കോൺഗ്രസിൽ പുതിയ ചേരിയോ? കരുണാകരനു ശേഷം 'ലീഡർ വിഡി സതീശൻ! പ്രചാരണത്തിനിടെ പ്രതിപക്ഷ നേതാവ് സ്വീകരിച്ച സമീപനത്തെോട് യുഡിഎഫിനുള്ളിൽ തന്നെ അമർഷമുണ്ടായിരുന്നെങ്കിലും ഉമ തോമസ് ചരിത്രവിജയം നേടിയതോടെ സമൂഹമാധ്യമങ്ങളിലടക്കം വിഡി സതീശൻ വലിയ പ്രശംസയാണ് നേരിടുന്നത്. ഇതിനിടെയിലാണ് വിഡി സതീശനെ യഥാർഥ ലീഡർ എന്നു വിശേഷിപ്പിച്ചു കൊണ്ട് തിരുവനന്തപുരത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. സതീശൻ്റെ നേതൃത്വത്തിൽ കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് രൂപപ്പെടുകയാണെന്ന റിപ്പോർട്ടുകളും ഇതോടൊപ്പം പുറത്തു വരുന്നുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ വൻ വിജയത്തിനു പിന്നാലെ കോൺഗ്രസിൽ കൂടുതൽ ശക്തനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.






  അതേസമയം, പുതിയ നീക്കങ്ങളോടു പ്രതികരിച്ച് വിഡി സതീശൻ രംഗത്തെത്തി. ലീഡർ എന്ന വിശേഷണത്തിന് അർഹനായി കേരള രാഷ്ട്രീയത്തിൽ കെ കരുണാകരൻ മാത്രമേയുള്ളൂ എന്നായിരുന്നു സതീശൻ്റെ പ്രതികരണം. താൻ ലീഡറല്ലെന്നും ലീഡർ വിളിയിലും ക്യാപ്റ്റൻ വിളിയിലും വീഴില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. തൻറെ മാത്രം ഫ്ലക്സ് വെച്ചാൽ അത് ശരിയല്ലെന്നും എല്ലാവരുടെയും ഫ്ലക്സ് വെക്കണമെന്നും അദ്ദേഹം ആവശഅയപ്പെട്ടു. തൻറെ മാത്രം ചിത്രമുള്ള ഫ്ലക്സ് വെച്ചിട്ടുണ്ടെങ്കിൽ ഇന്നു തന്നെ മാറ്റിക്കുമെന്നും തിരുവനനന്തപുരം വിമാനത്താവളത്തിൽ വെച്ച് സതീശൻ മാധ്യമങ്ങളോടു പറഞ്ഞു. കെ കരുണാകരനു ശേഷം കോൺഗ്രസിൽ ലീഡർ എന്ന വിശേഷണം നേടുന്ന ആദ്യ നേതാവാകും വിഡി സതീശൻ.






  തിരുവനന്തപുരം ഡിസിസി നേതാക്കളുടെ നേതൃത്വത്തിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതെന്നാണ് വിവരം. ജില്ലയിലെ നേതാക്കൾ സതീശന് വലിയ സ്വീകരണവും ഒരുക്കിയിരുന്നു എന്നാൽ ഒരു വിഭാഗം നേതാക്കൾക്ക് ഇതിനോടു താത്പര്യമില്ലെന്നും 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലടക്കം തുടർച്ചയായി പരാജയപ്പെട്ടതിനു ശേഷമാണ് തൃക്കാക്കരയിലെ വിജയം. എന്നാൽ ഇതൊരു തുടക്കം മാത്രമാണെന്നും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും സംഘടനയുടെ ദൗർബല്യം പരിഹരിച്ച് മുന്നോട്ടു പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ വിഡി സതീശനെ പ്രവർത്തകർ തോളിലേറ്റിയായിരുന്നു ആഹ്ലാദം പ്രകടിപ്പിച്ചത്. 






  എന്നാൽ ഇത് പ്രവർത്തകരുടെ സന്തോഷമാണെന്നായിരുന്നു വിഡി സതീശൻ്റെ പ്രതികരണം. തൃക്കാക്കരയിൽ ജയിച്ചാലും തോറ്റാലും അതിൻ്റെ ഉത്തരവാദിത്തം തനിക്കാണെന്ന പ്രഖ്യാപനവുമായാണ് വിഡി സതീശൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുഡിഎഫിലെ പല നേതാക്കളുടെയും അസാന്നിധ്യം തൃക്കാക്കരയിൽ ചർച്ചയായിരുന്നു. എന്നാൽ പ്രചാരണതന്ത്രങ്ങൾ ഒരുക്കാൻ ചുക്കാൻ പിടിച്ചത് സതീശനായിരുന്നു. ഇതോടെ വിഡി സതീശൻ റിയൽ ക്യാപ്റ്റൻ എന്ന തരത്തിലുള്ള വിശേഷണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു.

Find out more: