മോശം അനുഭവമുണ്ടായെന്ന വിൻസിയുടെ വെളിപ്പെടുത്തൽ: ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ഷൈൻ ടോമും! കഴിഞ്ഞദിവസമായിരുന്നു ഒരു സിനിമ സെറ്റിൽവെച്ച് മോശം അനുഭവം നേരിടേണ്ടിവന്നെന്ന് വിൻസി വെളിപ്പെടുത്തിയത്. വിൻസി നടൻ്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ഫിലിം ചേംബറിനും താരസംഘടനയ്ക്കും നൽകിയ പരാതിയുടെ വിശദാംശങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. ഷൈനാണ് ആ താരമെന്നാണ് റിപ്പോർട്ടുകൾ. ഇതേസാഹചര്യത്തിലാണ് ഷൈനിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയും ചർച്ചയാകുന്നത്.ലഹരി ഉപയോഗിച്ച നടനിൽ നിന്നും മോശം അനുഭവമുണ്ടായെന്ന നടി വിൻസി അലോഷ്യസിൻ്റെ പ്രതികരണം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി നടൻ ഷൈൻ ടോം ചാക്കോ.'ലഹരി ഉപയോഗിച്ച ആളിൽ നിന്ന് തനിക്ക് നേരിട്ട് ദുരനുഭവം ഉണ്ടായി. ആ സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടു.
അവർ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ പിന്നീട് തുടർന്നത്' എന്നുമായിരുന്നു വിൻസി പറഞ്ഞത്. ഇ വാർത്തയാണ് ഷൈൻ ടോം ചാക്കോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.അതേസമയം തൻ്റെ പരാതി പുറത്തുവന്നതെങ്ങനെയെന്ന് അറിയില്ലെന്നും നടൻ്റെ പേരും സിനിമയുടെ പേരും പുറത്തുവിടരുതെന്ന് പരാതിയിൽ പറഞ്ഞിരുന്നെന്നുമാണ് വിൻസി പറയുന്നത്. സിനിമക്ക് പ്രശ്‌നമുണ്ടാകുമെന്ന് കരുതിയാണ് സിനിമയുടെ ഐസിസിയോട് പരാതിയില്ലെന്ന് പറഞ്ഞിരുന്നത്. സിനിമയുടെ ഭാവി നോക്കണമായിരുന്നു. ഒരാൾ ചെയ്തതിൻ്റെ പേരിൽ എല്ലാവരും അനുഭവിക്കേണ്ടതില്ലെന്നും താരം പറഞ്ഞു.ഈ സംഭവത്തെ തുടർന്നാണ് ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്നും വിൻസി അലോഷ്യസ് പറഞ്ഞു.
എല്ലാ സംഘടനകളിലെയും അംഗങ്ങൾ വിളിച്ചു സംസാരിച്ചിരുന്നു. എല്ലാവരും പരാതി സത്യവും വ്യക്തവുമാണെന്നറിഞ്ഞപ്പോൾ പിന്തുണക്കുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. സിനിമ സെറ്റിൽ ലഹരി ഉപയോഗം ഉണ്ടാകരുത്. പെരുമാറ്റം മാന്യവുമാകണമെന്നത് നിർബന്ധമാക്കണം. മാന്യമായി ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്ന് വിൻസി പറയുന്നു. തനിക്കൊപ്പം അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നായിരുന്നു
വിൻസി കഴിഞ്ഞദിവസം പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന തൻ്റെ പ്രസ്താവനയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നപ്പോഴാണ്. വിശദീകരണമെന്ന നിലയിൽ വിൻസി വെളിപ്പെടുത്തൽ നടത്തിയത്.വിൻസിയുടെ വെളിപ്പെടുത്തൽ എല്ലാ മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു. ഈ വാർത്തയുടെ കാർഡാണ് ഷൈൻ ടോം ചാക്കോ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്റ്റോറിയാക്കിയിരിക്കുന്നത്.
Find out more: