
തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരിൽ തമിഴ്‌നാട്ടിലെ നാമക്കലിൽ ക്ഷേത്രം നിർമിക്കുന്നു.
പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാർ സമുദായത്തിൽപ്പെട്ടവരാണ് ഇതിനുപിന്നിൽ. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തങ്ങൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ നിയമനത്തിലും മൂന്നുശതമാനം പ്രത്യേക സംവരണം നൽകിയതിനുള്ള ആദരസൂചകമായാണ് ഇത്തരം ഒരു തീരുമാനം. മുപ്പതുലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ക്ഷേത്രത്തിനുള്ള ഭൂമിപൂജ ഞായറാഴ്ച നാമക്കൽ കുച്ചിക്കാട് ഗ്രാമത്തിൽ നടത്തി.
ഡി.എം.കെ. വനിതാവിഭാഗത്തിനൊപ്പം ചേർന്നാണ് അരുന്ധതിയാർ വിഭാഗക്കാർ ക്ഷേത്രം നിർമിക്കുന്നത്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ. സർക്കാർ 2009-ലാണ് അരുന്ധതിയാർ വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനായിരുന്നു കരുണാനിധിയുടെ മരണം.