ബിജെപിയ്ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ മുന്നേറാൻ പ്രത്യേക പദ്ധതിയുമായി സിപിഎം! ജയിക്കേണ്ട ചില സ്ഥലങ്ങളിൽ സംഘടന പരിമിതിയുണ്ടായി, സൂക്ഷ്മ പരിശോധകളാണ് ഇത്തരം കാര്യങ്ങളിലാവശ്യമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി സംസ്ഥാന കമിറ്റി യോഗത്തിന് ശേഷം പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിജെപിയ്ക്ക് സ്വാധീനമുള്ളതും സിപിഎം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്ത മണ്ഡലങ്ങളുടെ കാര്യത്തിൽ പ്രത്യേക ഉത്തേജനപ്പാക്കേജ് തയ്യാറാക്കാൻ സിപിഎം തയ്യാറെടുക്കുകയാണ്. ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങളാകും ഇവിടെ നടക്കുകയെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് സീറ്റുകൾ വർധിപ്പിച്ച് ഭരണത്തുടർച്ച നേടാൻ കഴിഞ്ഞെങ്കിലും പരാജയപ്പെട്ട സീറ്റുകളുടെ കാര്യം സിപിഎം നേതൃത്വം ഗൗരവമായാണ് കാണുന്നത്.
പ്രദേശങ്ങളിലെ പ്രശ്നങ്ങൾ മനസിലാക്കി അവ പഠിച്ച് തിരുത്തലുകളുമായി ജനകീയത ശക്തിപ്പെടുത്തുകയാകും ഇതിലൂടെ ലക്ഷ്യമിടുക. അതാത് പ്രദേശങ്ങളിൽ നിലവിൽ സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടികളെയും അവരുടെ പ്രവർത്തനങ്ങളും മനസിലാക്കിയാകും ഇവിടുങ്ങളിലെ പ്രവർത്തനമെന്നാണ് റിപ്പോർട്ട്.ഇടതുമുന്നണി പിന്നിലുള്ള ബൂത്തുകളിൽ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി ബൂത്ത് തലത്തിൽ സിപിഎം ഉത്തേജനപ്പാക്കേജ് തയ്യാറാക്കുന്നെന്നാണ് മാതൃഭൂമി റിപ്പോർട്ട് പറയുന്നത്. സെക്രട്ടേറിയറ്റിൻറെ മേൽനോട്ടത്തിലായിരിക്കും ഇത്തരം പ്രദേശങ്ങളിലെ പ്രവർത്തനം. വോട്ടുകൾ കുറഞ്ഞുവരുന്ന പ്രദേശങ്ങളെ ബൂത്തടിസ്ഥാനത്തിൽ പഠിക്കുകയും പ്രദേശത്തിൻറെ ചുമതല മേൽഘടകത്തിലെ നേതാക്കൾക്ക് നൽകിയുമാകും പ്രവർത്തന രീതി.
പ്രത്യേക ബുത്തുകൾ കേന്ദ്രീകരിച്ച് നടത്തേണ്ട പ്രവർത്തനങ്ങളുടെ കർമപദ്ധതി സംസ്ഥാനസമിതി തയ്യാറാക്കിയെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നേതാക്കൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന രീതിയിലാകും പദ്ധതി നടപ്പിലാക്കുക. ഈ നിയോജക മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചപ്പോൾ ബിജെപിയ്ക്കും പിന്നിൽ മൂന്നാംസ്ഥാനത്ത് എത്താനെ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നുള്ളൂ. നിലവിൽ ബിജെപിയ്ക്ക് സ്വാധീനമുള്ളതും ഇടതുപക്ഷം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്ത പാലക്കാട്, കാസർകോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ മുന്നേറ്റമാകും ആദ്യ ലക്ഷ്യമെന്നാണ് മാതൃഭൂമി റിപ്പോർട്ട് പറയുന്നത്. പാർട്ടിയുടെ വിവിധ തലത്തിലായി നിർവഹിക്കേണ്ട 21 ചുമതലകളാണ് സംസ്ഥാനസമിതി അംഗീകരിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണിയ്ക്കുണ്ടായ അനുകൂല സാഹചര്യം നിലനിർത്തുക എന്നതിന് തന്നെയാകും പാർട്ടി പ്രഥമ പരിഗണന നൽകുക. എല്ലാ വിഭാഗത്തിൽപ്പെടുന്നവരെയും പരിഗണിച്ചാകും ഈ പ്രവർത്തനം. നിലവിൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്തുള്ള മണ്ഡലങ്ങളിലെ പ്രവർത്തനം പ്രത്യേക ചുമതലകൾക്കനുസരിച്ചാണ് നടപ്പിലാക്കുകയെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് പറയുന്നത്. അതേസമയം ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ, യുവാക്കളുടെയും മറ്റും സ്വാധീനഘടകങ്ങൾ, ജീവിതരീതി, സാംസ്കാരിക മേഖലയിലെയും വിദ്യാഭ്യാസ മേഖലയിലെയും ഇടപെടലുകൾ തുടങ്ങിയവ പാർട്ടി നേതൃത്വത്തിൽ പരിശോധിക്കുകയും പരിഹാരങ്ങൾ കാണുകയുമാകും പ്രത്യേക പദ്ധതിയിലൂടെ സിപിഎം ലക്ഷ്യമിടുക. പാർട്ടി ബന്ധമുള്ള വ്യക്തികളുടെ തെറ്റായ ഇടപെടലുകൾ തടയുകയും ലക്ഷ്യമിടുന്നെന്നും റിപ്പോർട്ട് പറയുന്നു.
Find out more: