ഇന്ധനവില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി! കൊവിഡ് മഹാമാരി സമ്പദ്വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതം കൂടുതൽ രൂക്ഷമാകാൻ ഇതു കാരണമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുന്നത് കാരണം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. രാജ്യത്ത് ഇന്ധനവില വർദ്ധിക്കുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സാഹചര്യത്തിനു കാരണമായത് കോൺഗ്രസ്സ് തുടങ്ങി വച്ചതും ബിജെപി കൂടുതൽ ശക്തമാക്കിയതുമായ നവ ഉദാരവൽക്കരണ നയങ്ങളാണ്. അഡ്‌മിനിസ്റ്റേർഡ് പ്രൈസിംഗ് മെക്കാനിസം എന്ന സംവിധാനം മൻമോഹൻ സിംഗ് ധനകാര്യ മന്ത്രിയായിരുന്ന നരസിംഹറാവു സർക്കാരിൻ്റെ കാലത്താണ് ഇത് നടപ്പിലാക്കാൻ തുടങ്ങിയത്.
പിന്നീട്, വന്ന വാജ്പേയി സർക്കാർ ഈ സംവിധാനം പ്രവർത്തിക്കാൻ ആവശ്യമായ ഓയിൽ കോർപറേഷൻ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ഓയിൽ പൂൾ അക്കൗണ്ട് നിർത്തലാക്കിയത്. കോൺഗ്രസിനേയും ബിജെപി സർക്കാരുകളേയും വിമർശിച്ചാണ് പിണറായി വിജയന്റെ ഫേസ്ബൂക്ക് പോസ്റ്റ്. എന്നാൽ, ഒന്നാം യുപിഎ ഗവൺമെൻ്റിനു അവർക്കു മുകളിൽ ഇടതു പക്ഷത്തിനുണ്ടായിരുന്ന സ്വാധീനം കാരണം നവ ഉദാരവൽക്കരണ നയങ്ങളിൽ നിന്നും പിന്നോക്കം പോകേണ്ടി വന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. എന്നാൽ അതിനു ശേഷം വന്ന രണ്ടാം യുപിഎ സർക്കാർ പെട്രോൾ വില നിർണ്ണയിക്കാൻ സർക്കാരിനുള്ള അവകാശം 2010 ജൂൺ 25ന് എടുത്തു കളയുകയും ഓയിൽ പൂൾ അക്കൗണ്ട് നിർത്തലാക്കുകയും ചെയ്തു.
തുടർന്നു വന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 2014 ഒക്ടോബർ 18-ന് ഡീസൽ വിലയിന്മേലുള്ള നിയന്ത്രണാധികാരവും കമ്പനികൾക്ക് വിട്ടുകൊടുത്തുവെന്നും അദ്ദേഹം കുറിക്കുന്നു. ബിജെപി അതിലൂടെ ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തു. ക്രൂഡോയിൽ വിലയിൽ കുറവ് വന്നാൽ പോലും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരാത്ത രീതിയിൽ ആണ് സെസ്സും അഡീഷണൽ സ്പെഷ്യൽ ഡ്യൂട്ടിയും വർദ്ധിപ്പിച്ചിരിക്കുന്നത് എന്നും പിണറായി വിജയൻ വിമർശിച്ചു. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സെസ്സ്, അഡീഷണൽ സ്പെഷ്യൽ ഡ്യൂട്ടി എന്നീ പേരുകളിൽ പുതി. നികുതികൾ കൊണ്ട് വരികയും അവ അനിയന്ത്രിതമായി കൂട്ടുകയും ചെയ്തു.
കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളിലും ഇന്ധന നികുതി വർദ്ധിപ്പിച്ചപ്പോൾ നികുതി വർദ്ധിപ്പിക്കാതിരുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും മുഖ്യമന്ത്രി കുറിച്ചു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഇന്ധന നികുതിയിൽ കുറവ് വരുത്തിയെന്ന് പറയുന്ന അവകാശവാദം തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിൽ പെട്രോളിൻ്റെ വില 114 രൂപയാണ്. അതേ സമയം കേരളത്തിലെ പെട്രോളിൻ്റെ വില 111.4 രൂപയാണെന്നും കണക്കുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പെട്രോളിയത്തിൻ്റെ നികുതി കുറയ്ക്കണമെന്ന് പറയുന്ന കോൺഗ്രസ് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉള്ള നില ഒന്ന് പരിശോധിക്കുന്നത് നന്നാവും.
Find out more: