'ഒടിടി ചിത്രങ്ങൾക്ക് ഫെഫ്ക എതിരല്ല, പക്ഷേ രജിസ്ട്രേഷൻ നടത്താതിരിക്കരുത് എന്ന് ഫെഫ്ക! സംഘടന ഒടിടി ചിത്രങ്ങൾക്ക് എതിരല്ലെന്നും തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അത്തരം ചിത്രങ്ങൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ റജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കാര്യകാരണ സഹിതം ഫെഫ്ക ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വേതനവുമായി ബന്ധപ്പെട്ടു ഒടിടി പ്ലാറ്റ്ഫോമുകൾക്കായി ജോലി ചെയ്യുന്നവരുടെ പരാതികൾ പരിഹരിക്കാൻ ഇത്തരം സംവിധാനം ആവശ്യമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



  തീയേറ്റർ - ഓടിടി റിലീസുകൾ സംബന്ധിച്ച സിനിമാലോകത്തെ ചർച്ചകൾ വാർത്താകോളങ്ങളിലെ സ്ഥിരസാന്നിധ്യമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഫെഫ്ക. തിയറ്ററുകൾക്കായി എടുത്ത ചിത്രങ്ങൾ തിയറ്ററിലും അല്ലാത്തവ ഒടിടിയിലും പ്രദർശിപ്പിക്കണമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഓടിടി വഴി ചലച്ചിത്ര പ്രവർത്തകർക്കു കൂടുതൽ ജോലി സാധ്യത ലഭിക്കുകയാണെന്നും സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോൾ അവയ്ക്കൊപ്പം മുന്നോട്ടു പോകാനാണു ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെലിവിഷൻ വന്നപ്പോൾ അത് അക്കാലത്ത് സിനിമയെ ബാധിക്കുമെന്ന പറച്ചിലുകൾ വ്യാപകമായിരുന്നു, പക്ഷേ ഇന്ന് അത് രണ്ടും ഒരുമിച്ചു പോകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി.




  ഒടിടി റിലീസുകളും സിനിമകളും ഒരുമിച്ചു പോകണം എന്നാണ് ഫെഫ്ക എടുത്തിരിക്കുന്ന നിലപാട്. വനിതകൾക്കു ലഭ്യമായ ജോലികളെ കുറിച്ചു ബോധവൽക്കരണം നടത്താൻ വനിതാ വികസന കോർപറേഷനുമായി ചേർന്നു എറണാകുളത്തു ക്യാംപ് നടത്തുമെന്നും സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ നടൻ ജോജു ജോർജ്ജും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള പ്രശ്നത്തെ കുറിച്ചും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. കോവിഡ് സാഹചര്യം കണക്കിലെടുത്തു ചലച്ചിത്ര മേഖലയിലെ തൊഴിലാളികളുടെ ഡിസംബറിൽ പുതുക്കേണ്ട വേതനകരാർ 6 മാസത്തേക്കു കൂടി നീട്ടിയെന്നും ഫെഫ്കയുടെ 19 യൂണിയനുകളിലും വനിതകൾക്കു ജോലി ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. 




  ജോജു വിഷയത്തിൽ ഷൂട്ടിങ് ലൊക്കേഷനുകളിൽ സമരം വേണ്ടെന്ന് വെച്ച കോൺഗ്രസ് നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും ഈ വിഷയത്തിൽ ഫെഫ്ക ഒത്തുതീർപ്പു ചർച്ചയ്ക്കു മുൻകൈ എടുത്തിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. ജോജുവിന് വ്യക്തിപരമായി ഏതു നിലപാടും എടുക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതിൽ ഫെഫ്ക ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തിൽ ബി.ഉണ്ണികൃഷ്ണനെ ഒറ്റപ്പെടുത്തി കൂട്ടമായി അക്രമിക്കുന്നതിനെതിരെ സംഘടന പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്.

Find out more: