ഇന്ധനവില വർധനവിനു പിന്നാലെ ജയ ബച്ചൻ രംഗത്ത്! ആരാണ് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്ന് അറിയില്ലെന്നായിരുന്നു രോഷത്തോടെ ജയ ബച്ചൻ്റെ പ്രതികരണം. മുൻപ് അഖിലേഷ് യാദവ് പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോൾ സംഭവിച്ചതെന്നും സമാജ്‍വാദി പാർട്ടി എംപിയായ ജയ ബച്ചൻ പറഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ധനവില വർധിപ്പിച്ചതിനു പിന്നാലെ ബിജെപി സർക്കാരിനെതിരെ വിമർശനവുമായി ജയ ബച്ചൻ എംപി. ഇപ്പോൾ പെട്രോൾ വില കൂട്ടിയതു പോലുള്ള നടപടി കേന്ദ്രസർക്കാർ എപ്പോഴും ചെയ്യുന്നുണ്ടെന്ന് ജയ ബച്ചൻ കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ കേന്ദ്രസർക്കാർ പെട്രോൾ വില വർധിപ്പക്കുമെന്ന് അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് ജയ ബച്ചൻ ട്വീറ്റ് ചെയ്തു.





  അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് പെട്രോൾ , ഡീസൽ വിലയിൽ മാറ്റം വരുത്തുന്നതായിരുന്നു പതിവെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് നൂറു ദിവസത്തിലധികം രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ നിൽക്കുകയായിരുന്നു. എന്നാൽ ഇത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാക്കൾ അടക്കം ആരോപിച്ചിരുന്നു. നാലു മാസത്തിനു ശേഷമാണ് ഇന്നലെ രാജ്യത്ത് പെട്രോൾ വില വർധിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വന്ന് ദിവസങ്ങൾക്കുള്ളിലാണ് പുതിയ നിരക്കുവർധന. നിയമസഭാ തെരഞ്ഞെ‍ുപ്പുകൾ കഴിയുന്നതിനു പിന്നാലെ ഇന്ധനവില വർധിക്കുമെന്നായിരുന്നു അഖിലേഷ് യാദവ് യുപിയിൽ നടന്ന പരിപാടിയിൽ ചൂണ്ടിക്കാട്ടിയത്.





  "കർഷകർക്ക് ട്രാക്ടറുകൾ പോലും ഓടിക്കാൻ കഴിയുന്നില്ല. ഇത് മനസ്സിൽ വെച്ചോളൂ. മാധ്യമങ്ങൾ പോലും ഈ വാർത്ത എഴുതിത്തുടങ്ങി. തെരഞ്ഞെടുപ്പ് കഴി‍ഞ ഉടൻ തന്നെ ബിജെപി സർക്കാർ പെട്രോൾ വില 200 രൂപയാക്കി വർധിപ്പിക്കും." അഖിലേഷ് യാദവ് പറഞ്ഞു. സമാജ്‍‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഫെബ്രുവരി 26ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ചൊവ്വാഴ്ച രാജ്യത്ത് പെട്രോളിനും ഡീസലിനും 80 പൈസ വീതമാണ് വർധിച്ചത്. ഇതിനു പിന്നാലെ പാചകവാതകത്തിനും സിലിണ്ടറിന് 50 രൂപ വര‍ധിപ്പിച്ചിരുന്നു. നവംബറിനു ശേഷം ഇതാദ്യമായാണ് ഇന്ധനവിലയിൽ മാറ്റമുണ്ടാകുന്നത്. 




  അഖിലേഷ് യാദവിനും ജയ ബച്ചനും പുറമെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയോടു ചോദിച്ചാൽ പാത്രം കൊട്ടാൻ പറയും എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. പെട്രോൾ, ഡീസൽ വിലകൾക്കു മേൽ സർക്കാർ പ്രഖ്യാപിച്ച 'ലോക്ക് ഡൗൺ' അവസാനിച്ചെന്നും ഇനി വില അടിയ്ക്കടി 'വികസിക്കുമെന്നു'മായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.തെരഞ്ഞെടുപ്പിനു ശേഷം ബിജെപി സർക്കാർ ജനങ്ങൾക്ക് വിലക്കയറ്റത്തിൻ്റെ മറ്റൊരു സമ്മാനം നൽകുമെന്നും അഖിലേഷ് യാദവ് ആരോപിച്ചിരുന്നു.

Find out more: