വിദ്യാർഥികൾക്ക് നേരെയുള്ള സംഘർഷം ജെഎൻയുവിൽ കുതിച്ചുയരുകയാണ്. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരെ മര്‍ദിച്ചത് മുഖം മറച്ച് ആയുധങ്ങളുമായി എത്തിയ മനുഷ്യ മൃഗങ്ങൾ ആയിരുന്നു. മുഖംമറച്ചെത്തിയ സംഘം വടികളും ഹാമറുമടക്കം ഉപയോഗിച്ച് ഹോസ്റ്റലുകളിലേക്ക് കയറി വന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ജെ.എന്‍.യു ലോകത്തിന്  മുന്നിൽ ഇന്ന് ഒരു യുദ്ധ ഭൂമിയാണ്.

 

    ജനാധിപധ്യം ഇന്ന് വെറുമൊരു വാക്കായി മാത്രം ഒതുങ്ങപ്പെട്ടിരിക്കുന്നു. എന്നാൽ ജെ.എന്‍.യു വിഷയത്തിൽ മുഖംമൂടി വീരന്മാരെ പരിഹസിച്ചും, വിമർശിച്ചും, നിരവധിപേരാണ് രംഗത്ത്  എത്തിയിരിക്കുന്നത്.  രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍, മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിന് ശേഷവും ഭരണ സംവിധാനങ്ങള്‍ നിഷ്ക്രിയരായി ഇരിക്കുന്നെങ്കില്‍ നമ്മുടെ രാജ്യത്തിന് സാരമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് ടൊവിനോ ഫേസ് ബുക്കില്‍ കുറി ച്ചത്. അവസാനം നമ്മളോര്‍ക്കുക ശത്രുവിന്‍റെ വാക്കുകളല്ല, മറിച്ച് സുഹൃത്തുക്കളുടെ നിശബ്ദതയാണ് എന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ടൊവിനോ കുറിപ്പ് അവസാനിപ്പിച്ചത്.

 

   രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍,മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്ക്രിയരായി ഇരിക്കുന്നെങ്കില്‍ , നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്.നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ,ഇവിടെ എല്ലാം സാധാരണമാണു എന്നു നിങ്ങളില്‍ ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണത്. മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല !ഇങ്ങനെയായിരുന്നു ടോവിനോയുടെ പ്രതികരണം.

 

   എന്നാൽ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കയറി വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊന്നൊടുക്കുന്നതിന് തുല്യമാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. "അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും കേന്ദ്രങ്ങളായ സര്‍വകലാശാലകളില്‍ കയറിച്ചെന്ന്, ക്രമസമാധാന നിയമങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാതെ വിദ്യാര്‍ഥികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊന്നൊടുക്കലാണ്. ഇത് ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണ്, അതിന് ഏറ്റവും കടുത്ത ശിക്ഷ നല്‍കണം." പൃഥ്വിരാജ് പോസ്റ്റില്‍ പറയുന്നു.ജെ.എന്‍.യുവിലെ സംഭവം മൃഗീയവും പേടിപ്പെടുത്തുന്നതുമാണെന്നായിരുന്നു നിവിന്‍ പോളി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

 

    മൃഗീയതയുടെ അങ്ങേയറ്റത്തെ അവസ്ഥയാണിത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചവരെ എത്രയും വേഗം ശിക്ഷിക്കണം. ഈ വിദ്വേഷത്തിനും അക്രമത്തിനുമെല്ലാമെതിരെ നമ്മള്‍ ഒന്നിച്ചു നില്‍ക്കണമെന്നായിരുന്നു നിവിൻപോളിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം. ഏറ്റവും കഠിനമായ ശിക്ഷയ്ക്ക് അർഹമായ കൊടും ക്രിമിനൽ കുറ്റമാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. അതെ, സ്വന്തം രാജ്യത്ത് ഇനി മറ്റൊരു ഭീകര സംഘടന കേറിയിറങ്ങി കലാപം സൃഷ്ടിക്കും എന്ന് പേടിക്കണ്ട, അതിനു സജ്ജരായ കുറെ മനുഷ്യ ജന്മങ്ങളെ നമ്മുടെ ഭരണാധികാരികൾ തന്നെ രാജ്യത്ത് വാർത്തെടുത്തിട്ടുണ്ട്.

 

    നടി  മഞ്ജു വാരിയർ ഈ വിഷയത്തിൽ പ്രതികരിച്ചത് വളരെയധികം വേദനയോടെയാണ്. ജെ.എൻ.യുവിൽ നിന്നുള്ള ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി.ജെ.എൻ.യു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്.

 

    പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാൻ വിട്ട അമ്മമാരിൽ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു എന്നായിരുന്നു മഞ്ജുവിന്റെ വാക്കുകൾ.

 

    എന്നാൽ ഇതൊന്നും ഒന്നുമല്ല എന്ന രീതിയിൽ, ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളേയും, അധ്യാപകരേയും,  അടക്കമുളളവരെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കേരളത്തിലെ ബിജെപി നേതാക്കള്‍. തലപൊട്ടി ചോരയൊലിക്കുമ്പോഴും, മീഡിയയ്ക്കു ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണ്. സ്ക്രിപ്റ്റ് എഴുതിയ മഹാന്റെ  ബുദ്ധി.

 

   ദേശീയ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാണ് എന്താണ് സംഭവിച്ചതെന്ന്, കെരളത്തിലെ മാധ്യമ സിംഹങ്ങളിൽ നിന്ന് ഈ റിപ്പോർട്ടിങ്ങല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ശോഭ സുരേന്ദ്രൻ കുറിച്ചത്. കഷ്ട്ടം സ്വന്തം തലക്കും ഇതുപോലെ അടികിട്ടുമ്പോൾ ശോഭ സുരേന്ദ്രൻ ഇത് തന്നെ പറയുമോ എന്ന് കണ്ടറിയാം. ഇതുപോലുള്ള നേതാക്കന്മാരാണ് ഇന്ത്യ എന്ന രാജ്യത്തിന്റെ പരാജയം. അത് അവർ സ്വയം വ്യക്തമാക്കി തരികയാണ് നമുക്കിപ്പോൾ. 

మరింత సమాచారం తెలుసుకోండి:

jnu