ഓരോ സർവകലാശാലയ്ക്കും വെവ്വേറെ ചാൻസലർ; ഗവർണറുടെ അധികാരം ഇല്ലാതാകും; കരുനീക്കവുമായി പിണറായി സർക്കാർ! ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ സാന്നിധ്യം അപ്രസക്തമാക്കുന്ന പുതിയ നീക്കങ്ങളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മുൻപ് പശ്ചിമ ബംഗാൾ സർക്കാർ അടക്കം ഗവർണർക്കെതിരെ സ്വീകരിച്ച നടപടികളുടെ പാതയിലാണ് കേരളത്തിൻ്റെയും പോക്ക്. സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഭിന്നത വീണ്ടും രൂക്ഷമാകുന്നതിനിടെ ഗവർണറുടെ അധികാരങ്ങൾ ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട്. എന്നാൽ ഓരോ സർവകാലാശാലയ്ക്കും പ്രത്യേകം ചാൻസലർമാർ വേണമെന്നാണ് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്യുന്നത്.
കൂടാതെ എല്ലാ സർവകലാശാലയിലും മുഖ്യമന്ത്രി വിസിറ്ററായിരിക്കും. വൈസ് ചാൻസലർമാരുടെ കാലാവധി 5 വർഷമായി നിജപ്പെടുത്താനും തീരുമാനമുണ്ട്. രണ്ടാമതും നിയമിക്കേണ്ട സാഹചര്യമുണ്ടായാൽ പ്രായപരിധി 75 വയസായിരിക്കണമെന്നും ശുപാർശയുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ കുറവുള്ള വടക്കൻ കേരളത്തിൽ കൂടുതൽ സ്ഥാപനങ്ങൾ അനുവദിക്കണമെന്നത് അടക്കമുള്ള ശുപാർശകൾക്കൊപ്പമാണ് ഗവർണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കാനുള്ള നീക്കവും.നിലവിൽ കേരളത്തിൽ സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള എല്ലാ സർവകലാശാലകളുടെയും ചാൻസലർ ഗവർണറാണ്.സംസ്ഥാന കാബിനറ്റ് പാസാക്കിയ 11 ഓർഡിനൻസുകൾ ഇന്നലെ ഗവർണർ ഒപ്പിടാതെ മടക്കിയതോടെ അസാധുവായിരുന്നു. ഇവയിൽ ഗവർണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന ഓർഡിനൻസുമുണ്ട്. സർവകലാശാല നിയമനത്തിൽ ഉൾപ്പെടെ ഗവർണറുടെ ഇടപെടൽ ഒഴിവാക്കുന്നതാണ് ഓർഡിനൻസ്.
എന്നാൽ അവസാന തീയതിയിലും ഗവർണർ ഒപ്പിടാതെ മടക്കിയതോടെ ഓർഡിനൻസ് അസാധുവായി. അതേസമയം, ഓർഡിനൻസിനു പകരം നിയമസഭയിൽ ഭൂരിപക്ഷമുള്ള സർക്കാരിന് ബിൽ പാസാക്കിയാൽ ഗവർണർക്ക് ഒപ്പിടാതെ നിവൃത്തിയില്ല. ഒപ്പിടൽ പരമാവധി വൈകിപ്പിക്കാമെന്നു മാത്രമാണ് ഗവർണർക്ക് ചെയ്യാനാകുക. നിലവിൽ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ നിശ്ചയിക്കുന്നത് ഗവർണറാണ്. എന്നാൽ ഇതിനു പകരം ഈ പ്രതിനിധിയെ സർക്കാർ നിശ്ചയിക്കണമെന്നും തീരുമാനം ഗവർണറെ അറിയിക്കണമെന്നുമാണ് ശുപാർശ. നിയമപരിഷ്കരണ കമ്മീഷൻ്റെ ശുപാർശ അനുസരിച്ച് സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളുടെ നിയന്ത്രണം സംബന്ധിച്ച് രണ്ട് ഭേദഗതികളാകും വരികയെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ വൈസ് ചാൻസലറാക്കാനുള്ളവരുടെ പാനൽ നൽകുമ്പോഴും മാറ്റങ്ങളുണ്ടാകും.
നിലവിൽ മൂന്നംഗങ്ങളുള്ള സെർച്ച് കമ്മിറ്റിയ്ക്ക് ഒറ്റയ്ക്ക് ഒരു പാനൽ സമർപ്പിക്കുകയോ പകരം മൂന്നംഗങ്ങൾക്കും വെവ്വേറെ പാനലുകൾ സമർപ്പിക്കുകയോ ചെയ്യാൻ അവസരമുണ്ട്. എന്നാൽ ഇതിനു പകരം കമ്മിറ്റിയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ അംഗീകരിക്കുന്ന പാനൽ മാത്രമായിരിക്കും ഔദ്യോഗിക പാനലായി ഗവർണർക്ക് കൈമാറുക. അതായത് സർവകലാശാല സെനറ്റ് പ്രതിനിധിയും സർക്കാർ നിയമിക്കുന്ന ചാൻസലറുടെ പ്രതിനിധിയും മാത്രം തീരുമാനിച്ചാൽ വൈസ് ചാൻസലർ ആരാകണമെന്ന് തീരുമാനിക്കാനാകും. ഈ പാനലിൽ നിന്ന് നിയമനം നടത്തുക മാത്രമായിരിക്കും ഗവർണർക്ക് മുന്നിൽ ചെയ്യാനുള്ളത്. ഇതോടെ വൈസ് ചാൻസലർ നിയമനത്തിൽ പൂർണനിയന്ത്രണം സംസ്ഥാന സർക്കാരിനാകും.
Find out more: