ക്ലൈമാക്സ് പൊളിച്ചടുക്കി 'കാപ്പ'! പ്രേക്ഷകൻ തീരെ പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റിൽ കൊണ്ടെത്തിച്ച് സിനിമ അവസാനിപ്പിക്കുമ്പോൾ തങ്ങൾ ഇത്രയും നേരം കണ്ടത് കാപ്പയല്ല, എഴുത്തുകാരനും സംവിധായകനും ചേർന്ന് നടത്തിയ കൺകെട്ടു വിദ്യയാണെന്ന് പ്രേക്ഷകൻ തിരിച്ചറിയും.അവസാനത്തെ പത്തു മിനുട്ട്, പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ലെന്ന് തോന്നിയേക്കാവുന്ന ആ പത്തുമിനുട്ടിൽ നിന്നാണ് കാപ്പയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ വന്നു നിറയുന്നത്. ഗുണ്ടാ ആക്ടായ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷ്യൻ ആക്ട് അഥവാ കാപ്പ കൊണ്ടൊരു സിനിമയുണ്ടാക്കുമ്പോൾ, അത് ഗുണ്ടകൾക്കിടയിൽ നിന്ന് പല ജില്ലകളേയും മോചിപ്പിക്കുന്നതിന് വഹിച്ച പങ്ക് മാത്രമല്ല അതിനെ മറികടക്കാനാവുന്ന രീതികളും കൂടി പ്രതിപാദിക്കേണ്ടി വരുമെന്നത് തീർച്ചയാണ്. അതുതന്നെയാണ് ഒറ്റ വാക്കിൽ പറഞ്ഞാൽ കാപ്പ. ഇതുവരെ കണ്ടതല്ല ഗുണ്ടകൾ, കാണാനിനിരിക്കുന്നതാണ് അവരെന്ന് തിരിച്ചറിയുമ്പോൾ ഇത്രയും ശക്തമായിരുന്നോ ഇത്രയും നേരം കണ്ട ഈ കഥാപാത്രങ്ങളെന്നും പ്രേക്ഷകന് അതിശയിക്കും.
ഷാജി കൈലാസിന്റെ മുൻകാല മാസ് ചിത്രങ്ങളുടെ വരി പിടിച്ചു തന്നെയാണ് കാപ്പയും പോകുന്നത്. മാസ് സംഭാഷണങ്ങളും പൃഥ്വിരാജ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന സംഘട്ടന രംഗങ്ങളും സിനിമയിലേക്ക് കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന സംഗതികളാണ്. നായകൻ ഒറ്റയ്ക്ക് അഞ്ചോ പത്തോ എതിരാളികളെ മലർത്തിയടിക്കുന്ന കാലമൊക്കെ കഴിഞ്ഞെങ്കിലും കാപ്പയിൽ അതൊക്കെ രസകരമായി കണ്ടിരിക്കാൻ സാധിക്കും. ആക്ഷൻ രംഗങ്ങൾ വളരെ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ കുടിപ്പകയുമായി പരസ്പരം വെട്ടിയും കുത്തിയും കൊന്നും കാലം കഴിക്കുന്ന ഗുണ്ടാ സംഘങ്ങൾക്കിടയിലേക്ക് സാധാരണക്കാരായ ഏതാനും മനുഷ്യർ വന്നുപെടുന്നു. അവർക്കാവട്ടെ ഈ ഗുണ്ടാ സംഘങ്ങളുടെ കാര്യങ്ങളെ കുറിച്ചൊന്നും വലിയ പിടിപാടുമില്ല.
അവരും ഗുണ്ടകളുമെല്ലാം ചേർന്നൊരു മാസ് എന്റർടെയ്നറാണ് ഷാജി കൈലാസ് ഒരുക്കിയിരിക്കുന്നത്.അടുത്ത കാലത്തിറങ്ങിയ മലയാള സിനിമയിലെ പുതിയകാല നായകൻമാർ പലരും തങ്ങളുടെ തലമുറയിലെ മറ്റു നായകന്മാർക്കോ നായികമാർക്കോ തങ്ങൾക്ക് തുല്യമായ വേഷം കൂടെ ചെയ്യുന്നതിൽ വലിയ മുഷിപ്പൊന്നും പ്രകടിപ്പിച്ചു കാണുന്നില്ല. അറിയിപ്പിൽ കുഞ്ചാക്കോ ബോബനേക്കാൾ പ്രാധാന്യം ദിവ്യപ്രഭയ്ക്കും ജയജയജയഹേയിൽ ബേസിൽ ജോസഫിനേക്കാൾ ദർശന രാജേന്ദ്രനും ടീച്ചറിൽ അമലാ പോളിനേയും പോലെ കിട്ടിയത്രയുമില്ലെങ്കിലും കാപ്പയിൽ അപർണ ബാലമുരളിയും അന്നബെന്നും തിളങ്ങി നിൽക്കുന്നുണ്ട്. രംഗത്തുവരുന്ന സമയവും അഭിനയിച്ച രംഗങ്ങളുടെ എണ്ണത്തിനുമപ്പുറം കരുത്തുറ്റ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനോളം പോന്ന പ്രാധാന്യം ചിത്രത്തിൽ ആസിഫ് അലിക്കുമുണ്ട്. കൊട്ടമധുവെന്ന ഗുണ്ടയും അയാളെ പിന്തുണക്കുന്ന സർക്കാർ ജീവനക്കാരിയായ ഭാര്യയും ഒരു ഭാഗത്തും ഐ ടി എൻജിനിയറും അയാളുടെ ഭാര്യ ബിനു ത്രിവിക്രമനുമാണ് കഥയിൽ പ്രത്യക്ഷത്തിലും പരോക്ഷത്തിലുമായി എത്തുന്നത്.
കൊട്ട മധു പ്രത്യക്ഷമായും പരോക്ഷമായും ഗുണ്ടയാണ്. അയാൾ ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും യാത്ര ചെയ്യുന്നതും സംസാരിക്കുന്നതുമെല്ലാം ഗുണ്ടയായിട്ടു തന്നെയാണ്. പക്ഷേ, മറ്റു ചിലരുണ്ട്, അവർ ഗുണ്ടയാണെന്ന ഒരു തിരിച്ചറിവും കിട്ടില്ലെന്ന് മാത്രമല്ല രംഗത്തൊരിടത്തും ഗുണ്ടയായി പ്രത്യക്ഷപ്പെടുന്നുമില്ല. ബംഗളൂരുവിൽ ഐ ടി എൻജിനിയറായിരിക്കെയാണ് യുവദമ്പതികൾ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയെത്തുന്നത്. പുതിയ ഫ്‌ളാറ്റിൽ താമസം തുടങ്ങിയതിന് പിന്നാലെ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് പതിവ് അന്വേഷണവുമായി പൊലീസുകാരനെത്തുന്നു. അതോടെ ആ യുവാവിന്റെ അവസ്ഥകളിൽ വലിയ മാറ്റം വരുന്നു. അധോലോകത്തിന്റെ ഒരു കളിയുമറിയാത്ത അവൻ അതിലെല്ലാം ചെന്നു പെടുകയും അവരുടെ ഇടനിലക്കാരനായി മാറേണ്ടി വരികയും ചെയ്യുന്നു. വഞ്ചിക്കപ്പെടുന്നൊരു യുവാവ് മാത്രമാണ് അവൻ. ബാക്കിയെല്ലാവരും കളിയറിഞ്ഞ് കളിച്ചവരായിരുന്നു. അവനാകട്ടെ ഒരു കളിയും അറിഞ്ഞില്ല, തുടക്കത്തിലും ഒടുക്കത്തിലും. കംപ്യൂട്ടറിന് മുമ്പിലെ വെറുമൊരു ജീവി മാത്രമായിരുന്നു.
Find out more: