more: