യുകെയിലെ ഇംപീരിയൽ കോളേജ് ഓഫ് ലണ്ടനിലെ സംഘമാണ് കൊവിഡ് 19 വാക്സിൻ മൂക്കിലൂടെ വലിച്ചുള്ള പരീക്ഷണം നടത്താൻ ഒരുങ്ങുന്നത്. സാധാരണ രീതിയിൽ വാക്സിൻ കുത്തിവെക്കുന്നതിനെക്കാള്‍ ഫലപ്രദം ഇത്തരത്തിൽ വാക്സിൻ നല്‍കുന്നതായിരിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. നെബുലൈസര്‍ യന്ത്രത്തിൻ്റെയും മാസ്സിൻ്റെയും സഹായത്തോടെ ആസ്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് മരുന്നു നല്‍കുന്ന മാതൃകയിലാണ് കൊവിഡ് വാക്സിനും നല്‍കുക. നിലവിൽ ഫ്ലൂ വാക്സിനും കുത്തിവെയ്പ്പല്ലാതെ ഇത്തരത്തിൽ നേസൽ സ്പ്രേ രൂപത്തിൽ നല്‍കുന്നുണ്ട്.പൂര്‍ണ ആരോഗ്യമുള്ള 30 വോളണ്ടിയര്‍മാര്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ നല്‍കുക. സ്പ്രേ അല്ലെങ്കിൽ എയ്റോസോള്‍ രൂപത്തിലായിരിക്കും വാക്സിൻ ശ്വാസകോശത്തിലേയ്ക്ക് കടത്തി വിടുക.
"മൂക്കിൻ്റെയും തൊണ്ടയുടെയും ശ്വാസകോശങ്ങളുടെയും ഉള്‍ഭാഗത്തെ തൊലിയെ ഏറ്റവുമാദ്യം ബാധിക്കുന്ന ഒരു റെസ്പിറേറ്ററി വൈറസാണ് ഇപ്പോൾ മഹാമാരി ഉണ്ടാക്കുന്നത്. ഈ ഭാഗങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുത്ത ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും പ്രതിരോധശേഷി ഉണ്ടാക്കും. അതുകൊണ്ട് പേശികളിൽ കുത്തിവെക്കുന്നതിനെക്കാളും ശ്വാസനാളിയിലേയ്ക്ക് വാക്സിൻ നല്‍കിയാൽ കൂടുതൽ ഫലമുണ്ടാകുമോ എന്ന് കണ്ടെത്തേണ്ടത് അതിപ്രധാനമാണ്." ഗവേഷണം നയിക്കുന്ന ഡോ. ക്രിസ് ചിയു പറഞ്ഞു.കൊവിഡ്-19 രോഗബാധയുടെ സ്വഭാവമാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് ഇംപീരിയൽ കോളേജിലെ ഗവേഷകര്‍ പറയുന്നത്.
സ്പ്രേ രൂപത്തിൽ ജനങ്ങള്‍ക്ക് വാക്സിൻ നല്‍കിയാൽ കുത്തിവെക്കുന്നതിനെക്കാള്‍ കുറച്ച് ഡോസ് മാത്രമേ ആവശ്യമായി വരൂ എന്നതിനാൽ ഉത്പാദനവും എളുപ്പമാകും. ഇത്തരം പരീക്ഷണങ്ങള്‍ വാക്സിൻ ഗവേഷണത്തെയും സഹായിക്കുമെന്നാണ് ഇംപീരിയൽ കോളേജ് വാക്സിൻ ഗവേഷണസംഘത്തിലെ വിദഗ്ധൻ റോബിൻ ഷട്ടോക് പറയുന്നത്. "ചിലപ്പോള്‍ ഒരു കൂട്ടര്‍ക്ക് ശരിയായ വാക്സിൻ കൈവശമുണ്ടാകും. പക്ഷെ വാക്സിൻ നല്‍കുന്ന രീതി തെറ്റായിരിക്കും. ഇത്തരം പരീക്ഷണങ്ങളിലൂടെ മാത്രമേ അക്കാര്യങ്ങള്‍ വ്യക്തമാകൂ." അദ്ദേഹം പറഞ്ഞു.സീസണൽ ഫ്ലൂവിന് നല്‍കുന്ന വാക്സിൻ മൂക്കിലൂടെ സ്പ്രേ രൂപത്തിൽ നല്‍കിയാലും ഗുണമുണ്ടാകുമെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുള്ളതായി വാര്‍ത്താ ഏജൻസിയായ എപിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.
click and follow Indiaherald WhatsApp channel