സംസ്ഥാനത്ത് 13 ആശുപത്രികൾക്കു കൂടി എൻക്യൂഎഎസ് ബഹുമതി ലഭിച്ചു!  13 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് അറിയിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ആശുപത്രികൾക്ക് ഗുണനിലവാര അംഗീകാരം ലഭിച്ചത് ആരോഗ്യ രംഗത്തിന് നേട്ടമാവുകയാണ്. തൃശൂർ വേലൂർ കുടുംബാരോഗ്യ കേന്ദ്രം (95), കണ്ണൂർ ചെറുകുന്നുത്തറ (88), കണ്ണൂർ ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം (84), കണ്ണൂർ ഉദയഗിരി പ്രാഥമികാരോഗ്യ കേന്ദ്രം (94), പത്തനംതിട്ട ചെന്നീർകര കുടുംബാരോഗ്യ കേന്ദ്രം (87.5), തിരുവനന്തപുരം കരകുളം കുടുംബാരോഗ്യ കേന്ദ്രം (90), കണ്ണൂർ പുളിങ്ങോം പ്രാഥമികാരോഗ്യ കേന്ദ്രം (90), എറണാകുളം മനീട് പ്രാഥമികാരോഗ്യ കേന്ദ്രം (95) എന്നീ കേന്ദ്രങ്ങൾക്കും അടുത്തിടെ എൻക്യുഎഎസ് ബഹുമതി ലഭിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.



കോട്ടയം പെരുന്ന അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 94.34), മലപ്പുറം മൊറയൂർ കുടുംബാരോഗ്യ കേന്ദ്രം (92.73), കോഴിക്കോട് മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം (92.16), കണ്ണൂർ എരമം കുറ്റൂർ കുടുംബാരോഗ്യ കേന്ദ്രം (92.6), കണ്ണൂർ കല്ല്യാശേരി കുടുംബാരോഗ്യ കേന്ദ്രം (91.8) എന്നീ കേന്ദ്രങ്ങൾക്കാണ് ഇപ്പോൾ ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യൂഎഎസ് ബഹുമതി ലഭിച്ചത്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിർത്തുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ആകെയുള്ള 5190 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളുള്ളതിൽ 36 എണ്ണത്തിന് മാത്രമാണ് എൻക്യുഎഎസ്. അഗീകാരം ലഭിച്ചിട്ടുള്ളത്. അതിൽ 7 എണ്ണം കേരളത്തിലാണ്. 21 അർബൻ പ്രൈമറി സെന്ററുകൾക്ക് നോമിനേഷൻ ലഭിച്ചിരുന്നു. അതിൽ വിലയിരുത്തലുകൾ പൂർത്തിയായ 7 സ്ഥാപനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. 


പരിശോധനകളിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് സർക്കാർ എൻക്യുഎഎസ് അംഗീകാരം നൽകുന്നത്. എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്സികൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസറ്റീവ്‌സ് ലഭിക്കും. സർവീസ് പ്രൊവിഷൻ, പേഷ്യൻറ് റൈറ്റ്, ഇൻപുട്‌സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്‌മെൻറ്, ഔട്ട് കം, എന്നീ 8 വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിൻറുകൾ വിലയിരുത്തിയാണ് എൻക്യുഎഎസ് അംഗീകാരം നൽകുന്നത്. ജില്ലാതല പരിശോധന, സംസ്ഥാനതല പരിശോധന എന്നിവയ കഴിഞ്ഞ് എൻഎച്ച്എസ്ആർസി നിയമിക്കുന്ന ദേശീയതല പരിശോധകർ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്.  

Find out more: