മുഖ്യമന്ത്രിയുടെ അറിവോടെ അക്രമം; കളിച്ചാൽ ഞങ്ങളും കളിക്കും എന്ന് സുധാകരൻ! രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമമെന്നും വി ഡി സതീശൻ ആരോപിച്ചു. കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും.അധികം കളിച്ചാൽ തിരിച്ചടിക്കുമെന്നായിരുന്നു കെ സുധാകരൻ്റെ മുന്നറിയിപ്പ്. പോലീസിൻ്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയർന്ന നാണംകെട്ട ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിൽ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും വി ഡി സതീശൻ ആരോപിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെയാണ് രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ ഗുണ്ടകൾ അടിച്ചു തകർത്തതെന്ന് വി ഡി സതീശൻ ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാനായി ബിജെപി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. വിമാനത്തിൽ പ്രതിഷേധം, പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസ്, രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത എസ്എഫ്ഐ ഗുണ്ടകൾക്കെതിരെ എന്ത് നടപടിയെടുത്തു. ബിജെപി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് അക്രമികളെ പറഞ്ഞുവിട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംസ്ഥാനത്ത് കലാപ ആഹ്വാനമാണ് നടത്തുന്നത്.
ഇത് ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയവും സിപിഎം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞ് വരികയാണ്. സർക്കാരിന്റെ ഒത്താശയോടെ സിപിഎമ്മും ക്രിമിനൽ സംഘങ്ങളും കോൺഗ്രസ് നേതാക്കൾക്കും പാർട്ടി ഓഫീസുകൾക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരം ബഫർസോൺ ആക്കണമെന്ന് 2019 ഒക്ടോബർ 23 ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാർശയുണ്ട്.
ബഫർസോണിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത എസ്എഫ്ഐക്കാർ സമരം നടത്തേണ്ടത് പിണറായി വിജയൻ്റെ ഓഫീസിലേക്കാണ്. ബഫർസോണിൽ യാഥാർഥത്തിൽ കുറ്റവാളികളായി നിൽക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുൽ ഗാന്ധിയെ ശക്തമായി എതിർക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സിപിഎം ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
Find out more: