സുധാകരൻറെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാൻ അനുവദിക്കില്ലെന്ന് വിഡി സതീശൻ! തെരുവ് ഗുണ്ടയുടെ ഭാഷയിലാണ് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ പി സി സി അധ്യക്ഷനെതിരെ സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാലൻറെ റോൾ കൈകാര്യം ചെയ്യുന്നത് തങ്ങളാണെന്ന തെറ്റിദ്ധാരണയാണ് സി പി എം നേതാക്കൾക്ക്. ഇതൊന്നും കേരളത്തിലെ കോൺഗ്രസിനു മുന്നിൽ വിലപ്പോകില്ലെന്നും വി ഡി സതീശൻ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിൻറെ വിവാദ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരോ ജില്ലകളിലും ഗുണ്ടകളെ സംരക്ഷിക്കുന്നത് ഇതുപോലുള്ള ജില്ലാ സെക്രട്ടറിമാരാണ്. മയക്കു മരുന്ന് സംഘങ്ങളെ വളർത്തുന്നതും സി പി എം നേതാക്കളാണ്.
അവരുമായുള്ള ഇടപഴകൽ കൂടിയതു കൊണ്ടാണ് സി പി എം ജില്ലാ സെക്രട്ടറി തെരുവ് ഗുണ്ടയുടെ ഭാഷയിൽ സംസാരിക്കുന്നതെന്നും വിഡി സതീശൻ വിമർശിച്ചു. കെ സുധാകരൻറെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാൻ കോൺഗ്രസുകാർ അനുവദിക്കില്ല. ഒരു ഭീഷണിയും വേണ്ട. ഇത് ഗുണ്ടാ രാഷ്ട്രീയമാണ്. നേതാക്കൻമാരാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്താൻ താഴെത്തട്ടിലുള്ള ആളുകളെയും പ്രേരിപ്പിക്കുന്നത്. പണ്ട് താമരശേരി ബിഷപ്പിനെതിരായ പരാമർശമാണ് ഇടുക്കി ജില്ലാ സെക്രട്ടറി ഇപ്പോൾ സുധാകരനെതിരെ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം ഭീഷണികൾക്ക് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുധാകരൻ നികൃഷ്ട ജീവിയാണെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്. ഈ വാക്ക് മലയാളം നിഘണ്ടുവിന് സംഭവന ചെയ്തത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസിൻറെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു വിവാദ പരാമർശം. കെ സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താൽപ്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമായിരുന്നു സി വി വർഗീസ് ഇടുക്കിയിൽ പ്രസംഗിച്ചതെന്നാണ് റിപ്പോർട്ട്. ''ധീരജ് കേസിലെ കോൺഗ്രസ് പ്രവർത്തകരായ പ്രതികൾ നിരപരാധികളാണെന്നും ധീരജ് മരണം ഇരന്നുവാങ്ങിയതാണെന്നും സുധാകരൻ പറഞ്ഞു.
പ്രതികളെ ജയിലിൽ നിന്നിറക്കി ഇടുക്കിയിലൂടെ നടത്തുമെന്നും പറഞ്ഞു. സുധാകരൻ ഇടുക്കിയിൽ വന്ന് പറഞ്ഞതിനുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്. അത്തരം പരമാർശം നടത്തേണ്ടിയിരുന്നോ എന്ന് സുധാകരനാണ് പറയേണ്ടത്''. സന്ദർഭത്തിന് അനുസരിച്ചുള്ള ഒരു മറുപടിയാണ് നൽകിയതെന്നും സി വി വർഗീസ് വ്യക്തമാക്കി. തൻറെ വാക്കുകൾ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സി വി വർഗീസ് രംഗത്തെത്തി. സുധാകരൻ ഇടുക്കിയിൽ വന്ന് പറഞ്ഞതിനുള്ള മറുപടിയാണ് താൻ പറഞ്ഞതെന്നാണ് വർഗീസ് പറയുന്നത്.
Find out more: