ഒടുവിൽ സിപിഎം ജില്ലാ സെക്രട്ടറിയും, മന്ത്രി വിഎൻ വാസവനും തന്നെ ഏറ്റുപറയേണ്ടി വന്നു ഈരാറ്റുപേട്ടയിൽ സിപിഎമ്മിന് മറ്റാരുമായി സഖ്യമില്ലെന്ന്. ഈ സാഹചര്യം ഒരുക്കിയത് തന്നെ കോൺഗ്രസ് നടത്തിയ ദ്വിമുഖ ആക്രമണ തന്ത്രത്തിന്റെ ഫലമാണ്. എസ്ഡിപിഐ പിൻതുണയോടെ ഈരാറ്റുപേട്ടയിലെ ഭരണം അട്ടിമറിച്ച സിപിഎമ്മിനുള്ള ഏറ്റവും വലിയ താക്കീതായിരുന്നു, അതേ സുഹ്‌റ അബ്ദുൾ ഖാദറിനെ തന്നെ ചെയർപേഴ്‌സണാക്കിയ കോൺഗ്രസ് തന്ത്രം. എസ്ഡിപിഐ സ്ഥാനാർഥി നസീറ സുബൈറിനെ അഞ്ചിനെതിരെ 14 വോട്ടുകൾക്ക് പരാജയപ്പെടുത്തി സുഹ്‌റ വീണ്ടും പ്രസിഡന്റായപ്പോൾ തെളിഞ്ഞത് യുഡിഎഫിന്റെ ദ്വിമുഖ ആക്രമണ തന്ത്രം തന്നെയാണ്. അതായത് യുഡിഎഫ് ഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്ന് കാട്ടിയാണ് എൽഡിഎഫ് നഗരസഭ അധ്യക്ഷക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ഈ അവിശ്വാസത്തെ എസ്ഡിപിഐ പിന്തുണയ്ക്കുക കൂടി ചെയ്തതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. ഇതോടെ എൽഡിഎഫിന് കടുത്ത വിമർശങ്ങൾ നേരിടേണ്ടിവന്നു. അധികാരത്തിലെത്താൻ എസ്ഡിപിഐയുടെ പിന്തുണ തേടിയാൽ സംസ്ഥാന തലത്തിൽ വരെ വിമർശനം ഉണ്ടാകുമെന്ന വിലയിരുത്തലാണ് എൽഡിഎഫിനുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല എന്ന് എൽഡിഎഫ് തീരുമാനിച്ചത്. കോട്ടയം ഡിസിസി യുടെ പുതിയ അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് ഈരാറ്റുപേട്ട കോട്ടയം നഗരസഭകളുടെ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടത്. ഇത് അദ്ദേഹത്തിന് നേരെ വിമർശനങ്ങൾ ഉയരുവാനും കാരണമായിരുന്നു. എന്നാൽ ഈരാറ്റുപേട്ടയിലെ എൽഡിഎഫ് - എസ്ഡിപിഐ ബന്ധവും, കോട്ടയം നഗരസഭയിലെ എൽഡിഎഫ് ബിജെപി സഹകരണവും പൊതു സമൂഹത്തിനിടയിൽ ചർച്ചയാക്കി ആണ് നാട്ടകം സുരേഷ് എന്ന രാഷ്ട്രീയ നേതാവ് ഈ പ്രതിസന്ധികളെ നേരിട്ടത്.
അതേസമയം സിപിഎമ്മിന്റെ കുത്തകയായിരുന്ന നാട്ടകം പഞ്ചായത്ത് ഭരണം പിടിച്ചാണ് സുരേഷ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്. ഇതേ പ്രായോഗിക രാഷ്ട്രീയ പരിജ്ഞാനം തന്നെയാണ് കൈവിട്ടു പോകുമായിരുന്ന ഈരാറ്റുപേട്ടയിലെ രാഷ്ട്രീയത്തെ യുഡിഎഫ് ക്യാമ്പിൽ കൊണ്ടെത്തിക്കാൻ സുരേഷിന് തുണയായത്. പ്രാദേശികമായ രാഷ്ട്രീയകളികൾ ഏറെ അറിയുന്ന സുരേഷ് ലക്ഷ്യമിട്ടതും ഇതേ തന്ത്രം തന്നെയായിരുന്നു. ഈ തന്ത്രത്തിനു മുന്നിൽ സിപിഎമ്മിന് പാളം തെറ്റി. എല്ലാക്കാലത്തും സി.പി.എമ്മിന് തലവേദന സൃഷ്ടിച്ച സുരേഷ് വീണ്ടും ഈരാറ്റുപേട്ടയിലൂടെ സിപിഎമ്മിനെ വെള്ളം കുടിപ്പിച്ചതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലിയിരുത്തൽ.
click and follow Indiaherald WhatsApp channel