സമാനതകളില്ലാത്ത കൊടിയ പീഡനമാണ് തിരുവനന്തപുരത്ത് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജേഷിന് നേരിടേണ്ടി വന്നത്.
ഒരു മനുഷ്യ ജീവിയെന്ന യാതൊരു പരിഗണനയും നൽകാതെയാണ് അജേഷിനോട് പ്രതികളായ ഓട്ടോറിക്ഷാ ഡ്രൈവർമാർ പെരുമാറിയത്.

 

    ജനനേന്ദ്രിയം വരെ തീ വെച്ച് പൊള്ളിച്ച ക്രൂരതയാണ്  കഴിഞ്ഞ ദിവസം അജേഷിനോട് ഓട്ടോ ഡ്രൈവർമാർ കാണിച്ചത്. മൊബൈലും പണവും വീട്ടിലുണ്ടാകുമെന്ന കണക്കു കൂട്ടലിൽ പ്രതികൾ അജേഷിനെ വീട്ടിലേക്ക് കൊണ്ടു പോയി. വണ്ടിത്തടം ജംക്ഷനിൽ നിന്ന് ആരംഭിച്ച മർദ്ദനത്തിന് ശേഷമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്. പിന്നീട വീട്ടിൽ വെച്ചപ്പോൾ മർദ്ദന മുറയുടെ രീതി മാറി.

 

   അജേഷിനെ ഓരോ പ്രതികളും വാശിക്ക് മർദ്ദിക്കുകയായിരുന്നു. വീട്ടുപരിസരത്തുനിന്ന് കമ്പുകൾ വെട്ടി വീട്ടിലെത്തിച്ച അജേഷിനെ പ്രതികൾ മർദിക്കുകയായിരുന്നു. അടിച്ചുകൊണ്ടിരുന്നപ്പോൾ കമ്പുകൾ ഒടിഞ്ഞു. വീണ്ടും പുതിയ കമ്പുവെട്ടി മാറി മാറിയുള്ള മർദനം തുടർന്നു. ശേഷം നിലവിളി പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി കുത്തിനിറച്ച് വീടിന്റെ അടുക്കളയിൽ കെട്ടിത്തൂക്കി.

 

    ആറര മണിക്കൂർ ക്രൂരമായ മർദ്ദനം തുടർന്നു. മൊബൈൽ ഫോൺ കിട്ടാത്തതിനെത്തുടർന്ന് അജേഷിനെ ഉപേക്ഷിച്ച് സംഘം കടന്നു.  പേടിച്ച് അജേഷ് സമീപത്തെ വാഴത്തോപ്പിൽ ഒളിച്ചിരുന്നു.  
നാട്ടുകാർ വിവരം അറിയുന്നത് തെരുവുനായ്ക്കൾ ഇയാളെ ആക്രമിക്കാനെത്തിയതോടെയാണു.

 

   ഡിസംബർ 11നു പുലർച്ചെ മലപ്പുറം സ്വദേശിയായ സജിമോന്റെ മൊബൈൽഫോൺ മോഷണം പോയതോടെയാണു സംഭവങ്ങളുടെ തുടക്കം. 40,000രൂപയും ബാഗും മോഷണം പോയത് തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ചാണ്. കമ്മലിട്ട മോഷ്ടാവിനെക്കുറിച്ചുള്ള സൂചന നൽകിയത് മറ്റൊരു യാത്രക്കാരനാണ്. സജിമോൻ ബസ് സ്റ്റാൻഡിനു പുറത്തെത്തി ഓട്ടോറിക്ഷ ഡ്രൈവർമാരോടു വിവരം പറഞ്ഞു.

 

   നാട്ടുകാരായ ഓട്ടോ ഡ്രൈവർമാർ മോഷ്ടാവിനെക്കുറിച്ചുള്ള സൂചനകളിൽ നിന്ന് അത് അജേഷായിരിക്കുമെന്ന് ഉറപ്പിച്ചു. അജേഷ് ഇടയ്ക്കിടെ വെള്ളായണിയിൽ നിന്ന് തമ്പാനൂരിൽ എത്തിയിരുന്നു. 
ഡ്രൈവർമാർ അജേഷിനായി തിരച്ചിൽ ആരംഭിച്ചത് മൊബൈലും പണവും തിരികെ ലഭിച്ചാൽ പ്രതിഫലം തരാമെന്ന സജിമോന്റെ വാഗ്ദാനത്തെത്തുടർന്നാണ്. അരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു അജേഷിന്റേതെന്നു നാട്ടുകാർ പറയുന്നു.

 

   രണ്ടു വർഷം മുൻപുവരെ സാധാരണ ജീവിതം നയിച്ചിരുന്ന അജേഷിന്റെ സ്വഭാവത്തിൽ പെട്ടെന്നാണു മാറ്റം ഉണ്ടായത്. ലഹരിയോടുള്ള ആസക്തിയാണ് നല്ലൊരു വാർക്കപ്പണിക്കാരനായിരുന്ന അജേഷിനെ അടിമുടി മാറ്റിയത്. ചിലപ്പോഴൊക്കെ മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. പണിക്കു പോകാതായതോടെ കമ്മലണിഞ്ഞു വേഷത്തിലും മാറ്റംവരുത്തിയതായി നാട്ടുകാർ പറയുന്നു. അജേഷിന് മേലുള്ള ഓട്ടോ റിക്ഷാ ഡ്രൈവറന്മാരുടെ മർദ്ദനം വണ്ടിത്തടം ജംക്ഷനിൽവച്ച് രാവിലെ എട്ടു മണിക്ക് തുടങ്ങിയതായിരുന്നു.

 

 

  അത് ഉച്ചയ്ക്ക് രണ്ടര വരെ നീണ്ടു. അജേഷിന് ഒന്ന് ഉറക്കെ കരയാൻ പോലും നിര്വാഹമില്ലായിരുന്നു. മരണത്തിന് തൊട്ടു മുമ്പ് വരെ ആകെ ഭയന്നു വിറച്ചിരുന്നു. വിഷയത്തിൽ ഇടപെട്ട നാട്ടുകാരോട് അക്രമികൾ അജേഷ് മോഷണക്കേസിൽ പ്രതിയാണെന്ന് പറഞ്ഞു. ഫോണും പൈസയും വീട്ടിൽ ഒളിപ്പിച്ചിരിക്കാമെന്ന സംശയത്തെത്തുടർന്ന് സംഘം അജേഷുമായി ഓട്ടോറിക്ഷയിൽ പാപ്പൻചാണിയിലെ വീട്ടിലേക്കു പോയി. ഒന്നാം പ്രതി ജിനേഷ് വർഗീസ് ആദ്യം മർദിച്ചു. പിന്നീട് തലകീഴായി മേൽക്കൂരയിലെ കമ്പിയിൽ കെട്ടിത്തൂക്കി.

 

   പരിസരത്തുള്ള കമ്പുകൾ അടുത്ത വീട്ടിൽ നിന്നും വെട്ടുകത്തി വാങ്ങി വെട്ടിയെടുത്തു. ഓരോ കമ്പും ഒടിയുന്നതുവരെ മർദ്ദനം തുടർന്നുകൊണ്ടേയിരുന്നു.പിന്നീട് വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളിച്ചു. എന്നിട്ടും മതിയാകാത്ത ഓട്ടോ ഡ്രൈവർമാർ മുറിവേറ്റ ഭാഗങ്ങളിൽ മുളക് തേച്ചു. മുഖത്ത് മർദിച്ചു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പൊള്ളിച്ചു.

 

   രാവിലെ എട്ടോടെ തുടങ്ങിയ മർദനം ആറര മണിക്കൂർ കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അവസാനിപ്പിച്ചത്. മോഷണ മുതൽ കണ്ടെടുക്കാൻ കഴിയാതായതോടെ അജേഷിനെ വീട്ടിൽ ഉപേക്ഷിച്ച് സംഘം മടങ്ങി.  അജേഷ് വാഴത്തോട്ടത്തിൽ ഒളിച്ചത് നിരങ്ങി നീങ്ങിയാണ്.

 

   അതിനിടെ തെരുവുപട്ടികൾ കുരച്ചെത്തിയതോടെ അജേഷ് വാഴത്തോട്ടത്തിൽ കിടക്കുന്ന കാര്യം നാട്ടുകാർ അറിയുകയായിരുന്നു. പൊലീസെത്തി അജേഷിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണു തിങ്കളാഴ്ച അജേഷ്  മരിച്ചത്.

Find out more: