കോട്ടയത്ത് അഞ്ചുപേര്‍ക്കും ഇടുക്കിയില്‍ ആറുപേര്‍ക്കും പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രണ്ടു ജില്ലകളും വീണ്ടും ജാഗ്രതാ പട്ടികയില്‍ ഉൾപ്പെട്ടു. 

 

കോട്ടയത്ത് ലോക്ക്ഡൗണ്‍ ഇളവുകളെല്ലാം പിന്‍വലിച്ചു. ഇന്ന് ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണ, വിതരണ, വില്‍പ്പന കേന്ദ്രങ്ങളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മാത്രമേ തുറക്കൂ.

 

സര്‍ക്കാര്‍ ഓഫീസുകള്‍ 33 ശതമാനം ഹാജര്‍ നിലനിര്‍ത്തി പ്രവര്‍ത്തിക്കും.

നേരത്തേ ഗ്രീന്‍ സോണായി പ്രഖ്യാപിച്ച കോട്ടയത്തും ഇടുക്കിയിലും കൂടുതലാളുകളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇനിയും കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതു സാമൂഹിക വ്യാപനത്തിനു കാരണമാകുമെന്ന് ആശങ്കയുണ്ട്.

കൂടാതെ അയൽ  സ്ഥാനങ്ങളില്‍നിന്നു വന്ന കൂടുതലാളുകളില്‍ രോഗബാധ കണ്ടെത്തിയതോടെ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കാന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിര്‍ദേശം നല്‍കി.

ഹോട്ട് സ്‌പോട്ടുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുതെന്നു നിര്‍ദേശമുണ്ട്.

പോലീസ് പരിശോധന കര്‍ശനമാക്കി. മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തര അവലോകന യോഗം ചേരും. മണര്‍കാട്, വെള്ളൂര്‍,    തലയോലപ്പറമ്പ്, അയ്മനം, അയര്‍ക്കുന്നം പഞ്ചായത്തുകളും കോട്ടയം നഗരസഭയുടെ രണ്ടാം വാര്‍ഡും ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകള്‍ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി.

 

 

ജില്ലയില്‍ സ്ഥിതി ആശങ്കാജനകമാണെന്നു കലക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു.വിദേശത്തുനിന്നുമെത്തിയ ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയ വടയാര്‍ സ്വദേശി (55), ഒളശ സ്വദേശിയായ കോട്ടയം ജനറല്‍ ആശുപത്രിയിലെ ആരോഗപ്രവര്‍ത്തകന്‍ (32), ചാന്നാനിക്കാട് സ്വദേശിയായ ബിരുദ വിദ്യാര്‍ഥി (33), തിരുവനന്തപുരം ആര്‍.സി.സിയില്‍ നഴ്‌സായ കിടങ്ങൂര്‍ പുന്നത്തുറ സ്വദേശിനി (33), വൈക്കം വെള്ളൂരില്‍ താമസിക്കുന്ന റെയില്‍വേ ജീവനക്കാരനായ തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി (56) എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം പകര്‍ന്നത്. എന്നാല്‍, മറ്റു രണ്ടു പേരുടെയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയുടെയും പുരുഷ നഴ്‌സിന്റെയും രോഗ ഉറവിടം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്.

 

 

11 പേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

మరింత సమాచారం తెలుసుకోండి: