ബജറ്റ് അവതരണം; നിരാശാജനകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ! സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ യാതൊരു ഇടപെടലുകൾ നടത്തിയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രതീക്ഷയോടെയാണ് കേരളം ബജറ്റിനെ കണ്ടത്. എന്നാൽ സംസ്ഥാനത്തിൻ്റെ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിക്കപ്പെട്ടില്ല. കർഷകരെ സഹായിക്കാൻ കഴിയുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഉണ്ടായിട്ടില്ല. കഴിഞ്ഞ ബജറ്റിലെ വിഹിതം തന്നെയാണ് തൊഴിലുറപ്പ് പദ്ധതിക്ക് ഇത്തവണയും അനുവദിച്ചിരിക്കുന്നത്. താങ്ങുവിലയിലടക്കം പ്രതീക്ഷിച്ച തൊഴിലവസരങ്ങളൊന്നും ഉണ്ടായില്ല. കൊവിഡ് പ്രതിരോധ വാക്സിന് വേണ്ടി നീക്കിവെച്ചത് കുറഞ്ഞ തുക മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിൻ വിതരണം എല്ലാവരിലേക്ക് എത്തിയിട്ടില്ല. ഇനി ബൂസ്റ്റർ ഡോസ് അടക്കം നൽകാനിരിക്കെയാണ് വാക്സിൻ വിതരണത്തിനായുള്ള വിഹിതത്തിൽ കുറവുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന് എയിംസ് എന്ന ദീർഘകാലമായുള്ള ആവശ്യവും നടപ്പിലായില്ല. ഇത് തികച്ചും നിരാശാജനകമാണ്. ജിഎസ്ടി നഷ്ടപരിഹാര കാലാവധി കൂട്ടിയില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും. കാർഷിക മേഖല, ഭക്ഷ്യ സബ്സിഡി ഇനങ്ങളിൽ മാറ്റിവെച്ച തുക കുറവാണ്. സഹകരണ സംഘങ്ങൾക്ക് നികുതി കുറച്ചത് വലിയ കാര്യമല്ലെന്നും വാർത്താസമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജിഎസ്‍ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നത് അടക്കം 18 ആവശ്യങ്ങളായിരുന്നു കേരളം കേന്ദ്രസർക്കാരിനു മുന്നിൽ വെച്ചത്.
എന്നാൽ സംസ്ഥാനം ആവശ്യപ്പെട്ട കാര്യങ്ങൾ കേന്ദ്രം അംഗീകരിച്ചതായി ബജറ്റ് പ്രസംഗത്തിൽ നിന്ന് വ്യക്തമല്ല. അടിസ്ഥാന സൗകര്യമേഖലയിൽ കേന്ദ്രം അധികമായി നടത്തുന്ന നിക്ഷേപവും സംസ്ഥാനങ്ങൾക്കുള്ള കൂടുതൽ ധനസഹായവും കേരളത്തിനും ഗുണം ചെയ്തേക്കും. രാജ്യത്തെ പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഉണ്ടായിട്ടില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് വലിയ പ്രസന്ധിയുണ്ടാക്കും. ഇന്ധനവില കൂടാനുള്ള സാഹചര്യമുണ്ട്. രണ്ട് രൂപ കൂടാനാണ് സാധ്യതയുള്ളത്.
കെ റെയിലിന് സഹായമുണ്ടോ ഇല്ലയോ എന്നറിയില്ല. നിലവിലെ പ്രഖ്യാപനത്തിൽ അതുമായി ബന്ധപ്പെട്ട് ഒന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ബിസിനസ് വികസനത്തിന് 'ഒരു രാജ്യം, ഒരു രജിസ്‌ട്രേഷൻ' പദ്ധതി നടപ്പിലാക്കുമെന്ന നിർണായക പ്രഖ്യാപനം നടത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രത്യേക സാമ്പത്തിക മേഖല (സെസ്) നിയമനത്തിൽ സംസ്ഥാനങ്ങളെ കൂടു ഉൾപ്പെടുത്തി പങ്കാളികളാക്കാൻ കഴിയുന്നതരത്തിൽ നിയനിർമ്മാണം നടത്തുമെന്ന് രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാമത്തെ പൂർണ ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു.
Find out more: