എറണാകുളം സെൻ്റ്. മേരീസ് ബസിലിക്കയിൽ കുർബാന തർക്കം; ബലിപീഠം തള്ളിമാറ്റി,വിളക്കുകൾ പൊട്ടിച്ചു! രാത്രിയുടനീളം വിമതപക്ഷം ജനാഭിമുഖ കുർബാന നടത്തിയിരുന്നു. ഈ സമയം ഔദ്യോഗിക പക്ഷം പള്ളിക്കുള്ളിൽ നിലയുറപ്പിച്ചിരുന്നു. ഇന്ന് രാവിലെ അൾത്താരയിലേക്കു തള്ളിക്കയറിയ ഔദ്യോഗിക പക്ഷം ബലിപീഠമടക്കം തള്ളിമാറ്റി, വിളക്കുകൾ പൊട്ടിവീണു. കുർബാന തുടരുമെന്നും അൾത്താരയിൽനിന്നു ഇറങ്ങിപ്പോകില്ലെന്നുമുള്ള നിലപാടിലാണ് വിമതപക്ഷത്തെ വൈദികർ. വൻ പോലീസ് സന്നാഹം പള്ളിക്കുള്ളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കുർബാനയെ ചൊല്ലി എറണാകുളം സെൻ്റ്. മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സംഘർഷം. അൾത്താരയ്ക്കു മുന്നിൽ ഔദ്യോഗിക, വിമത പക്ഷങ്ങൾ ഏകീകൃത, ജനാഭിമുഖ കുർബാനകൾ അർപ്പിച്ചു. പലതവണ ഇരു വിഭാഗവും നേർക്കുനേർ എത്തിയെങ്കിലും പോലീസ് ഇടപെട്ടതോടെ സംഘർഷം ഒഴിവാകുകയായിരുന്നു.




   ഇന്ന് രാവിലെ 10 മണിയോടെയാണ് വീണ്ടും സംഘർഷാവസ്ഥ ഉണ്ടായത്. ഇരു വിഭാഗവും പോർവിളികളും അസഭ്യവർഷവും മുഴുക്കുകയാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് തർക്കം തുടങ്ങിയത്. രാത്രി എട്ടുമണിവരെ ഇരു വിഭാഗവും അൾത്താരയിൽനിന്നു നേർക്കുനേർ ഏകീകൃത, ജനാഭിമുഖ കുർബാനകൾ അർപ്പിച്ചിരുന്നു. ഇതിനു ശേഷം ഔദ്യോഗിക പക്ഷം പിരിഞ്ഞു പോയി, വിമതപക്ഷം ജനാഭിമുഖ കുർബാന തുടർന്നു. ഇടയ്ക്ക് ഔദ്യോഗിക വിഭാഗം തടസപ്പെടുത്താനെത്തിയെങ്കിലും പോലീസ് തടഞ്ഞു. സംഘർഷം ഒഴിവാക്കാനായി ഇരുവിഭാഗത്തെയും പള്ളിയിൽനിന്നു പുറത്തിറക്കുമെന്ന് എറണാകുളം എസിപി പറഞ്ഞു. വിഷയം ചർച്ചചെയ്യാനായി ഡിസിപി ഇരു വിഭാഗത്തെയും വിളിപ്പിക്കും. ഇന്നലെ മുതൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘർഷം ഉണ്ടാകുമ്പോൾ പോലീസിന് ഇടപെടാതിരിക്കാൻ കഴിയില്ലെന്നും എസിപി അറിയിച്ചു.





പ്രശ്നത്തിൻ്റെ തുടക്കം സിനഡിന്റെ തീരുമാനത്തെ തുടർന്നാണെന്നും വിഷയം പരിഹരിക്കാൻ സിനഡ് ആണ് ചർച്ചയ്ക്കിരിക്കേണ്ടതെന്നും വിമത വിഭാഗം വൈദികർ പ്രതികരിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിൽ സിറോ മലബാ‍ർ സഭയുടെ ഏകീകൃത കുർബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ത‍ർക്കം ഒടുവിൽ കയ്യങ്കളിയിലേയ്ക്ക്. ഏകീകൃത കു‍ർബാനയെ അനുകൂലിക്കുന്ന ഔദ്യോഗിക പക്ഷവും എതി‍ർക്കുന്ന വിമതപക്ഷവും തമ്മിൽ സെൻ്റ് മേരീസ് ബസിലിക്കയിൽ ചേരി തിരിഞ്ഞ് ഏറ്റു മുട്ടിയതോടെ പള്ളി അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും തർക്കം അവസാനിക്കാതെ വന്നതോടെ പ്രശ്നപരിഹാരത്തിനായി മെത്രാൻതല സമിതി രൂപീകരിച്ചതിനു ശേഷമാണ് സംഘർഷം നടന്നതെന്നാണ് ശ്രദ്ധേയം. ഇതോടെ കുർബാന ഏകീകരണം നടപ്പാക്കാൻ ഇനിയും വൈകുമെന്ന കാര്യം ഉറപ്പായി. 





ഞായറാഴ്ച ദിവസം രാവിലെ ഏകീകൃത കു‍ർബാന അർപ്പിക്കാനായി മാർ ആൻഡ്രൂസ് താഴത്ത് എത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ തടയാനായി വിമവിഭാഗം ബസിലിക്കയിൽ തമ്പടിച്ചത്. അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരുടെയും പിന്തുണ വിമതപക്ഷത്തിനുണ്ട്. മെത്രാൻ പള്ളിയിൽ പ്രവേശിക്കുന്നതു തടയാനായി വൻ ജനാവലി പള്ളിയ്ക്കുള്ളിൽ തമ്പടിക്കുകയായിരുന്നു. എന്നാൽ ആൻഡ്രൂസ് താഴത്തിനെ സ്വീകരിക്കാനായി എതി‍ർവിഭാഗവും ബസിലിക്കയ്ക്ക് പുറത്തെത്തിയിരുന്നു. പോലീസ് സംരക്ഷണത്തിൽ മാർ ആൻഡ്രൂസ് താഴത്ത് ബസിലിക്കയിലേയ്ക്ക് പ്രവേശിക്കാൻ തുടങ്ങിയതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. വിശ്വാസികളും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനു പുറമെ ഏകീകൃത കു‍ർബാന അനുകൂലികൾ ഗേറ്റ് ചവിട്ടിപ്പൊളിച്ച് അകത്തേയ്ക്ക് കടന്നു.

Find out more: