വമ്പൻ നേട്ടം നേടി അണ്ണാത്തേ' 225 കോടി ക്ലബ്ബിൽ! തമിഴിലെ സൂപ്പർഹിറ്റ് ഡയറക്ടർ സിരുത്തൈ ശിവ രജനീകാന്തിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നത്. ചിത്രം ഇപ്പോഴിതാ ഇരുന്നൂറ്റി ഇരുപത്തിയഞ്ച് കോടി ക്ലബ്ബിൽ പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ്. സൂപ്പർസ്റ്റാർ രജിനികാന്ത് ചിത്രം ‘അണ്ണാത്തേ’ ദീപാവലിയ്ക്ക് തീയേറ്ററുകളിലെത്തിച്ച ആവേശം കൊട്ടിക്കയറുകയാണ്.  ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് ഇക്കാര്യം സാമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. അണ്ണാത്തേ ആദ്യ ദിനം 70 കോടി രൂപയാണ് ഗ്രോസ് കളക്ഷനായി സ്വന്തമാക്കിയത്. രണ്ടാം ദിവസം അണ്ണാത്തേ നേടിയത് 112 കോടി രൂപയായിരുന്നു. സഹോദര ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.




  ചിത്രത്തിൽ കാളിയൻ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. കീർത്തി സുരേഷാണ് കാളിയന്റെ സഹോദരി തങ്ക മീനാക്ഷിയായി എത്തുന്നത്. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി കേവലം 12 ദിവസം കൊണ്ടാണ് രജിനികാന്ത് ചിത്രം 225 കോടി ബോക്സോഫീസിൽ ഇടം നേടിയിട്ടുള്ളത്.  തമിഴ്‌നാട്ടിൽ മാത്രം 1500 സ്‌ക്രീനുകളിലാണ് അണ്ണാത്തേ എത്തിയത്. ഇത് കൂടാതെ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി 1100 സ്‌ക്രീനുകളിലും അണ്ണാത്തേ ഷോ കളിക്കുന്നുണ്ട്. രജിനികാന്തിന് നിരവധി ആരാധകരുള്ള കേരളത്തിലും ഒട്ടനവധി തീയേറ്ററുകളിൽ അണ്ണാത്തേ എത്തിയിരുന്നു.




  രജിനിയുടെ സ്റ്റൈലും മാസ് ഗെറ്റപ്പും തന്നെയാണ് സിനിമയുടെ മൊത്തം ആകർഷണങ്ങളിൽ മുമ്പിൽ. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തീയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ തീയേറ്ററുകളിലാദ്യം എത്തിയ ചിത്രങ്ങളിലൊന്നു കൂടിയാണ് അണ്ണാത്തേ. കബാലി, കാല, യന്തിരൻ 2.0, പേട്ട, ദർബാർ എന്നീ സിനിമകൾക്ക് ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണ് അണ്ണാത്തേ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ വെച്ചായിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിങ് പ്രധാനമായും നടന്നത്. കൊവിഡ് ഭീതിയ്ക്കിടെ നടന്ന ഷൂട്ടിങ്ങിൽ രജനികാന്തിന് വലിയ സുരക്ഷയൊരുക്കിയിരുന്നതൊക്കെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. തല അജിത്തിനെ നായകനാക്കി വേതാളം, വിവേകം, വിശ്വാസം എന്നീ സിനിമകൾ തുടർച്ചയായി ഒരുക്കിയ സംവിധായകനാണ് സിരുത്തെ ശിവ. 




  ശിവയുടെ ആദ്യ രജിനി ചിത്രമാണിത്. തൻ്റെ രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചതിന് ശേഷം തിയറ്ററിൽ എത്തുന്ന രജനീകാന്ത് ചിത്രമെന്ന പ്രത്യേകതയും അണ്ണാത്തേയ്ക്കുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ പറയുന്നത്. വെട്രി പളനിസ്വാമിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡി. ഇമ്മൻ ആണ്. വിവേക ആണ് ഗാനരചന. അണ്ണാത്തേയിൽ രജിനികാന്തിന് വേണ്ടി അവസാനമായി എസ്.പി. ബാലസുബ്രഹ്മണ്യം ആലപിച്ച ഗാനം നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അണ്ണാത്തേ അണ്ണാത്തേ എന്ന് തുടങ്ങുന്ന ഡപ്പാം കൂത്ത് ഗാനമായിരുന്നു എസ്.പി.ബി ആലപിച്ചിരുന്നത്.

Find out more: