ഇന്ത്യയിൽ 93% പേരും ശ്വസിക്കുന്നത് മലിനമായ വായു; യു.എസ് പഠന റിപ്പോർട്ട് പുറത്ത്! മലിനീകരിക്കപ്പെട്ട വായു ജനങ്ങളുടെ ആയുസ് ഒന്നര വർഷം കുറക്കുന്നതായും യു.എസിലെ ഹെൽത്ത് ഇഫക്ട്‌സ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. കാൻസർ രോഗബാധിതരുടെ ആയുസിലുണ്ടാവുന്ന കുറവിനെക്കാൾ അധികമാണത്രെ ഇത്. ഇന്ത്യയിലെ 93 ശതമാനം ജനങ്ങളും അപകടകരമായ തോതിൽ മലിനീകരിക്കപ്പെട്ട വായുവാണ് ശ്വസിക്കുന്നതെന്ന് റിപ്പോർട്ട്. 24 മണിക്കൂറിൽ അധികം ഇത്തരം വായു ശ്വസിക്കുന്നത് ആസ്തമക്കും ഹൃദ്രോഗങ്ങൾക്കും കാരണമാവാം. കണ്ണുകൾ, മൂക്ക്, തൊണ്ട, തുടങ്ങിയ അവയവങ്ങളിൽ താൽക്കാലിക അസ്വസ്ഥതകളുണ്ടാവാനും ഈ പദാർത്ഥങ്ങൾ അടങ്ങിയ വായു കാരണമാവുമെന്നാണ് യു.എസിലെ ഗവേഷകർ പറയുന്നത്.





   രാജ്യത്തെ വായുവിൽ 2.5 മൈക്രോണിൽ താഴെ വലുപ്പമുള്ള പാർട്ടിക്കുലേറ്റ് മാറ്റർ (പി.എം) വളരെ കൂടുതലാണെന്നാണ് റിപ്പോർട്ട് പറയുന്നത്. അന്തരീക്ഷ വായുവിൽ അടങ്ങിയിരിക്കുന്ന ഖര, ദ്രവ കണികകളാണ് പി.എം എന്ന് അറിയപ്പെടുന്നത്. ശ്വസിക്കുമ്പോൾ ശ്വാസകോശത്തിൽ എത്തുന്ന ഇവ രക്തത്തിലും കലരും. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ 95 ശതമാനം ജനങ്ങൾക്കും ഈ വായുവാണ് ലഭിക്കുന്നത്. ഈ നാലു രാജ്യങ്ങൾക്ക് ശേഷമാണ് മോശം വായുവുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമതായി ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈജിപ്റ്റിലെയും പാക്കിസ്താനിലെയും ബംഗ്ലാദേശിലെയും മുഴുവൻ ജനങ്ങളും പി.എം 2.5 അടങ്ങിയ വായുവാണ് ശ്വസിക്കുന്നതെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.





    2019ൽ ലോകത്തുണ്ടായ മരണങ്ങളിലെ 70 ലക്ഷവും വായുമലിനീകരണം മൂലമുള്ളതായിരുന്നു. ഇതിൽ ഭൂരിഭാഗത്തിനും കാരണം പിഎം2.5 ആണ്. ''വികസ്വര രാജ്യങ്ങളിലെയും ദരിദ്രരാജ്യങ്ങളിലെയും ജനങ്ങളാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ വ്യാപക ഉപയോഗം വായുവിൽ പി.എം2.5 രൂപപ്പെടാൻ കാരണമാവുന്നു. പാചകത്തിന് വിറകും മറ്റും ഉപയോഗിക്കുന്നതും പ്രശ്‌നമാണ്. അന്തരീക്ഷ വായുവിന്റെ ഗുണം അൽപ്പം മെച്ചപ്പെടുന്നത് പോലും ആരോഗ്യത്തിൽ വലിയ പുരോഗതിയുണ്ടാക്കും.''--റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇന്ന് ലോകത്തുണ്ടാവുന്ന ഒമ്പത് മരണങ്ങളിൽ ഒന്ന് വായുമലിനീകരണം മൂലമുള്ളതാണ്. 2019ൽ ഇന്ത്യയിൽ നടന്ന മരണങ്ങളിൽ 9.79 ലക്ഷം വായുമലിനീകരണം മൂലമുള്ളതായിരുന്നു. ''വായു മലിനീകരണം ഇന്ത്യയിൽ നിരവധി മരണങ്ങൾക്ക് കാരണമാവുന്നു.





 അത് ജനങ്ങളുടെ ആയുസിൽ വലിയ കുറവാണുണ്ടാക്കുന്നത്. ഏകദേശം 1.5 വർഷമാണ് ഇന്ത്യക്കാരുടെ ആയുസിലെ കുറവ്. കാൻസർ ബാധിക്കുന്നവർക്ക് 1.39 വയസ് കുറയുമെന്നാണ് വിലയിരുത്തൽ. വായുമലിനീകരണം അതിലും വലിയ നഷ്ടമാണുണ്ടാക്കുന്നത്.''--റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു ക്യൂബിക് മീറ്റർ വായുവിൽ അഞ്ച് മൈക്രോഗ്രാം കണികകൾ ഉണ്ടാവുന്നത് കൊണ്ട് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പക്ഷെ, ഈ നിലവാരം പുലർത്താൻ ഒരു ലോകരാജ്യത്തിനും കഴിഞ്ഞിട്ടില്ലെന്ന് ഹെൽത്ത് ഇഫക്ട്‌സ് ഇൻസ്റ്റിറ്റിയട്ടിന്റെ റിപ്പോർട്ട് പറയുന്നു.
 

Find out more: