നദികളിൽ മൃതദേഹങ്ങൾ ഒഴുകുന്നു; പ്രധാനമന്ത്രി ഇതൊന്നും കാണുന്നില്ല എന്ന് രാഹുൽ ഗാന്ധി! നദികളിൽ മൃതദേഹം കുന്നുകൂടുമ്പോഴും സർക്കാർ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന് രാഹുൽ പറഞ്ഞു. രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഗംഗയിൽ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുകി നടക്കുന്നുവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. "ആശുപത്രിയിൽ ക്യൂ നീണ്ടുപോകുകയാണ്, നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു. സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തെ കാർന്നെടുക്കുകയാണ്. പ്രധാനമന്ത്രീ, സെൻട്രൽ വിസ്ത ഒഴികെയുള്ളതൊന്നും കാണാൻ സാധിക്കാത്ത നിങ്ങളുടെ പിങ്ക് കണ്ണട എടുത്തുമാറ്റൂ." എന്നാണ് രാഹുലിന്റെ പ്രതികരണം. കൂടാതെ രാജ്യത്തിനു വേണ്ടത് ഓക്സിജനാണെന്നും പ്രധാനമന്ത്രിക്ക് താമസിക്കാനുള്ള വസതിയല്ലെന്നും രാഹുൽ വിമർശനം ഉന്നയിച്ചിരുന്നു.


സെൻട്രൽ വിസ്ത പദ്ധതി പാഴ്ചെലവാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ ബക്സറിൽ പാതി കരിഞ്ഞ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയിരുന്നു. ഉത്തർപ്രദേശിൽ നിന്നും ഒഴുകിയെത്തിയ മൃതദേഹങ്ങളാണ് ഇവയെന്നാണ് സംശയിക്കുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിന് ക്ഷാമം നേരിടുന്നുണ്ടെങ്കിൽ വാക്‌സിൻ ഫോർമുല സ്വകാര്യ കമ്പനികളുമായി പങ്കുവെയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമാണ് നിലവിൽ കൊവിഡ് വാക്സിൻ നിർമ്മിക്കുന്നത്. രാജ്യത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമാണ് നിലവിൽ കൊവിഡ് വാക്സിൻ നിർമ്മിക്കുന്നത്. എന്നാൽ ആവശ്യത്തിന് വാക്സിൻ ലഭിക്കാത്ത പ്രശ്നം ഉണ്ടെങ്കിൽ കേന്ദ്രസർക്കാർ വാക്സിൻ ഫോർമുല പങ്കുവെയ്ക്കുകയും കൂടുതൽ കമ്പനികളെ മരുന്ന് നിർമ്മിക്കാൻ അനുവദിക്കുകയും വേണമെന്നാണ് കെജ്‌രിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്.



കൂടുതൽ കമ്പനികൾ വാക്‌സിൻ നിർമാണ രംഗത്തേക്ക് കടന്നുവരുന്നതോടെ നിലവിലെ പ്രതിസന്ധി നേരിടാനാവുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ കൊവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിൻറെ കൊവാക്സിനുമാണ് രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്നത്. എന്നാൽ രണ്ട് കമ്പനികൾക്കും സംസ്ഥാനങ്ങളുടെ ആവശ്യത്തിനനുസരിച്ച് മരുന്ന് വിതരണം ചെയ്യാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. "രണ്ട് കമ്പനികൾ മാത്രമാണ് നിലവിൽ വാക്‌സിൻ ഉൽപ്പാദിപ്പിക്കുന്നത്. പ്രതിമാസം ആറ് മുതൽ ഏഴ് കോടതി ഡോസ് വരെയാണ് ഇവർക്ക് ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നത്. ഈ കണക്ക് പ്രകാരം മുഴുവൻ പേർക്കും വാക്‌സിൻ നൽകാൻ രണ്ട് വർഷത്തിലധികം വേണ്ടി വരും. 



അപ്പോഴേക്കും കൊവിഡിൻറെ നിരവധി തരംഗങ്ങളെ നേരിടേണ്ടി വന്നേക്കാം. വാക്‌സിൻ ഉൽപ്പാദനം വർധിപ്പിക്കുകയാണ് ഇത് നേരിടാനുള്ള മാർഗമെന്നും ഇിനായി ഒരു ദേശീയ നയം രൂപീകരിക്കണം" കെജ്‌രിവാൾ ആവശ്യപ്പെട്ടതായി ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി റിപ്പോർട്ട് ചെയ്തു. റഷ്യ വികസിപ്പിച്ച സ്പുട്നിക്- അഞ്ച് വാക്സിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും രാജ്യത്ത് ഇത് ഇതുവരെയും വിതരണം ചെയ്യാൻ ആരംഭിച്ചിട്ടില്ല. വാക്സിൻ നിർമ്മാണ ഫോർമുല മറ്റ് കമ്പനികളുമായി പങ്ക് വെക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. നിർമാണത്തിന് കമ്പനികൾക്ക് അനുമതി നൽകുകയും വാക്‌സിൻ ഫോർമുല പങ്കുവെയ്ക്കുകയും ചെയ്താൽ ഉൽപ്പാദനം വർധിപ്പിക്കാനും വിതരണം കൂട്ടാനും സാധിക്കുമെന്നാണ് കത്തിൽ പറയുന്നത്.

Find out more: