കോവിഡിന്റെ പരീക്ഷണ വാക്‌സിൻ കേരളത്തിലെത്തുന്നു.    ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാക്സിൻ നിർമാതാവിൻ്റെ അപേക്ഷയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം വഴിയെത്തിയ അപേക്ഷ സ്വീകരിച്ചതായും സംസ്ഥാനത്ത് വാക്സിൻ പരീക്ഷണം നടത്താൻ അനുമതി നൽകിയതായും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ ഖോബ്രഗഡേ വ്യക്തമാക്കി.ഐസിഎംആറിൻ്റെ സഹകരണത്തോടെയാണ് ഈ വാക്സിൻ വികസിപ്പിച്ചിട്ടുള്ളത്. "സംസ്ഥാനത്ത് വാക്സിൻ പരീക്ഷണം നടത്താനായി ഭാരത് ബയോടെക് ഞങ്ങളെ സമീപിച്ചു. ഞങ്ങൾ അനുമതി നൽകിയിട്ടുണ്ട്. " രാജൻ ഖോബ്രഗഡേ വ്യക്തമാക്കി. ശാസ്ത്രീയ പരീക്ഷണങ്ങളുടെ ഭാഗമാകണമെന്ന നിലപാട് സംസ്ഥാന സർക്കാരിനുള്ളതെന്നും ഈ സാഹചര്യത്തിലാണ് വാക്സിൻ വികസിപ്പിക്കുന്ന കമ്പനികൾ വാക്സിൻ പരീക്ഷണത്തിനായി സമീപിച്ചതെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.



 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ എന്ന പരീക്ഷണ വാക്സിൻ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക് ആണ് സംസ്ഥാനത്ത് കൊവിഡ് വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണവുമായി എത്തുന്നത്."അവർക്ക് പരീക്ഷണം നടത്താൻ ആളുകളെയാണ് വേണ്ടത്. രോഗം ബാധിക്കാത്തവരെയും കൊവിഡ് ബാധിച്ചവരെയും വേണം. അവരുടെ രീതി അനുസരിച്ച് അവർ നിർദേശങ്ങൾ നൽകുകയും നമ്മൾ അതിനനുസരിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് അവർ പരീക്ഷണങ്ങൾ നടത്തുന്നത്. അതുകൊണ്ട് ഒന്നും പേടിക്കാനില്ല. അതുകൊണ്ടാണ് അപേക്ഷയ്ക്ക് ഞങ്ങൾ ഉടൻ മറുപടി കൊടുത്തത്." അദ്ദേഹം പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് വാക്സിൻ പരീക്ഷണം നടത്തുന്നുണ്ടോ എന്ന കാര്യം കമ്പനി ഇതുവരെ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


   
സംസ്ഥാനത്ത് വാക്സിൻ പരീക്ഷണം നടത്തണോ എന്ന് തീരുമാനിക്കേണ്ടത് കമ്പനികളാണെന്നും അതുകൊണ്ടാണ് അവർ അനുമതി തേടിയതെന്നും അദ്ദേഹം വ്യക്തമാക്കി. "അവർക്ക് പരീക്ഷണം നടത്താൻ ആളുകളെയാണ് വേണ്ടത്. ഐസിഎംആറിൻ്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെയാണ് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് വാക്സിൻ വികസിപ്പിക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലെ പരീക്ഷണത്തിൻ്റെ ഫലം വിലയിരുത്തിയ ശേഷമാണ് വിദഗ്ധ സമിതി അനുമതി നൽകിയതെന്നാണ് ലൈവ് മിൻ്റ് റിപ്പോർട്ട്.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് 19 വാക്സിനായ കൊവാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ചൊവ്വാഴ്ച ഡിജിസിഐ അനുമതി നൽകിയിരുന്നു.


ബന്ധപ്പെട്ട ഹെൽപ് ലൈൻ നമ്പറുകളിലോ വെബ്സൈറ്റിലോ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്നവരെയാണ് പരീക്ഷണത്തിനായി പരിഗണിക്കുക. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവരെ മാത്രമാണ് വോളണ്ടിയർമാരായി തെരഞ്ഞെടുക്കുക. ഇവർക്ക് സൗജന്യമായി വാക്സിൻ കുത്തിവെക്കും. തുടർന്ന് ആഴ്ചകളോളം വോളണ്ടിയർമാരുടെ ആരോഗ്യം നിരീക്ഷിക്കുകയും ചെയ്യും. എന്നാൽ വാക്സിൻ പരീക്ഷണകേന്ദ്രങ്ങൾ നിശ്ചയിക്കാത്ത കാര്യത്തിൽ കേരളത്തിലെ മരുന്നു പരീക്ഷണത്തിനായി രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.നേരത്തെ രാജ്യത്തെ 12 നഗരങ്ങളിൽ കൊവാക്സിൻ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചപ്പോൾ ഇതു സംബന്ധിച്ച നിർദേശങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

మరింత సమాచారం తెలుసుకోండి: