യെദ്യൂരപ്പയ്ക്ക് പകരം പ്രഹ്‌ളാദ് ജോഷിയാണോ? രാജിയുണ്ടായാൽ യെദ്യൂരപ്പയ്ക്ക് പകരം പ്രഹ്ലാദ് ജോഷി മുഖ്യമന്ത്രിയായി എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.  കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബി എസ് യെദ്യൂരപ്പ രാജിവച്ചേക്കുമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ സജീവമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ പേര്. "പുറത്തുവന്ന വാർത്തകൾ പ്രകാരമുള്ള കാര്യങ്ങളിൽ നേതൃത്വവുമായി സംസാരിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്ത മാത്രമാണ് എനിക്കറിയാവുന്നത്"- എന്നും അദ്ദേഹം വ്യക്തമാക്കി.



   
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുവെന്ന വാർത്തകൾ ശക്തമായതോടെ നിലപാട് വ്യക്തമാക്കി പ്രഹ്ലാദ് ജോഷി രംഗത്തുവന്നു. കർണാടക മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ അദ്ദേഹം തള്ളി. ലിംഗായത്ത് സമുദായത്തിന് പുറത്ത് നിന്നുള്ള ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്നാണ് യെദ്യൂരപ്പ വ്യക്തമാക്കുന്നത്. എന്നാൽ. ഈ നിർദേശത്തെ ആർഎസ്എസ് നേതൃത്വം തള്ളി. ബിജെപിയുടെ വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള ഒരാൾ തന്നെ മുഖ്യമന്ത്രിയാകണമെന്നും മറിച്ച് സംഭവിച്ചാൽ ബിജെപി വോട്ടുകൾ നഷ്ടമാകുമെന്നുമാണ് ആർഎസ്എസ് വ്യക്തമാക്കുന്നത്.




  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് പ്രഹ്ലാദ് ജോഷി. അടുത്ത തിങ്കളാഴ്ചയോ അതിനടുത്ത ദിവസങ്ങളിലോ യെദ്യൂരപ്പയുടെ രാജി ഉണ്ടാകുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇളയമകൻ വിജേന്ദ്രയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിക്കാൻ യെദ്യൂരപ്പ നീക്കം നടത്തുന്നുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ലിംഗായത്ത് മഠാധിപന്മാരെയും സമുദായ നേതാക്കളെയും കൂട്ടുപിടിച്ചാണ് സമ്മർദ്ദ തന്ത്രം പയറ്റുന്നത്. രാജി വാർത്തകൾ ശക്തമായതോടെ ഒരു വിഭാഗം ലിംഗായത്ത് നേതാക്കൾ യെദ്യൂരപ്പയെ നേരിൽ കണ്ട് പിന്തുണ പ്രഖ്യാപിച്ചിരുന്നു.





   അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ ഒരുക്കമാണെന്ന് ബി എസ് യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി നിർദേശിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട രാജി വാർത്തകൾ പുറത്തുവന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് യെദ്യൂരപ്പ രാജി സന്നദ്ധത പ്രധാനമന്ത്രിയെ അറിയിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ യെദ്യൂരപ്പ ഉപാധികൾ മുന്നോട്ട് വെച്ചതായും സൂചനകളുണ്ട്. പാർട്ടിയിലോ സർക്കാരിലോ മക്കൾക്ക് ഉചിതമായ പദവികൾ വേണമെന്ന ആവശ്യമാണ് അദ്ദേഹത്തിനുള്ളത്.  


Find out more: