യോഗിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി നിയമസഭയിൽ! ഉത്തർ പ്രദേശിലെ നേതാക്കൾ കേരളത്തിൻ്റെ നേട്ടം അംഗീകരിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് നടത്തിയത് രാഷ്ട്രീയ പരാമർശമായതിനാൽ ആ നിലയ്ക്ക് മറുപടി പറയുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തെ താഴ്ത്തിക്കെട്ടിയുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പരാമർശത്തിന് നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി. അഖിലേഷ് യാദവിനെപ്പോലുള്ള നേതാക്കൾ കേരളത്തിൻ്റെ മികവ് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള താരതമ്യത്തിന് ഇപ്പോൾ മുതിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങൾക്ക് കൈയ്യബദ്ധം പറ്റരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ മാനവവികസന സൂചികകളിലും യുപിയെക്കാൾ ഏറെ മുന്നിലാണ് കേരളമെന്നും ബിജെപി തോൽക്കുന്നതു കൊണ്ട് യുപി കേരളമാകുമെങ്കിൽ അത് നല്ലതാണെന്നും പ്രതികരിച്ച് അന്നു തന്നെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. യുപിയിലെ ജനങ്ങൾ ബിജെപിയ്ക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ യുപി കേരളം പോലെയാകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പ്രസ്താവന.
കണ്ണൂർ തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ്റെ കൊലപാതകം സംബന്ധിച്ചും മുഖ്യമന്ത്രി നിയമസഭയിൽ പ്രതികരിച്ചു. കണ്ണൂരിൽ നടന്നത് അതിക്രൂരമായ കൊലപാതകമാണെന്നും കണ്ണൂരിനെ കലാപ ഭൂമിയാക്കാനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ കേരളത്തിൻ്റെ പുരോഗതി അംഗീകരിച്ച് സമാജ്‍വാദി പാർട്ടി അധ്യക്ഷനും യോഗി ആദിത്യനാഥിൻ്റെ എതിരാളിയുമായ അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. കേരളം യുപിയെക്കാൾ ഏറെ മുന്നിലാണെന്നും ഇതൊന്നും യോഗി ആദിത്യനാഥിന് അറിയില്ലെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഇക്കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ചൂണ്ടിക്കാട്ടിയത്.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. മൂന്നെണ്ണത്തിൽ ആർഎസ്എസ്-ബിജെപി സംഘവും രണ്ടെണ്ണത്തിൽ എസ്ഡിപിഐയും ഒന്നിൽ കോൺഗ്രസുകാരുമാണ് പ്രതിസ്ഥാനത്തെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. ഓരോ സംഭവം നടക്കുമ്പോഴും അത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പോലീസിനെ നിയന്ത്രിക്കുന്നത് പാർട്ടി നേതാക്കളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Find out more: