വലിയ ചുവടുകളുമായി വാലിബൻ; സർപ്രൈസ് പുറത്തുവിട്ട് സംവിധായകൻ! ചിത്രത്തിൻ്റെ ടൈറ്റിൽ അനൗൺസ്മെൻ്റ് പോലെ തന്നെ പോസ്റ്ററിലും നിഗൂഡകൾ നിറച്ചാണ് ഒരുക്കിയിരിക്കുന്നത്. മല കയറുന്ന വാലിബൻ്റെ വലിയ കാൽപാദങ്ങൾ പതിഞ്ഞു കിടക്കുന്ന പോസ്റ്ററാണ് പങ്കുവെച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇത് മോഹൻലാൽ ആരാധകരും സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ആരാധകരും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. പ്രതീക്ഷകളെ മലയോളം ഉയർത്തി മലൈക്കോട്ടൈ വാലിബൻ്റെ പുതിയ പോസ്റ്റർ എത്തിയിരിക്കുന്നു. ഈസ്റ്റർ ആശംസകൾ നേർന്ന് ലിജോ ജോസ് പെല്ലിശേരി പങ്കുവെച്ച ചിത്രമാണ് നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.
ഏപ്രിൽ 14 വിഷു ദിനത്തിൽ മലൈക്കോട്ടൈ വാലിബൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തുമെന്നുള്ള വിളംബരത്തോടെയാണ് സംവിധായകൻ പോസ്റ്റ് പങ്കുവെച്ചത്.
ചിത്രത്തിലെ മോഹൻലാലിൻ്റെ കഥാപാത്രത്തെ കാണാനായി കാത്തിരിക്കുകയാണ് ആരാധകരും. ഇതുവരെ മോഹൻലാലിൻ്റെ ലുക്ക് സംബന്ധിച്ച് ഒരു വിവരവും പുറത്തുവന്നിട്ടില്ല. വളരെ രഹസ്യ സ്വഭാവത്തോടെയാണ് രണ്ട് ഷെഡ്യൂൾ ചിത്രീകരണവും പൂർത്തിയാക്കിയിരുന്നത്. വാലിബൻ്റെ പോസ്റ്ററും ചിത്രങ്ങളും ഒരു മുൻധാരണയുമില്ലാതെ പുറത്തുവിടുമ്പോൾ പ്രേക്ഷകർക്കുണ്ടാകുന്ന സർപ്രൈസ് ഫാക്ടറിനായാണ് വാലിബൻ്റെ അണിയറ പ്രവർത്തകരുടെ ശ്രമം. മോഹൻലാലിൻ്റെ മികച്ച ഗെറ്റപ്പുകളാണ് ചിത്രത്തിൽ ഒരുക്കുന്നത്. നിലവിൽ മലയ്ക്കോട്ടെ വാലിബൻ മോഹൻലാൽ ആരാധകരുടെ പ്രതീക്ഷയുടെ ഗ്രാഫ് ഉയർത്തിയിരിക്കുവാണ്. ടൈറ്റിൽ അന്നൗൺസ്‌മെൻ്റും ചില ലൊക്കേഷൻ ചിത്രങ്ങളും മാത്രമാണ് സിനിമയുടേതായി ഇതുവരെ സോഷ്യൽ മീഡിയയിലെത്തിയിട്ടുള്ളത്.
മോഹൻലാൽ അവതരിക്കുന്ന എന്ന ടൈറ്റിലിൽ തന്നെ പ്രേക്ഷകൻ്റെ ആകാംഷയെ കൃത്യമായ സ്ഥലത്ത് തൊട്ടുണർത്തിയതിനു പിന്നിൽ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ്റെ ഇടപെടലുമുണ്ട്. ലിജോ എന്ന മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ മോഹൻലാൽ എന്ന അഭിനയ പ്രതിഭയെ, സൂപ്പർസ്റ്റാറിനെ എങ്ങനെ അവതരിപ്പിക്കും എന്നറിയാനുള്ള കൗതുകമാണ് ഇന്ന് ഓരോ സിനിമാ പ്രേമിക്കുമുള്ളത്. മലൈക്കോട്ട വാലിബൻ്റെ രാജസ്ഥാനിലെ 77 ദിവസം നീണ്ട ഷൂട്ടിംഗ് അവസാനിപ്പിച്ച് അണിയറ ടീം തിരിച്ചു കേരളത്തിലെത്തിയിരുന്നു.
മെയ് ആദ്യം മൂന്നാം ഘട്ട ഷൂട്ടിംഗ് ആരംഭിക്കും. ഇതിനോടകം ചിത്രത്തിനെപ്പറ്റി അഭ്യൂഹങ്ങൾ നിരവധിയാണ് പ്രചരിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ കാലത്ത് നടക്കുന്ന ഒരു പീരിയഡ് ഡ്രാമയാണെന്നും ദി ഗ്രേറ്റ് ഗാമ എന്നറിയപ്പെടുന്ന ഗുലാം മുഹമ്മദ് ഭക്ഷ് ഭട്ട് എന്ന റെസ്ലിംഗ് ഗോദയിലെ അജയനായ ഗുസ്തികാരൻ്റെ കഥയാണെന്നും കഥകൾ പ്രചരിച്ചിരുന്നു. ഏപ്രിൽ 14ന് ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തുമ്പോൾ ഈ കാര്യത്തിൽ വ്യക്ത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Find out more: