അച്ഛന് പിറന്നാൾ ആശംസകൾ അറിയിച്ച് ഗോകുൽ സുരേഷ്! അച്ഛന് പിറന്നാൾ ആശംസകൾ അറിയിച്ച് മകൻ ഗോകുൽ സുരേഷും ഇൻസ്റ്റഗ്രാമിൽ എത്തി. അച്ഛന് ഒപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രത്തിനൊപ്പമാണ് ഗോകുലിന്റെ ആശംസ. മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ ജന്മദിനമാണ് ഇന്ന്. സിനിമാ സഹപ്രവർത്തകരും ആരാധകരും നടന് ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. ''പാപ്പൻ എന്ന ചിത്രത്തിലെ ഈ ഫോട്ടോ പങ്കുവയ്ക്കുമ്പോൾ, അച്ഛന് ഒപ്പം ഇങ്ങനെ ഒരു ഫ്രെയിമിൽ നിൽക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണെന്ന് കരുതുന്നു.



    വീട്ടിൽ സൂപ്പർ അച്ഛനായും സ്‌ക്രീനിലെ കഥാപാത്രങ്ങളായും കാണുന്നത് മുതൽ ക്യാമറയ്ക്ക് പിന്നിലെ പ്രഭാവലയം നിരീക്ഷിക്കുന്നത് വരെയും എനിക്ക് അഭിമാനം തോന്നുന്നു. എല്ലാത്തിനും നന്ദി, ജന്മദിന ആശംസകൾ അച്ഛാ' എന്നാണ് ഗോകുലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സുരേഷ് ഗോപിയും പങ്കുവച്ചിട്ടുണ്ട്. സുരേഷ് ഗോപിയെയും ഗോകുൽ സുരേഷിനെയും ഒന്നിപ്പിച്ച് ജോഷിയാണ് പാപ്പൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലും അച്ഛനും മകനുമായിട്ടാണ് ഇരുവരും എത്തുന്നത്.




  ഇവരെ കൂടാതെ സണ്ണി വെയിൻ, നൈല ഉഷ, നീത പിള്ളൈ, കനിഹ, ആശ ശരത്ത്, മാളവിക മോഹൻ, വിജയ രാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും ഇല്ലാത്ത നടനാണ് സുരേഷ് ഗോപി. ആ ഒരു പൗരുഷം സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രങ്ങളിലും കാണാൻ സാധിക്കുന്നു. ആക്ഷൻ ചിത്രങ്ങളും, നെടുനീളൻ മാസ് ഡയലോഗുകളും സുരേഷ് ഗോപി പറയുമ്പോൾ അതിന് പ്രത്യേകം ഒരു ഊർജ്ജം അനുഭവപ്പെടാറുണ്ട്. അനാഥനാണെങ്കിലും പണം കൊണ്ടും സ്‌നേഹം കൊണ്ടും സമ്പന്നനായ ഡെന്നീസ് എന്ന കഥാപാത്രമായിട്ടാണ് സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിൽ സുരേഷ് ഗോപി എത്തിയത്. 



   ഇതിൽ ആക്ഷനും മാസും ഒന്നും ഉണ്ടായിട്ടില്ല. ഇമോഷൻ രംഗങ്ങളും തനിക്ക് വഴങ്ങും എന്ന് സുരേഷ് ഗോപി ഈ സിബി മലയിൽ ചിത്രത്തിലൂടെ തെളിയിച്ചു. ആക്ഷൻ എലമന്റ്‌സ് ഉള്ള വാണിജ്യ സിനിമകൾ മാത്രമല്ല, കളിയാട്ടം പോലുള്ള കലാമൂല്യമുള്ള ചിത്രങ്ങളും സുരേഷ് ഗോപി ചെയ്തിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത ചിത്രം 1997 ൽ ആണ് പുറത്തിറങ്ങിയത്. ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കണ്ണൻ പെരുമലയം എന്ന കഥാപാത്രത്തിലൂടെ സുരേഷ് ഗോപി സ്വന്തമാക്കി.

Find out more: