ബംഗാൾ ജനത ബൂത്തിലേക്ക്; കനത്ത സുരക്ഷയിൽ അവസാനവട്ട വോട്ടെടുപ്പ്! കൊവിഡ്-19 വ്യാപനം രാജ്യത്ത് രൂക്ഷമായിരിക്കെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനവട്ട വോട്ടെടുപ്പ് ആരംഭിച്ചു കനത്ത സുരക്ഷയിൽ നാല് ജില്ലകളിലെ 35 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. കൊൽക്കത്ത നോർത്തിലെ ഏഴ് മണ്ഡലങ്ങളും ബീർഭൂം, മാൾഡ, മൂർഷിദാബാദ് എന്നീ ജില്ലകളിലുമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്.
35 സീറ്റുകളിലേക്കായി 283 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 84 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുക. മൂർഷിദാബാദിലെയും ബീർഭയിലെയും 11 നിയമസഭാ മണ്ഡലങ്ങളിലായി 11,860 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. മാൾഡയിൽ ആറും കൊൽക്കത്തയിലും ഏഴും സ്‌റ്റേഷനുകളുണ്ട്.
കൊവിഡ് മുൻകരുതലിൻ്റെ ഭാഗമായി പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു. ആദ്യഘട്ട വോട്ടിങ് ദിനങ്ങളിലെ സംഘർഷങ്ങളുടെയും അക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് റാലികൾക്ക് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. കൊവിഡ് ആശങ്കയിലും പല ബൂത്തുകളിലും വോട്ടർമാർ എത്തുന്നുണ്ട്. സ്‌ത്രീകളടക്കമുള്ളവർ വോട്ട് രേഖപ്പെടുത്താൻ എത്തുന്നുണ്ട്. സാമൂഹിക അകലം അടക്കമുള്ള മാർഗനിർദേശങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 10ന് നടന്ന നാലാം ഘട്ട വോട്ടിങ് ദിനത്തിൽ കൂച്ച് ബെഹാറിൽ നടന്ന ആക്രമണങ്ങളിൽ അഞ്ച് പേരാണ് മരിച്ചത്. സുരക്ഷ കണക്കിലെടുത്ത് കേന്ദ്ര സേനയുടെ 641 കമ്പനികളെയെങ്കിലും വിന്യസിക്കാൻ വോട്ടെടുപ്പ് പാനൽ തീരുമാനിച്ചിരുന്നു.
തൃണമൂൽ കോൺഗ്രസിന് നിർണായകമാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തിൻ്റെ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി നീങ്ങുന്നത്. ബംഗാളിലെ അവസാനവട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പും അവസാനിക്കും. അതേസമയം, രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഞായറാഴ്ച വോട്ടെണ്ണൽ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനാണ് കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്നാണ് കമ്മീഷൻ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പഞ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഞായറാഴ്ച വരുന്നത്. അടുത്തിടെ, തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വിജയാഘോഷങ്ങൾ പാടില്ലെന്ന് തെരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കിയിരുന്നു.
അതിന് പുറമെ, ഇന്ന് പുറത്തിറക്കിയ പുതിയ ഉത്തരവിൽ, മെയ് 2 (ഞായറാഴ്ച) വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് പൊതുജനസംഗമം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. 48 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥാനാർത്ഥികളെയും അവരുടെ ഏജന്റുകളെയും അനുവദിക്കൂ എന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.